Published: September 01, 2026 07:56 AM IST Updated: September 01, 2026 08:01 AM IST
1 minute Read
അനിവാര്യമായ കഥാന്ത്യത്തിൽ ആ കാലുകൾ തിരിച്ചുനടക്കാൻ തീരുമാനിച്ചിരിക്കുന്നു. കാലചക്രത്തെ ഒരു കാൽപന്തുപോലെ വരുതിയിലാക്കിയ ലയണൽ മെസ്സി ഇതാ ബൂട്ടഴിക്കുന്നു. ഇനിയുമീ കാൽപന്തിൽ വായുനിറയും, ഇനിയുമെത്രയോ ലോകകപ്പുകൾ ഉയരും, ഇനിയുമിനിയും ലോകഫുട്ബോളിൽ രാജകുമാരൻമാർ പിറവിയെടുക്കും. എന്നാൽ, ഉന്മാദമൂറുന്ന ഡ്രിബ്ലിങ്ങുകളും ഉയിർതൊടുന്ന ഇടംകാൽ ഗോളുകളും ആകാശത്തേക്കുയരുന്ന ആനന്ദക്കൈകളുമായി മറ്റൊരു ലയണൽ മെസ്സി പിറവികൊള്ളില്ല. മെസ്സി, നിങ്ങൾ അർജന്റീന ജഴ്സി അഴിക്കുമ്പോൾ ലോകമിതാ കാറ്റുപോയ പന്തുപോലെ ചുരുങ്ങുന്നു...
‘‘വേദനാജനകമായ ഒരു തീരുമാനമാണിത്; ഇപ്പോഴും ആ വേദന എന്നെ വേട്ടയാടുന്നു. എങ്കിലും സമയമായെന്നു ഞാൻ തിരിച്ചറിയുന്നു’’– മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘‘എല്ലാം നേടിയ അവസാനത്തെ ഈ കുറച്ചു വർഷങ്ങളിൽ മാത്രമല്ല, അതിനു മുൻപും ഞാൻ എന്റെ സർവസ്വവും നൽകിയിട്ടുണ്ടെന്ന് ഉറപ്പു നൽ കുന്നു’’.
രണ്ടു പതിറ്റാണ്ടോളം ദേശീയ ജഴ്സിയിൽ തിളങ്ങിയ മുപ്പത്തൊമ്പതുകാരൻ 6 ലോകകപ്പുകളിൽ കളിച്ചു. 2022ൽ ഖത്തറിൽ അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ചു. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ ഫൈനലിൽ എത്തിച്ചെങ്കിലും സ്‌പെയിനിനോടു തോൽവി വഴങ്ങി.
നിങ്ങളിൽ ഒരാൾ
‘‘20 വർഷമായി നിങ്ങൾ നൽകിയ സ്നേഹത്തിനു നന്ദി. ഗ്രൗണ്ടിൽനിന്നു നിങ്ങളുടെ ശബ്ദം കേൾക്കുന്നത് ഞാൻ ഒരുപാട് മിസ് ചെയ്യും. ഇനി മുതൽ ഞാൻ നിങ്ങളിൽ ഒരാളാണ്; പുറത്തുനിന്നു ടീമിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഒരുകാലത്തു നമ്മൾ സ്വപ്നം മാത്രം കണ്ടിരുന്ന നിമിഷങ്ങൾ എന്റെ ടീമംഗങ്ങൾക്കൊപ്പം നിങ്ങൾക്കു സമ്മാനിക്കാൻ കഴിഞ്ഞു. അതിൽ അഭിമാനത്തോടും മനസ്സമാധാനത്തോടും കൂടിയാണ് ഞാൻ അവസാനിപ്പിക്കുന്നത്. നിങ്ങളോടൊപ്പമുള്ള ഈ അനുഭവം അവിശ്വസനീയമായിരുന്നു. എല്ലാവരെയും സ്നേഹിക്കുന്നു’’
ലയണൽ മെസ്സി (വിരമിക്കൽ കുറിപ്പിൽനിന്ന്)
താരകമേ വിട!! കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടു തോറ്റു വിഷണ്ണനായ മെസ്സിയെ അല്ല ലോകം ഓർക്കേണ്ടത് എന്ന് അദ്ദേഹം കരുതിയിരിക്കാം.കഴിഞ്ഞ ദിവസം ഇന്റർ മയാമിക്കുവേണ്ടി ഒന്നിനു പുറകെ ഒന്നായി 4 ഗോളുകൾ തൊടുത്തുവിട്ടുകൊണ്ടു തന്റെ പഴയ മാജിക് പുറത്തെടുത്ത മെസ്സിയെ അവശേഷിപ്പിച്ചുകൊണ്ടാണു രാജ്യാന്തര ഫുട്ബോളിൽനിന്ന് അദ്ദേഹം പിൻവാങ്ങുന്നത്. മെസ്സി ഇനിയും ഇന്റർ മയാമിയിലും ക്ലബ് ഫുട്ബോളിലും തുടരുമെന്നതാണു ഫുട്ബോൾ ആസ്വാദകർക്കുള്ള ആശ്വാസം. വരുംതലമുറകൾക്കു വഴിത്താരകയായി ഫുട്ബോളിന്റെ നഭസ്സിൽ മെസ്സി എന്നും ജ്വലിക്കും.
English Summary:






English (US) ·