Published: April 06 , 2025 03:34 PM IST
1 minute Read
മുംബൈ∙ രാജസ്ഥാൻ റോയൽസ് ബാറ്റർമാരെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസ് 50 റൺസ് വിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് സഞ്ജു സാംസണെയും സംഘത്തെയും കുറിച്ചു മഞ്ജരേക്കർ സംസാരിച്ചത്. യശസ്വി ജയ്സ്വാളിനേക്കാളും റിയാൻ പരാഗിന്റെ ഇന്നിങ്സാണ് പഞ്ചാബിനെതിരെ രാജസ്ഥാനു ഗുണമായതെന്നു മഞ്ജരേക്കർ പ്രതികരിച്ചു.
‘‘ജയ്സ്വാൾ രാജസ്ഥാനു മികച്ച തുടക്കമാണു നൽകിയത്. പക്ഷേ 14–ാം ഓവറിൽ അദ്ദേഹം പുറത്തായി. പരാഗ് ക്രീസിലെത്തി ആവശ്യത്തിനു സമയമെടുത്താണു കളി തുടങ്ങിയത്. പരാഗ് കളി മന്ദഗതിയിലാക്കുമെന്ന് ഭയന്നിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ സ്ഫോടനാത്മകമായ ബാറ്റിങ്. പതുക്കെ തുടങ്ങിയാലും പിന്നീടു കളി മാറ്റാൻ സാധിക്കുമെന്ന് ഇപ്പോൾ അദ്ദേഹത്തിനു മനസ്സിലാകുന്നുണ്ട്.’’
‘‘ആദ്യ 13 പന്തുകളിൽ പരാഗിന്റെ സ്ട്രൈക്ക് റേറ്റ് 100ന് മുകളിലായിരുന്നു. പിന്നീടുള്ള 13–14 പന്തുകളിൽ അത് 200 ആയി ഉയർന്നു. ആ ഇന്നിങ്സാണ് രാജസ്ഥാനെ വലിയ സ്കോറിലെത്തിച്ചത്. ബുദ്ധിമുട്ടേറിയ പിച്ചിൽ ജയ്സ്വാൾ ( സ്ട്രൈക്ക് റേറ്റ്– 148), സഞ്ജു സാംസണ്‍ (146), റിയാൻ പരാഗ് (172), നിതീഷ് റാണ (171), ഷിമ്രോൺ ഹെറ്റ്മിയർ (166), ധ്രുവ് ജുറേൽ (260) എന്നിവർക്കെല്ലാം വലിയ സ്ട്രൈക്ക് റേറ്റുണ്ട്.’’
‘‘രാജസ്ഥാന്റെ അഞ്ച് ബാറ്റർമാരുടെ സ്ട്രൈക്ക് റേറ്റുകൾ 140, 160, 180, 200 ഒക്കെയാണ്. അതാണ് അവരുടെ വിജയത്തിന്റെ രഹസ്യം. ചിലപ്പോഴൊക്കെ നല്ല തുടക്കം കിട്ടിയാലും അതു പിന്തുടരാൻ ആളില്ലെങ്കിൽ ടീം വീണുപോകും. രാജസ്ഥാന്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചില്ല.’’– മഞ്ജരേക്കർ പ്രതികരിച്ചു.
English Summary:








English (US) ·