മികച്ച നടൻ ടൊവിനോ, നടി റിമ കല്ലിങ്കൽ; താരനിറവിൽ ക്രിട്ടിക്‌സ് അവാർഡ് നിശ

4 months ago 5

24 August 2025, 03:56 PM IST

Film Critics Award

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവർ ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ മന്ത്രി വി.എൻ. വാസവനിൽനിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: അറേഞ്ച്ഡ്

കൊച്ചി: 48 -ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സഹകരണമന്ത്രി വി.എൻ. വാസവൻ അവാർഡ് നിശ ഉദ്ഘാടനം ചെയ്തു. സമഗ്ര സംഭാവനക്കുള്ള ചലച്ചിത്ര രത്‌ന പുരസ്‌കാരം ചലച്ചിത്ര സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന് മന്ത്രി വി.എൻ വാസവൻ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ടൊവിനോ തോമസും മികച്ച നടിയ്ക്കുള്ള അവാർഡ് റിമ കല്ലിങ്കലും ഏറ്റുവാങ്ങി.

മികച്ച സിനിമയ്ക്കുള്ള അവാർഡ് ഫെമിനിച്ചി ഫാത്തിമയുടെ നിർമ്മാതാക്കളായ സംവിധായകൻ കൂടിയായ ഫാസിൽ മുഹമ്മദും സുധീഷ് സ്‌കറിയയും ഏറ്റുവാങ്ങി. മികച്ച സംവിധായികയ്ക്കുള്ള അവാർഡ് ഇന്ദുലക്ഷ്മിയും സ്വീകരിച്ചു. മികച്ച അന്യഭാഷാ സിനിമയായി തെരഞ്ഞെടുക്കപ്പെട്ട അമരൻ എന്ന തമിഴ് സിനിമയുടെ സംവിധായകൻ രാജ്കുമാർ പെരിയസാമിയും മന്ത്രിയിൽനിന്ന് പുരസ്‌കാരം സ്വീകരിച്ചു. മാക്ട ചെയർമാൻ ജോഷി മാത്യു ആശംസയർപ്പിച്ചു.

രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ചിന്നു ചാന്ദിനി, ഷംല ഹംസ എന്നിവർ പങ്കിട്ടു. സൈജു കുറുപ്പാണ് രണ്ടാമത്തെ മികച്ച നടൻ. റൂബി ജൂബിലി പുരസ്‌കാരം ജഗദീഷിന് ഡോ. ജോർജ്ജ് ഓണക്കൂർ സമ്മാനിച്ചു. ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം നേടിയ ബാബു ആന്റണിക്കുവേണ്ടി ടൊവിനോയും, ജൂബിലി ജോയ് തോമസിനുവേണ്ടി മകളും പുരസ്‌കാരങ്ങൾ സ്വീകരിച്ചു. വിവിധ വിഭാഗങ്ങളിലായി 72 കലാകാരന്മാരും സാങ്കേതികവിദഗ്ധരും പുരസ്‌കാരങ്ങളേറ്റുവാങ്ങി.

മികച്ച സംഗീതസംവിധായകനുള്ള അവാർഡ് നേടിയ രാജേഷ് വിജയ്, ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ ദേവനന്ദ ഗിരീഷ് എന്നിവർ ഗാനങ്ങളാലപിച്ചു. പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂർ, ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ്, സെക്രട്ടറി എ. ചന്ദ്രശേഖർ എന്നിവർ പ്രസംഗിച്ചു.

Content Highlights: Kerala Film Critics Awards: Tovino Thomas, Rima Kallingal Win Top Honors

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article