'മാർക്കോ'യ്ക്ക് പിന്നാലെ 'കാട്ടാളനി'ലും ഞെട്ടിക്കാൻ ജഗദീഷും സിദ്ധിഖും

7 months ago 7

'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മിച്ച്‌ നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കാട്ടാളനി'ല്‍ അതിശയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ എത്താനൊരുങ്ങി ജഗദീഷും സിദ്ധിഖും. നാലുപതിറ്റാണ്ടിലേറെ നീണ്ട ഇരുവരുടേയും കരിയറില്‍ തന്നെ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കും ചിത്രത്തിലേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

അടുത്ത കാലത്തിറങ്ങിയ ഒരു സിനിമയില്‍ പോലും ജഗദീഷും സിദ്ധിഖും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ചര്‍ച്ചയാകാതെ പോയിട്ടില്ല. ഓരോ സിനിമകളിലും വേറിട്ട വേഷപ്പകര്‍ച്ചകളില്‍ അമ്പരപ്പിക്കുന്ന അഭിനയ മികവില്‍ രണ്ടുപേരും എത്താറുണ്ട്. ഇക്കുറിയും വിസ്മയിപ്പിക്കാന്‍ തന്നെയാണ് ഇവരുടേയും വരവെന്നാണ് മനസ്സിലാക്കാനാകുന്നത്.

നാലുപതിറ്റാണ്ടിലേറെയായി 400-ലേറെ സിനിമകളുടെ ഭാഗമായിതീര്‍ന്ന ജഗദീഷിനെ 'മിസ്റ്റര്‍ കണ്‍സിസ്റ്റന്റ്' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് 'കാട്ടാളന്‍' സിനിമയുടെ ലോകത്തേക്ക് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സ്വാഗതം ചെയ്തിരിക്കുന്നത്. 1984-ല്‍ പുറത്തിറങ്ങിയ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. പിന്നീട് സഹനടനായും ഹാസ്യതാരമായും നായകനായുമൊക്കെ നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായുമൊക്കെ ഏറെ ശ്രദ്ധനേടിയ സിനിമകളുടെ ഭാഗമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ജഗദീഷ്. 'മാര്‍ക്കോ'യിലെ ടോണി ഐസക് എന്ന മികവുറ്റ വേഷത്തിന് ശേഷം തങ്ങളുടെ പുതിയ സിനിമയായ 'കാട്ടാളനി'ലും ജഗദീഷിനെ അടിമുടി വ്യത്യസ്തമായ ലുക്കില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. 'മാര്‍ക്കോ', 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി', 'എആര്‍എം', 'വാഴ', 'അബ്രഹാം ഓസ്ലര്‍', 'ഗുരുവായൂര്‍ അമ്പലനടയില്‍' തുടങ്ങി ഒട്ടേറെ വിജയസിനിമകളുടെ ഭാഗമായിരുന്നു അദ്ദേഹം. 'കാട്ടാളനി'ല്‍ അദ്ദേഹം എത്താനൊരുങ്ങുമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയിലാണ്.

1985-ല്‍ 'ആ നേരം അല്‍പ്പദൂരം' എന്ന സിനിമയിലൂടെ എത്തിയ സിദ്ധിഖ് 40 വര്‍ഷത്തെ കാലയളവില്‍ ഹാസ്യതാരമായും സഹനടനായും വില്ലനായും സ്വഭാവനടനായുമൊക്കെ 350-ലേറെ സിനിമകളില്‍ അഭിനയിച്ചതിന്റെ പരിചയസമ്പത്തുമായി ഒട്ടേറെ ശ്രദ്ധേയസിനിമകളുടെ ഭാഗമായി ഇപ്പോഴും തുടരുകയാണ്. അദ്ദേഹത്തിന്റെ സമീപകാലചിത്രങ്ങളായ 'മാര്‍ക്കോ', 'നേര്', '2018', 'ദൃശ്യം' സീരീസ് മുതലായ നിരവധി സിനിമകളില്‍ ശക്തമായ സ്‌ക്രീന്‍പ്രസന്‍സും വൈകാരികമായി ഹൃദയം കീഴടക്കുന്ന അഭിനയമികവുമായി സൗത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സ്വഭാവനടന്മാരുടെ ഗണത്തിലാണുള്ളത്. 'കാട്ടാളനി'ല്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രം കാണാന്‍ ഏറെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ഥ പേരായ 'ആന്റണി വര്‍ഗ്ഗീസ്' എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.

പാന്‍ ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ മാസ് ചിത്രത്തില്‍ കന്നഡയിലെ ശ്രദ്ധേയസംഗീതസംവിധായകന്‍ അജനീഷ് ലോക്‌നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റര്‍ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകന്‍ രെണദിവെയാണ് ഛായാഗ്രാഹകന്‍. എം.ആര്‍. രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി.

ഇതരഭാഷാ ചിത്രങ്ങള്‍ പോലെ മലയാള സിനിമകളെയും വേറൊരു തലത്തില്‍ എത്തിക്കാന്‍ പോന്ന സാങ്കേതിക മികവും പ്രൊഡക്ഷന്‍ ക്വാളിറ്റിയും നല്‍കി കൊണ്ട് 'മാര്‍ക്കോ' പോലെയോ അതിനേക്കാള്‍ ഉയരത്തിലോ ഇനിയും വിജയങ്ങള്‍ കൊയ്‌തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Jagadish, Siddique squad up for Kattalan, directed by Paul George starring Antony Varghese Pepe

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article