14 May 2025, 03:45 PM IST

Photo: AFP
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്റ്റാര്‍ ബാറ്റര്‍മാരായ രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ പ്രതികരണവുമായി മുന്‍ താരവും യുവ്‌രാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. മികച്ച കളിക്കാര്‍ 50 വയസുവരെ കളിക്കളത്തില്‍ തുടരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രോഹിത്തും കോലിയും ആറു ദിവസങ്ങളുടെ ഇടവേളയ്ക്കിടെ ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ അത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ വിടവാണ് സൃഷ്ടിച്ചത്.
ജൂണ്‍ 20-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുന്നതിനിടെയാണ് പ്രധാന താരങ്ങളുടെ വിരമിക്കല്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇംഗ്ലണ്ട് പര്യടനം 2025-2027 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ തുടക്കം കൂടിയാണ്.
''വിരാട് വലിയ താരമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ അഭാവം ടീമിന് നഷ്ടം തന്നെയാണ്. 2011-ല്‍ നിരവധി കളിക്കാരെ പുറത്താക്കുകയോ നിര്‍ബന്ധിച്ച് വിരമിപ്പിക്കുകയോ ചെയ്തപ്പോള്‍ ടീം തകര്‍ന്നിരുന്നു. ഇപ്പോഴും അതില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ അവര്‍ക്കായിട്ടില്ല. എല്ലാവര്‍ക്കും ഒരു സമയമുണ്ട്. വിരാടിലും രോഹിത്തിലും ഇനിയും ധാരാളം ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.'' - യോഗ്‌രാജ് എഎന്‍ഐയോട് പറഞ്ഞു.
കൂടാതെ ഇംഗ്ലണ്ടിലെ കഠിനമായ സാഹചര്യങ്ങളില്‍ തകര്‍ച്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ യുവതാരങ്ങള്‍ നിറഞ്ഞ ഒരു ടീം സൃഷ്ടിക്കുന്നതിനെതിരെയും യോഗ്‌രാജ് മുന്നറിയിപ്പ് നല്‍കി.
''നിങ്ങള്‍ യുവതാരങ്ങള്‍ നിറഞ്ഞ ഒരു ടീം രൂപീകരിച്ചാല്‍ അത് എപ്പോള്‍ വേണമെങ്കിലും തകരാം. വിരാടിന് ഒരുപക്ഷേ ഇനി ഒന്നും നേടാന്‍ ബാക്കിയില്ലെന്ന് തോന്നിയിരിക്കാം. ഏറ്റവും മികച്ച കളിക്കാര്‍ 50 വയസ്സ് വരെ കളിക്കണം. യുവാക്കളെ പ്രചോദിപ്പിക്കാന്‍ ഇപ്പോള്‍ ആരും ഇല്ലാത്തതിനാല്‍, അവരുടെ വിരമിക്കലില്‍ ഞാന്‍ ദുഃഖിതനാണ്.'' - യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Yograj Singh reacts to Rohit Sharma & Virat Kohli`s Test retirement, advocating for experienced play








English (US) ·