മാരുതി കാറിൽ ജീവിച്ച ഇന്ത്യയുടെ ആദ്യത്തെ റാപ്പർ, പഞ്ചനക്ഷത്ര ഹോട്ടലിൽ പോയി പച്ചവെള്ളം ചോദിച്ച കഥ

7 months ago 9
സെ

ന്റോർ ഹോട്ടൽ ഇന്നില്ല. പകരം ടൂലിപ് സ്റ്റാർ എന്ന പഞ്ചനക്ഷത്ര ഹോട്ടൽ തലയുയർത്തി നിൽക്കുന്നു അവിടെ. വല്ലപ്പോഴുമൊക്കെ മുംബൈയിലെ ജുഹു ബീച്ചിലൂടെ കടന്നുപോകുമ്പോൾ ആ നെടുനീളൻ കെട്ടിടത്തിനു മുന്നിൽ വെറുതെ ചെന്നു നിൽക്കും ഹർജീത് സിംഗ് സെയ്‌ഗൾ. മനസ്സുകൊണ്ട് പ്രണമിക്കും. ആരോരുമല്ലാതിരുന്ന കാലത്ത് തണലേകിയ മഹാവൃക്ഷമല്ലേ. എങ്ങനെ നമിക്കാതിരിക്കും?

1990 കളുടെ തുടക്കത്തിലെ കഥ. കയ്യിൽ നയാപൈസയില്ല അന്ന്. താമസിക്കാൻ ഒരിടവും. പട്ടിണിയകറ്റാൻ ആശ്രയം പച്ചവെള്ളം മാത്രമെങ്കിലും വിരോധാഭാസമെന്നോണം ഒരു പുതുപുത്തൻ മാരുതി 800 കാറുണ്ട് കൈവശം. നാട്ടിൽ നിന്ന് സിനിമയിൽ പാടാൻ അവസരം തേടി മുംബൈയിലേക്ക് പുറപ്പെടുമ്പോൾ പിതാവ് വാങ്ങിത്തന്നത്. പക്ഷേ, പെട്രോളടിക്കാൻ കാശില്ലാത്തതിനാൽ കാറിന്റെ കിടപ്പ് സദാസമയവും പെരുവഴിയിൽ തന്നെ. ഉറക്കവും വായനയും പാട്ട് കേൾക്കലും ഒക്കെ അതിനകത്താണ്.

അതിരാവിലെ എഴുന്നേറ്റാൽ, ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി നേരെ തൊട്ടടുത്ത സെന്റോർ ഹോട്ടലിലേക്ക് വെച്ചുപിടിക്കും. അവിടെ പൊതു ശുചിമുറി നിൽക്കുന്ന സ്ഥലം കൃത്യമായി അറിയാം സെയ്‌ഗളിന്. ഹോട്ടലിലെ ദ്വാരപാലകന്മാരുടെ സൗമനസ്യത്തിൽ കോമണ്‍ ബാത്ത്റൂമിൽ ചെന്ന് പല്ലുതേച്ചു കുളിച്ചു കുട്ടപ്പനായി പുറത്തുവന്ന് തിരികെ വീണ്ടും കാറിലേക്ക്. ഹർജീത് സിംഗ് സെയ്‌ഗൾ എന്ന ഗായക പ്രതിഭയുടെ മറ്റൊരു ദിവസം കൂടി ആരംഭിക്കുകയായി. 'അന്ന് ഇന്ത്യയിലെങ്ങും അന്തസ്സിന്റെ ചിഹ്നമാണ് മാരുതി 800. സ്വന്തമായി ഒരു എസി കാറുണ്ടായിട്ടും പൊരിവെയിലത്ത് തേഞ്ഞ ചെരുപ്പുമിട്ട്‌ നടന്ന് അവസരം തേടുന്ന എന്നെ കണ്ട് മുഴുവട്ടാണെന്ന് കരുതിയിട്ടുണ്ടാകും ആളുകൾ. പക്ഷേ എന്റെ ഗതികേട് എനിക്കല്ലേ അറിയൂ?' ഹർജീതിന്റെ ചോദ്യം.

ഹർജീത് സിംഗ് സെയ്ഗൾ കാലാന്തരത്തിൽ ബാബാ സെയ്‌ഗൾ ആയി. റാപ്പ് സംഗീതത്തിന്റെ ആദ്യത്തെ ഇന്ത്യൻ രാജകുമാരനായി. എംടിവി ഏഷ്യ സംപ്രേക്ഷണം ചെയ്ത ആദ്യത്തെ സൂപ്പർ ഹിറ്റ്‌ ഇന്ത്യൻ റാപ്പ് മ്യൂസിക് വീഡിയോയിലെ മാന്ത്രിക സാന്നിധ്യമായി. സിനിമാപ്പാട്ടുകാരനായി; തിരക്കേറിയ സ്റ്റേജ് പെർഫോമറായി. തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന വില്ലൻ നടനായി. പക്ഷേ പിന്നിട്ട വഴികൾ മറന്നില്ല അദ്ദേഹം. 'ഭാവിയെ കുറിച്ച് ആശങ്കകൾ മാത്രമുണ്ടായിരുന്ന ആ നാളുകളിൽ ദൈവദൂതരെ പോലെ കടന്നുവന്ന ചിലരുണ്ട് - മാഗ്നസൗണ്ടിന്റെ ഉയർന്ന എക്സിക്യൂട്ടീവുകളായ ശശിഗോപാൽ, അതുൽ ചുരാമണി, പിന്നെ മാധവദാസ്...ആരെയും മറക്കാനാവില്ല. നിങ്ങളറിയുന്ന ബാബാ സെയ്‌ഗൾ എന്ന റാപ്പ് ഗായകനെ സൃഷ്ടിച്ചത് അവരെല്ലാം ചേർന്നാണ്..'

baba sehgal

ബാബ സെയ​ഗൾ. Photo Courtesy: instagram

മാധേട്ടൻ എന്ന് ഞങ്ങൾ അനന്തരവന്മാർ വിളിക്കുന്ന മാധവദാസിൽ നിന്നാണ് ബാബാ സെയ്‌ഗൾ എന്ന പഞ്ചാബി ഗായകനെ കുറിച്ച് ആദ്യം കേട്ടതെന്നോർക്കുന്നു- 1990 കളുടെ തുടക്കത്തിൽ ഒരു ഓണക്കാലത്ത്. അമ്മമ്മയുടെ ഇളയ സഹോദരന്റെ മൂത്ത മകനാണ് പൊന്നാനിക്കാരൻ മാധവദാസ്‌. കപ്പലിലെ കപ്പിത്താന്റെ ജോലിയുമായി കടലായ കടലെല്ലാം താണ്ടിയ ശേഷം മനം മടുത്ത് മാധേട്ടൻ സംഗീത വ്യവസായത്തിന്റെ ഭാഗമായി തീർന്നിട്ട്‌ അധിക കാലമായിരുന്നില്ല. അടുത്ത ബന്ധുവായ ശശിഗോപാൽ മാഗ്നസൗണ്ട് ഇന്ത്യ ഓഡിയോ കമ്പനി തുടങ്ങിയപ്പോൾ ദാസിനേയും ഡയറക്ടറായി ഒപ്പം കൂട്ടുകയായിരുന്നു. എടരിക്കോട്ടെ തറവാട്ടു വീടിന്റെ ചാണകം മെഴുകിയ പടിപ്പുരയിൽ ഇരുന്ന് മുന്നിലെ വരണ്ടുകിടക്കുന്ന പാടശേഖരത്തിൽ വാശിയോടെ പന്തുതട്ടുന്ന കുട്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതിനിടെ മാധേട്ടൻ പറഞ്ഞു: 'ഞങ്ങൾ ഒരു റാപ്പ് സിംഗറെ പരിചയപ്പെടുത്താൻ പോകുകയാണ്. ഞെട്ടാൻ തയ്യാറായിക്കോ. നിന്റെ യേശുദാസിന്റെയും കിഷോർ കുമാറിന്റെയും പാട്ട് പോലെയൊന്നുമല്ല. ഇത്. ഇന്റർനാഷണൽ സംഭവമാണ്. ആൽബം ക്ലിക്ക് ചെയ്‌താൽ പിന്നെ അയാളെ പിടിച്ചാൽ കിട്ടില്ല.' നിമിഷനേരത്തെ മൗനത്തിനു ശേഷം മാധേട്ടന്റെ ആത്മഗതം: 'പക്ഷേ, ക്ലിക്ക് ചെയ്യണം. ചെയ്തേ പറ്റൂ.'

ബാബാ സെയ്‌ഗളിനെ കണ്ടെത്തിയ കഥയും രസകരമായി വിവരിച്ചുതന്നു അന്ന് മാധേട്ടൻ. 'ഒരു ദിവസം കാലത്ത് എന്റെ ഓഫീസ് മുറിയുടെ വാതിൽക്കൽ വന്നു നിന്ന് ഒരു വിദ്വാൻ പിച്ചും പേയും പറയുന്നു. ചടുലവേഗത്തിലാണ് സംസാരം. ഒരക്ഷരം പിടികിട്ടിയില്ല എനിക്ക്. നന്നായി പാടുമെന്നാണ് അവകാശവാദമെങ്കിലും പാടാനുള്ള ഭാവമില്ല. പറച്ചിലാണ് മുഖ്യം. എങ്കിലും, പാട്ടുകാരനായി പേരെടുക്കുക എന്ന ഒടുങ്ങാത്ത മോഹവുമായി ദിനംപ്രതിയെന്നോണം നാട്ടിന്റെ മുക്കിലും മൂലയിലും നിന്ന് മുംബൈയിൽ വന്നിറങ്ങുന്ന കാക്കത്തൊള്ളായിരം ഗാനമോഹികളിൽ നിന്ന് ഈ മനുഷ്യനെ വേറിട്ടു നിർത്തുന്ന എന്തോ ഒരു ഘടകം ഉണ്ടെന്നു തോന്നി എനിക്ക്. കുറച്ചു നേരം ശ്രദ്ധിച്ചു കേട്ടപ്പോൾ അയാളുടെ വർത്തമാനത്തിന് പോലും ഒരു രസികൻ താളമുള്ള പോലെ. പാട്ടും സംസാരവും ഏതോ ബിന്ദുവിൽ മനോഹരമായി സമ്മേളിക്കുന്നു. കൊള്ളാമല്ലോ എന്നു തോന്നി അപ്പോൾ.'

സ്വന്തം കഴിവുകളെ കുറിച്ചും പരിമിതികളെ കുറിച്ചും ഉത്തമ ബോധ്യമുള്ള ഒരു സാഹസികനായ ചെറുപ്പക്കാരനെയാണ് അന്ന് ഹർജീത് സിംഗ് സെയ്‌ഗളിൽ താൻ കണ്ടതെന്ന് മാധവദാസ്‌. അല്ലെങ്കിൽ, ശ്രുതിശുദ്ധമായി പാടുന്നവരുടെ ലോകത്തേക്ക് 'പയ്യാരം പറച്ചിലു'മായി കടന്നുവരാൻ ധൈര്യപ്പെടുമോ അയാൾ? 'ഈ പുതിയ പാട്ടുകാരനെ വെച്ച് ഒരു പരീക്ഷണം നടത്തി നോക്കുന്നതിൽ തെറ്റില്ലെന്ന് തോന്നി എനിക്ക്. റാപ്പോ പോപ്പോ റെഗ്ഗെയോ എന്ത് കുടച്ചക്രമോ ആകട്ടെ. ജനം ഇഷ്ടപ്പെടുക എന്നതാണല്ലോ പ്രധാനം.'ഠണ്ഡാ ഠണ്ഡാ പാനി' പിറവിയെടുക്കുന്നത് അങ്ങനെയാണ്. ഒരു ഇന്ത്യക്കാരന്റെ ആദ്യത്തെ റാപ്പ് സംഗീത ആൽബം.

തികച്ചും യാദൃച്ഛികമായി മാധവദാസിന് മുന്നിൽ എത്തിപ്പെട്ടതാണ് സെയ്‌ഗൾ. ലഖ്നൗവിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവുമായി ദൽഹിയിൽ വന്നിറങ്ങിയ യുവഗായകൻ അവസരങ്ങൾക്കായുള്ള നെട്ടോട്ടത്തിനിടെ ഒരു നാൾ ജവഹർ വറ്റൽ എന്ന സംഗീതസംവിധായകനെ പരിചയപ്പെടുന്നു. ജനപ്രിയ സംഗീത രംഗത്ത് എന്തെങ്കിലുമൊക്കെ പരീക്ഷണങ്ങൾ നടത്തണമെന്ന മോഹവുമായി ഡൽഹിയിൽ ചുറ്റിക്കറങ്ങുകയായിരുന്നു കാശ്മീർക്കാരൻ ജവഹർ വറ്റൽ. (ഇതേ ജവഹർ വറ്റലാണ് പിൽക്കാലത്ത് ബോലോ തരാ രാ എന്ന സൂപ്പർ ഹിറ്റ്‌ ആൽബത്തിലൂടെ ഭാംഗ് ഡാ ഗായകൻ ദലേർ മെഹന്ദിയെ രായ്ക്കുരാമാനം താരമാക്കി മാറ്റിയതും). ജവഹറിന്റെ സഹായത്തോടെ ഒരു ഡെമോ ആൽബം റെക്കോർഡ്‌ ചെയ്യുന്നു സെയ്‌ഗൾ. പോപ്‌ ശൈലിയിലുള്ള പാട്ടുകളാണ് ആൽബത്തിൽ. അതുമായി നേരെ മാഗ്നസൗണ്ടിന്റെ ദൽഹി ഓഫീസിലേക്ക്. ബ്രാഞ്ചിന്റെ ചുമതല വഹിച്ചിരുന്ന അതുൽ ചുരാമണിയെ പരിചയപ്പെടുന്നത് അവിടെ വെച്ചാണ്.

ഇനിയുള്ള കഥ സെയ്‌ഗളിന്റെ വാക്കുകളിൽ: 'അതുലിന് എന്റെ ആൽബത്തിലെ പോപ്‌ ട്രാക്കുകൾ ഇഷ്ടമായി. പുറത്തിറക്കാൻ സഹായിക്കാം എന്നൊരു വാഗ്ദാനവും തന്നു അദ്ദേഹം. ആയിടയ്ക്കൊരിക്കൽ ഞങ്ങൾ രണ്ടു പേരും ചേർന്ന് ഒരു വിരുന്നിനു പോയി. ചെന്നപ്പോൾ ഒരു പെണ്‍കുട്ടി പാടിക്കൊണ്ടിരിക്കുകയാണ് - ഐസ് ഐസ് ബേബി എന്ന ഗാനം. വിശ്രുത അമേരിക്കൻ റാപ്പ് ഗായകൻ വനിലാ ഐസിന്റെ സൃഷ്ടി. എനിക്കൊരു കുസൃതി തോന്നി അപ്പോൾ; ഈ പാട്ടിന് ഒരു ഹിന്ദി പതിപ്പ് ഉണ്ടാക്കിയാലോ? ഇന്ത്യയിൽ റാപ്പ് അത്ര പ്രചാരം നേടിത്തുടങ്ങിയിട്ടില്ലാത്ത കാലമാണ്. അതുലിനും അതൊരു രസമുള്ള ആശയമായി തോന്നി. അന്ന് രാത്രി വീട്ടിൽ ചെന്ന് ഞാൻ എഴുതിയതാണ് ഠണ്ഡാ ഠണ്ഡാ പാനി എന്ന ഗാനം...' ഐസ് ഐസ് ബേബിയുടെ അന്ധമായ അനുകരണമായിരുന്നില്ല അതിന്റെ ആശയം. വനില ഐസിന്റെ വിശ്രുത ഗാനത്തിന് തന്റേതായ ഭാഷ്യം നൽകുകയായിരുന്നു സെയ്‌ഗൾ. തികച്ചും ഭാരതീയമായ ഒരു ഭാഷ്യം.

ബാബാ സെയ്‌ഗളിനെ പരിചയപ്പെട്ടപ്പോൾ ആദ്യം ആരാഞ്ഞത് പഴയ 'ഠണ്ഡാ ഠണ്ഡാ പാനി 'യെ കുറിച്ചാണ്: വെറുതെ പിച്ചും പേയും പറച്ചിൽ അല്ല റാപ്പ് എന്നാണ് കേട്ടിട്ടുള്ളത്. സമകാലികപ്രസക്തിയുള്ള ഒരു ആശയം വേണം അതിന്. ആദ്യത്തെ റാപ്പ് ഗാനത്തിലൂടെ താങ്കൾ പറയാൻ ഉദ്ദേശിച്ച കാര്യം എന്തായിരുന്നു? ഏറെക്കാലമായി കരുതിവെച്ച ചോദ്യം. 'അന്നത്തെ എന്റെ മാനസികാവസ്ഥയായിരുന്നു ആ വരികളിൽ .' - സെയ്‌ഗൾ. 'മുംബൈ പോലൊരു മഹാനഗരത്തിൽ വന്നുപെടുന്ന സാധാരണക്കാരനായ ഒരു ഗ്രാമീണന്റെ സ്ഥിതി സങ്കൽപ്പിച്ചു നോക്കൂ. ആദ്യമായി ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ കയറിച്ചെന്നതാണ് അവൻ. കുറച്ചു വെള്ളം വേണം കുടിക്കാൻ. പക്ഷേ, അവിടെ ആരും വെള്ളം ചോദിച്ചു ചെല്ലാറില്ല. ഒടുവിൽ ക്ഷുഭിതനായി നിങ്ങളുടെ സ്ഥാപനത്തിന്റെ മേധാവി എവിടെ എന്ന് ചോദിക്കുന്നു അവൻ. മേധാവി മുന്നിലെത്തുമ്പോൾ അമ്പരക്കുകയാണ് അവൻ. അത്രയും സുന്ദരിയായ ഒരു സ്ത്രീയെ കണ്ടിട്ടില്ല അതുവരെ.. ആ അന്ധാളിപ്പിൽ പേര് ചോദിക്കാൻ പോലും മറന്ന് അവൻ ഇറങ്ങിപ്പോകുന്നു.' ഒരു സത്യം കൂടി വെളിപ്പെടുത്തി ബാബാ സെയ്‌ഗൾ: 'അതെന്റെ അനുഭവം തന്നെയാണ്. ബാലിശമായി തോന്നാം. പക്ഷേ, അത്തരം അനുഭവങ്ങളിൽ നിന്നേ ഞാൻ പാട്ടുകൾ എഴുതിയിട്ടുള്ളൂ. ആശയ ലാളിത്യമാവണം റാപ്പിന്റെ മുഖമുദ്ര എന്ന് വിശ്വസിക്കുന്നു ഞാൻ.'

ഠണ്ഡാ ഠണ്ഡാ പാനി സൂപ്പർ ഹിറ്റായതോടെ സെയ്ഗളിന്റെ രാശി തെളിഞ്ഞു. റാപ്പ് മ്യൂസിക് എന്താണെന്ന് നാട്ടുകാർക്ക് വിശദീകരിക്കുകയായിരുന്നു അക്കാലത്ത് തന്റെ പ്രധാന ജോലി എന്നോർക്കുന്നു സെയ്‌ഗൾ. റാപ്പിനെ കൂടുതൽ ജനകീയവൽക്കരിക്കാൻ ഒരു മ്യൂസിക് വീഡിയോ അത്യാവശ്യമാണെന്ന് തോന്നിയ ഘട്ടം. സ്വന്തം ആൽബത്തിലെ `ദിൽ ധഡ്‌കേ' എന്ന ഗാനമാണ് ദൃശ്യവത്കരണത്തിനായി സെഹ്ഗൾ തിരഞ്ഞെടുത്തത്. ഇന്നത്തെ പോലെ ചലച്ചിത്രേതര ഗാനങ്ങൾ ചിത്രീകരിക്കുന്ന ഏർപ്പാടില്ല അന്ന്. പണം മുടക്കി ഒരു മ്യൂസിക് വീഡിയോ ചിത്രീകരിച്ചാൽ തന്നെ അത് പ്രദർശിപ്പിക്കാൻ വേദിയുമില്ല. ഈ ശൂന്യതയിലേക്കാണ് 1990 ൽ ജാസ്മിൻ ബറൂച്ച എഴുതി ചിട്ടപ്പെടുത്തി പാടിയ 'എലോണ്‍ നൗ' എന്ന പോപ്‌ ഗാനത്തിന്റെ വീഡിയോയുമായി മാഗ്നസൗണ്ട് കടന്നുവന്നത്. എംടിവി ഏഷ്യയിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഇൻഡി-പോപ്‌ കലാകാരിയായി അതോടെ ജാസ്മിൻ. ജാസ്മിന്റെ പിൻഗാമിയായി ബാബാ സെയ്‌ഗൾ എം ടി വിയിൽ എത്തുന്നത് 1992 ൽ.

baba sehgal

ബാബ സെയ്​ഗൾ. ഫോട്ടോ: രുദ്രമഹാദേവി എന്ന ചിത്രത്തിൽ

ശരിക്കും ഒരു വെല്ലുവിളിയായിരുന്നു ദിൽ ധഡ്‌കേയുടെ ദൃശ്യാവിഷ്കാരം എന്നോർക്കുന്നു ബാബാ സെയ്ഗൾ. 'വീഡിയോയിൽ ഞാൻ മാത്രം ഉണ്ടായിട്ട് കാര്യമില്ല. സുന്ദരിയായ ഒരു മോഡലിന്റെ സാന്നിധ്യം കൂടി വേണം. പക്ഷേ മ്യൂസിക് വീഡിയോയിൽ മുഖം കാണിക്കാൻ മുൻനിര താരങ്ങൾക്കൊന്നും താൽപര്യമില്ല. പലരേയും ചെന്ന് കണ്ടെങ്കിലും ഒടുവിൽ അഭിനയിക്കാൻ സമ്മതിച്ചത് അന്ന് താരതമ്യേന തുടക്കക്കാരിയായ പൂജാ ബേഡി. അമ്പതിനായിരം രൂപയാണ് വീഡിയോ ചിത്രീകരിക്കാൻ ചെലവായത്.' സ്വന്തം രൂപത്തിലും 'സാഹചര്യത്തിനനുസരിച്ച്' ചെറിയ മാറ്റങ്ങൾ വരുത്തി സെയ്‌ഗൾ. മുടി പറ്റെ വെട്ടി. വ്യായാമത്തിലൂടെ ശരീരം കുറച്ചു കൂടി ഫിറ്റ്‌ ആക്കി. ഹർജീത് സിംഗ് എന്ന പേര് റാപ്പ് ആർട്ടിസ്റ്റിന് യോജിച്ചതല്ലെന്ന് ആരോ ചൂണ്ടിക്കാട്ടിയപ്പോൾ വീട്ടിലെ വിളിപ്പേരായ ബുബു ചെറുതായി പരിഷ്കരിച്ച് 'ബാബാ' ആക്കി സെയ്‌ഗൾ. റാപ്പ് മ്യൂസിക്കിൽ പുതിയൊരു സൂപ്പർ താരം ഉദിക്കുകയായിരുന്നു. എം ടി വിയിൽ വന്ന് ആഴ്ചകൾക്കകം തന്നെ ദിൽ ധഡ്‌കേ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയെങ്കിലും ഗായകൻ അതറിഞ്ഞില്ല എന്നതാണ് രസകരം. 'കൂട്ടുകാർ പറഞ്ഞാണ് ഞാൻ അതറിഞ്ഞത്. അന്നെനിക്ക് സ്വന്തമായി ഒരു ടെലിവിഷൻ സെറ്റ് ഉണ്ടായിരുന്നില്ല.'- സെയ്ഗൾ ഓർക്കുന്നു. മാധ്യമങ്ങളിൽ പുതിയ റാപ്പ് സംഗീതജ്ഞനെ കുറിച്ച് ലേഖനങ്ങൾ വന്നുതുടങ്ങി. 'ഒരു ദിവസം രാവിലെ ടൈംസ്‌ ഓഫ് ഇന്ത്യ പത്രം വാങ്ങി വായിച്ചു നോക്കിയപ്പോൾ കണ്ണു തള്ളിപ്പോയി. അതാ കിടക്കുന്നു ഒരു ബഹുകോളം വാർത്ത - സംഗീത ലോകത്ത് തരംഗമാകുന്ന ബാബാ എന്ന തലക്കെട്ടോടെ. വിശ്വസിക്കാനായില്ല എനിക്ക്. ആ ദിവസങ്ങളിൽ ഒന്നിൽ മറ്റൊരു അത്ഭുതം കൂടിയുണ്ടായി. റോഡരികിലെ ഒരു മുറുക്കാൻ കടയുടെ സമീപം സിഗരറ്റ് പുകച്ചുകൊണ്ട് നിൽക്കുമ്പോൾ മുന്നിലൂടെ കടന്നുപോയ കാറിൽ നിന്ന് തല പുറത്തേക്കിട്ട് ഒരു ചെറുപ്പക്കാരൻ എന്നെ ചൂണ്ടി കൂട്ടുകാരോട് പറയുന്നു: 'വോ ദേഖ്...ബാബാ..' എനിക്കും അത്യാവശ്യം സെലബ്രിറ്റി സ്റ്റാറ്റസ്‌ കൈവന്നിരിക്കുന്നു എന്ന കാര്യം അന്നാണ് ആദ്യം അറിഞ്ഞത്. ജനം എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നും...'

ഇന്ത്യൻ സംഗീതലോകത്ത് ബാബാ സെയ്‌ഗളിന്റെ റാപ്പ് വിപ്ലവം തുടങ്ങുന്നത് അതോടെയാണ്. ഠണ്ഡാ ഠണ്ഡാ പാനിക്ക് പിന്നാലെ `മേ ഹൂം മഡോണ, ഡബിൾ ഗഡ്ബഡ് തുടങ്ങിയ ആൽബങ്ങൾ. മേ ഹൂം മഡോണയിൽ പ്രിയഗായിക മഡോണയുടെ രൂപഭാവങ്ങളോടെ കാസറ്റിന്റെ ഇൻലേ കാർഡിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ബാബാ സെയ്‌ഗൾ വാർത്തയിൽ നിറഞ്ഞത്‌. അന്ധമായ അനുകരണത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും ആൽബങ്ങൾ എല്ലാം ചൂടോടെ വിറ്റുപോയി എന്നതാണ് അത്ഭുതം. ലോകം മുഴുവൻ തന്റെ ഹിന്ദി -ഇംഗ്ലീഷ് റാപ്പ് സംഗീതവുമായി ചുറ്റിനടന്ന് പരിപാടികൾ അവതരിപ്പിച്ചു അദ്ദേഹം. റോജയുടെ ഹിന്ദി പതിപ്പിൽ എ ആർ റഹ്മാന്റെ ഈണത്തിൽ രുക്മണി രുക്മണി (ശ്വേത ഷെട്ടിയോടൊപ്പം) എന്ന പാട്ട് പാടി സിനിമയിൽ അരങ്ങേറിയതും ആയിടക്കു തന്നെ. തുടർന്ന് ഹം ഹേ ബേമിസാൽ എന്ന ചിത്രത്തിൽ അനു മല്ലിക്കിനു വേണ്ടി അൽക്കാ യാഗ്നിക്കിന് ഒപ്പം ദമാദം മസ്ത് കലന്ദർ. 1998ൽ പുറത്തുവന്ന മിസ്‌ 420 എന്ന റൊമാന്റിക് ത്രില്ലർ ചിത്രത്തിൽ നായകനായി അഭിനയിക്കുക കൂടി ചെയ്തു സെയ്ഗൾ. മൂന്ന് നാല് ബോളിവുഡ് സിനിമകളിൽ കൂടി പാടിയെങ്കിലും പിന്നണിഗാനരംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകാൻ സെയ്ഗളിന് കഴിഞ്ഞില്ല. 'രണ്ടായിരാമാണ്ടോടെ റാപ്പ് സംഗീതത്തിന്റെ ജനപ്രീതി ഇന്ത്യയിൽ മങ്ങിത്തുടങ്ങിയിരുന്നു. പൊതുവെ ഇൻഡി പോപ്പ് രംഗത്തുണ്ടായ മാന്ദ്യം റാപ്പിനെയും ബാധിക്കുകയായിരുന്നു. ഇനി ഇവിടെ നിന്നിട്ട് സംഗീതത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് തോന്നി. അങ്ങനെയാണ് അമേരിക്കയിൽ ചേക്കേറുന്നത്. അവിടെ സ്ഥിരമായി ഹിപ്പ് ഹോപ്പ് ക്ലബ്ബുകളിൽ പാടി. ബ്രോഡ് വേ മ്യൂസിക്കലുകളിൽ പാടി അഭിനയിച്ചു...'

അഞ്ചു വർഷം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ സെയ്ഗളിനെ കാത്തിരുന്നത് പുതിയൊരു സംഗീതാന്തരീക്ഷമാണ്. 'ടെലിവിഷൻ ശക്തമായ മാധ്യമമായി വളർന്നു കഴിഞ്ഞിരുന്നു. പിന്നീടുള്ള അഞ്ചു വർഷം ഞാൻ ടിവി ഷോകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നിരവധി ജനപ്രിയ സംഗീത പരിപാടികളുടെ ആങ്കർ ആയി. ജുഗ്നി ചലി ജലന്ധർ പോലുള്ള കോമഡി സീരിയലുകളിൽ അഭിനയിച്ചു. ഞാൻ പോലും സങ്കൽപ്പിക്കാത്ത വഴികളിലൂടെ മുന്നേറുകയായിരുന്നു എന്റെ ജീവിതം.' ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ച് തെലുങ്ക്‌ സൂപ്പർ താരം ചിരഞ്ജീവിയുമായുള്ള യാദൃച്ഛികമായ കൂടിക്കാഴ്ച സെയ്ഗളിന്റെ ജീവിതം വീണ്ടും മാറ്റിമറിച്ചു. ഇളയ സഹോദരൻ പവൻ കല്യാണ്‍ നായകനായ ജൽസ എന്ന ചിത്രത്തിൽ പാട്ടുകാരനായി സെയ്ഗളിനെ നിർദേശിച്ചത് ചിരഞ്ജീവിയാണ്. ആ ചിത്രത്തിൽ ദേവിശ്രീ പ്രസാദിന്റെ ഈണത്തിൽ പാടിയ ശീർഷക ഗാനം ഹിറ്റായതോടെ തെലുങ്കിൽ പിന്നണിഗായകനായി തിരക്കേറുന്നു സെയ്ഗളിന്. വില്ല് (2009) എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിൽ പാട്ടുകാരനായി അരങ്ങേറ്റം. തുടർന്ന് സിങ്കം , ഒസ്തി, സഗുനി, അലക്സ് പാണ്ഡ്യൻ, സിങ്കം 2 തുടങ്ങി നിരവധി ചിത്രങ്ങൾ. 'മലയാളത്തിൽ ഇതുവരെ പാടിയിട്ടില്ല. നിങ്ങളുടെ ഭാഷയിലും പാടണം എന്നുണ്ട്. അഭിനയിക്കണം എന്നും. നടക്കുമോ ആവോ.' ജീവിക്കാൻ വേണ്ടി നടന്റെ വേഷം കെട്ടിയാടുമ്പോഴും സ്വന്തം മനസ്സ് സംഗീതത്തിൽ തന്നെ എന്ന് തറപ്പിച്ചു പറയുന്നു സെയ്‌ഗൾ. 'ഇന്നത്തെ തലമുറയ്ക്ക് റാപ്പ് സംഗീതം എന്താണെന്ന് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. പക്ഷെ മുപ്പത് കൊല്ലം മുൻപ് അതായിരുന്നില്ല സ്ഥിതി. ശൂന്യതയിൽ നിന്നാണ് ഞാൻ ഒരു റാപ്പ് സംസ്കാരം വളർത്തിയെടുത്തത്. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷമേ ഉള്ളൂ. എന്റെ രചനകൾക്ക് ആഴം കുറവാണെന്ന് പറയുമായിരിക്കും നിങ്ങൾ. പക്ഷേ അവ ഒരിക്കലും അശ്ലീലവും സ്ത്രീവിരുദ്ധവും ആയിരുന്നില്ല- ഇന്നത്തെ പല റാപ്പ് സൃഷ്ടികളേയും പോലെ.'

പാശ്ചാത്യ സംഗീതം ഇന്ത്യയൊട്ടുക്കും അലയടിക്കുന്നത് കേൾക്കുമ്പോൾ ആഹ്‌ളാദിക്കും ബാബാ സെയ്‌ഗളിന്റെ മനസ്സ്. 'ഇന്നത്തെ കാതടപ്പിക്കുന്ന ശബ്ദഘോഷം കേൾക്കുമ്പോൾ ആദ്യത്തെ റാപ്പ് ആൽബവുമായി ഓഡിയോ കമ്പനികൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞ കാലം ഓർമ്മ വരും. അന്നെന്നെ പരിഹസിച്ചവരുടെ പിൻതലമുറ ഇന്ന് റാപ്പിന്റേയും ആഫ്രിക്കൻ ഹിപ്ഹോപ്പിന്റെയും ബ്ലൂസിന്റെയുമൊക്കെ ആരാധകരായി മാറിയിരിക്കുന്നു. നല്ലത്. ഞാൻ അനുഭവിച്ച മാനസിക പീഡനങ്ങൾക്ക് ഫലമുണ്ടായല്ലോ?' ഒരു കാര്യത്തിൽ മാത്രമേയുള്ളൂ സെയ്ഗളിന് ദുഃഖം- തന്റെ പാട്ടുകൾക്കൊത്ത് ഒരിക്കൽ ചുവടുവെച്ച മഹാനഗരം ഇന്ന് തന്നെ തിരിച്ചറിയുന്നു പോലുമില്ല എന്നതിൽ. മുംബൈയിൽ വന്നിറങ്ങുമ്പോഴെല്ലാം വല്ലാത്തൊരു അപരിചിതത്വം തോന്നും. പിന്നെ സ്വയം സമാധാനിക്കും: ഓരോരുത്തർക്കും ഒരു കാലമുണ്ട്. എനിക്കും ഉണ്ടായിരുന്നു ഒരു കാലം. ആരെങ്കിലുമൊക്കെ ആ പഴയ കാലം ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ടാകും; ഈ മുഖവും. അത് മതി എനിക്ക്.... പ്രിയഗായകനായ കിഷോറിന്റെ ഒരു പഴയ ഗാനം മൂളുന്നു ബാബാ സെയ്ഗൾ: 'അജ് നബീ തും ജാനേ പെഹ്ചാനെ സേ ലഗ്തെ ഹോ.. അജ്ഞാതസുഹൃത്തേ നിന്നെ എങ്ങോ വെച്ച് കണ്ടുമറന്ന പോലെ.. എങ്ങായിരുന്നു അത്?'

Content Highlights: Discover the unthinkable communicative of Baba Sehgal, India`s pioneering rapper, from his humble beginnings

ABOUT THE AUTHOR

ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article