മാലദ്വീപിലെ അവധിയാഘോഷത്തിനു ശേഷവും സൺറൈസേഴ്സിന് രക്ഷയില്ല; ഗുജറാത്തിനോടും തോറ്റു, ഒൻപതാം സ്ഥാനത്തുതന്നെ!

8 months ago 10

അഹമ്മദാബാദ്∙ മാലദ്വീപിലെ അവധിയാഘോഷവും സൺറൈസേഴ്സ് ഹൈദരാബാദിനെ തുണച്ചില്ല. ഐപിഎലിന്റെ ഇടവേളയിൽ മാലദ്വീപിൽ അവധിയാഘോഷിക്കാൻ പോയി തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തോൽവി. റൺമഴകൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 38 റൺസിനാണ് സൺറൈസേഴ്സിന്റെ തോൽവി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 224 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരുവേള വിജയപ്രതീക്ഷ ഉയർത്തിയ സൺറൈസേഴ്സ്, പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാക്കി 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ ഒതുങ്ങുകയായിരുന്നു.

നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് ബോളർമാർ സൺറൈസേഴ്സിനെ 186 റൺസിൽ തളച്ചത്. മുഹമ്മദ് സിറാജ് നാല് ഓവറിൽ 33 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി. ിഷാന്ത് ശർമ, ജെറാൾഡ് കോട്സെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. സീസണിൽ 10 മത്സരങ്ങളിൽനിന്ന് ഏഴാം ജയം കുറിച്ച ഗുജറാത്ത് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. പത്തിൽ ഏഴു കളികളും തോറ്റ സൺറൈസേഴ്സ് ആറു പോയിന്റുമായി ഒൻപതാം സ്ഥാനത്ത് തുടരുന്നു.

അർധസെഞ്ചറി നേടിയ ഓപ്പണർ അഭിഷേക് ശർമയാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ. അഭിഷേക് 41 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 74 റൺസെടുത്ത് പുറത്തായി. ഹെൻറിച് ക്ലാസൻ 18 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 23 റൺസെടുത്തും പുറത്തായി. മൂന്നാം വിക്കറ്റിൽ 33 പന്തിൽ 57 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ക്രീസിൽ നിൽക്കുമ്പോൾ സൺറൈസേഴ്സിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇവർ തുടർച്ചയായ ഓവറുകളിൽ പുറത്തായത് തിരിച്ചടിയായി.

ഓപ്പണർ ട്രാവിസ് ഹെഡ് 16 പന്തിൽ നാലു ഫോറുകളോടെ 20 റൺസെടുത്തു. ഇഷാൻ കിഷൻ 17 പന്തിൽ 13 റൺസെടുത്തും പുറത്തായി. അനികേത് വർമ (ഏഴു പന്തിൽ മൂന്ന്), കാമിന്ദു മെൻഡിസ് (0) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ തകർത്തടിച്ച് പിരിയാത്ത ഏഴാം വിക്കറ്റിൽ 19 പന്തിൽ 41 റൺസ് കൂട്ടിച്ചേർത്ത നിതിഷ് റെഡ്ഡി – പാറ്റ് കമിൻസ് സഖ്യമാണ് സൺറൈസേഴ്സിന്റെ തോൽവിഭാരം കുറിച്ചത്. റെഡ്ഡി 10 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 21 റൺസോടെയും കമിൻസ് 10 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 19 റൺസോടെയും പുറത്താകാതെ നിന്നു. അവസാന ഓവർ ബോൾ ചെയ്ത ഇഷാന്ത് ശർമ പരുക്കേറ്റ് പുറത്തുപോയതിനാൽ സായ് കിഷോറാണ് ഓവർ പൂർത്തിയാക്കിയത്.

∙ ‘റൺമഴ പെയ്യിച്ച്’ ഗുജറാത്ത്

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 224 റൺസെടുത്തത്. ഇതിൽ മൂന്നു വിക്കറ്റുകളും ഗുജറാത്ത് നഷ്ടമാക്കിയത് 20–ാം ഓവറിൽ. തുടർച്ചയായ മൂന്നാം അർധസെഞ്ചറിയും, സീസണിലെ അഞ്ചാം അർധസെഞ്ചറിയും കുറിച്ച ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. ഗിൽ 38 പന്തിൽ 10 ഫോറും രണ്ടു സിക്സും സഹിതം 76 റൺസെടുത്തു. ഒടുവിൽ വിവാദച്ചുവയുള്ള തേഡ് അംപയറിന്റെ റണ്ണൗട്ട് തീരുമാനത്തിലാണ് ഗിൽ പുറത്തായത്. ഇതിനെതിരെ ഗിൽ അംപയറിനോട് പ്രതിഷേധിച്ചത് നാടകീയ നിമിഷങ്ങൾക്കും വഴിവച്ചു.

ഈ സീസണിൽ ഗുജറാത്തിന്റെ പ്രധാന ശക്തിയായ മുൻനിര ബാറ്റർമാർ ഒരിക്കൽക്കൂടി ക്ലിക്കായതാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. സീസണിലെ അഞ്ചാം അർധസെഞ്ചറി കുറിച്ച ജോസ് ബട്‍ലർ 64 റൺസെടുത്ത് പുറത്തായി. 37 പന്തിൽ മൂന്നു ഫോറും നാലു സിക്സും ഉൾപ്പെടുന്നതാണ് ബട്‍ലറിന്റെ ഇന്നിങ്സ്. ഓപ്പണർ സായ് സുദർശൻ 23 പന്തിൽ ഒൻപതു ഫോറുകളോടെ 48 റൺസെടുത്ത് പുറത്തായി. ഇതിൽ മുഹമ്മദ് ഷമിക്കെതിരെ ഒരു ഓവറിൽ നേടിയ അഞ്ച് ഫോറുകളും ഉൾപ്പെടുന്നു.

ഓപ്പണിങ് വിക്കറ്റിൽ തകർത്തടിച്ച് ഗുജറാത്തിന് മിന്നുന്ന തുടക്കം സമ്മാനിച്ച ഗിൽ – സുദർശൻ സഖ്യം 41 പന്തിൽ അടിച്ചുകൂട്ടിയത് 87 റൺസാണ്. ഈ സീസണിൽ 10 മത്സരങ്ങളിൽനിന്ന് ഗുജറാത്ത് ഓപ്പണർമാരുടെ ആറാം അർധസെഞ്ചറി കൂട്ടുകെട്ടു കൂടിയാണിത്. രണ്ടാം വിക്കറ്റിൽ ഗിൽ – ബട്‍ലർ സഖ്യം 37 പന്തിൽ 62 റൺസും കൂട്ടിച്ചേർത്തു. മൂന്നാം വിക്കറ്റിൽ ബട്‍ലർ – വാഷിങ്ടൻ സുന്ദർ സഖ്യം 34 പന്തിൽ 57 റൺസും കൂട്ടിച്ചേർത്തതോടെയാണ് ഗുജറാത്ത് അനായാസം 200 കടന്നത്.

വാഷിങ്ടൻ സുന്ദർ 16 പന്തിൽ ഒരു സിക്സ് സഹിതം 21 റൺസെടുത്ത് പുറരത്തായി. രാഹുൽ തെവാത്തിയ മൂന്നു പന്തിൽ ഒരു സിക്സ് സഹിതം ആറു റൺസെടുത്തു. അവസാന പന്തു മാത്രം നേരിട്ട റാഷിദ് ഖാൻ ഗോൾഡൻ ഡക്കായി. ഷാറൂഖ് ഖാൻ രണ്ടു പന്തിൽ ഒരു സിക്സ് സഹിതം ആറു റൺസുമായി പുറത്താകാതെ നിന്നു. സൺറൈസേഴ്സിനായി ജയ്ദേവ് ഉനദ്കട് നാല് ഓവറിൽ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഉനദ്കടിനു ലഭിച്ച മൂന്നു വിക്കറ്റുകളും അവസാന ഓവറിൽ ലഭിച്ചതാണെന്ന പ്രത്യേകതയുമുണ്ട്. ക്യാപ്റ്റൻ പാറ്റ് കമിൻസ് നാല് ഓവറിൽ 40 റൺസ് വഴങ്ങിയും സീഷൻ അൻസാരി നാല് ഓവറിൽ 42 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

English Summary:

Gujarat Titans vs Sunrisers Hyderabad, IPL 2025 Match - Live Updates

Read Entire Article