മികച്ച നടൻ-നടി: അവസാനംവരെ വിജയരാഘവനും പാർവതിയും, ​​'ദ കേരള സ്റ്റോറി'യുടെ പുരസ്‌കാരത്തിനെതിരേയും വാദം

5 months ago 5

Vijayaraghavan Parvathy Thiruvothu The Kerala Story

പാർവതി തിരുവോത്ത്, വിജയരാഘവൻ, പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി, പിടിഐ

ന്യൂഡൽഹി: മികച്ചനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അവസാനനിമിഷംവരെ നടി പാർവതിയുടെ പേരുമുണ്ടായിരുന്നു. വിജയരാഘവനെയും മികച്ചനടനുള്ള പുരസ്‌കാരത്തിന് പരിഗണിച്ചെങ്കിലും ‘പൂക്കാലം’ എന്ന സിനിമയിൽ മുഴുനീള കഥാപാത്രമല്ലാത്തതിനാൽ ഒടുവിൽ തഴഞ്ഞു. പിന്നീട് സഹനടനായി അംഗീകരിച്ചു. ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലെ പ്രധാനനടിയെന്ന നിലയിലാണ് പാർവതി പരിഗണിക്കപ്പെട്ടത്. ഇതിലെ സഹതാരമായ ഉർവശിയെ ആനിലയിൽ മാത്രം പരിഗണിച്ച് പുരസ്‌കാരം നൽകി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ചനടിക്കുള്ള പുരസ്‌കാരമാണ് ഉർവശിക്ക് ലഭിച്ചത്. അവിടെയും പ്രധാനതാരമായ പാർവതി രണ്ടുവിഭാഗത്തിലും തഴയപ്പെട്ടിരുന്നു.

പ്രാദേശിക ജൂറി ആറു സിനിമകൾ മാത്രമാണ് കേന്ദ്ര ജൂറിയുടെ പരിഗണനയ്ക്കയച്ചത്. ഉള്ളൊഴുക്ക്, 1947 പ്രണയം തുടരുന്നു, പൂക്കാലം, ഒ ബേബി, ആടുജീവിതം, മഹൽ എന്നിവയാണവ. കേന്ദ്ര ജൂറിയിൽ അംഗമായ മലയാളി സംവിധായകൻ പ്രദീപ് നായരുടെ പ്രത്യേക അപേക്ഷപ്രകാരം ഇരട്ട, കാതൽ, 2018, തടവ് എന്നീ സിനിമകളെ ജൂറി ചെയർമാൻ അശുതോഷ് ഗൊവാരികർ തിരികെവിളിച്ചു.

കേരള സ്റ്റോറിക്ക് പുരസ്‌കാരം നൽകുന്നതിൽ മലയാളി ജൂറി അംഗം തന്റെ വാദഗതികൾ ചെയർമാന് രേഖാമൂലം കൈമാറി. കേരളംപോലെ ജനാധിപത്യപരമായ സംസ്ഥാനത്തിനെതിരേയുള്ള പ്രചാരണ സിനിമയാണതെന്ന് കത്തിൽ പറഞ്ഞു. അഭിപ്രായം ജൂറി അംഗീകരിച്ചെങ്കിലും ഭൂരിഭാഗം അംഗങ്ങളും കേരള സ്റ്റോറിക്ക് അനുകൂല നിലപാടാണെടുത്തതെന്ന് പ്രദീപ് നായർ പറഞ്ഞു.

ആടുജീവിതം ജൂറി അംഗങ്ങൾക്കൊന്നും ഇഷ്ടപ്പെട്ടില്ലെന്നാണ് സൂചന. ഇതിലെ മേക്കപ്പിന് രഞ്ജിത്ത് അമ്പാടി, ഗാനരചനയ്ക്ക് റഫീഖ് അഹമ്മദ് എന്നിവയ്ക്കായി മലയാളി അംഗം വാദിച്ചിരുന്നു. എന്നാൽ, സാം ബഹാദൂർ എന്ന സിനിമയിലെ ശ്രീകാന്ത് ദേശായിയുടെ മേക്കപ്പുമായി താരതമ്യംവന്നപ്പോൾ രഞ്ജിത്തിന്റെ സാധ്യത മങ്ങി. ഗാനത്തിന്റെ കൃത്യമായ ഇംഗ്ലീഷ് തർജമയുടെ അഭാവം റഫീഖ് അഹമ്മദിനും തിരിച്ചടിയായി.

സംഭാഷണപ്രാധാന്യമുള്ള കാതൽ സിനിമയുടെ ആശയം മനസ്സിലാക്കുന്നതിൽ ജൂറി പരാജയപ്പെട്ടതായി വിലയിരുത്തലുണ്ട്. ഉള്ളൊഴുക്കിലെ പശ്ചാത്തലസംഗീതത്തിന് സുശിൻ ശ്യാമും പരിഗണനയിലുണ്ടായിരുന്നു.

മനോജ് ബാജ് പേയിയും വാത്തിയിലൂടെ ധനുഷും മികച്ച നടനായി മത്സരരംഗത്തുണ്ടായിരുന്നു. കാതൽ-എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി എന്ന ചിത്രത്തിലൂടെ സാനിയ മൽഹോത്രയും മികച്ച നടിക്കായി മത്സരരംഗത്തുണ്ടായിരുന്നു.

Content Highlights: Parvathy overlooked for Best Actress. The Kerala Story statement among jury

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article