
മിത്ര പൊതുവാൾ കൊറിയയിലെ ചെറി ബ്ലോസം കാലത്ത്
ഇഞ്ചിയോണിനെക്കുറിച്ചും അവര്‍ ആതിഥ്യമരുളിയ 2014-ലെ ഏഷ്യന്‍ ഗെയിംസിനെക്കുറിച്ചും ഓര്‍ക്കുമ്പോഴൊക്കെ മനസില്‍ നന്ദിയോടെ കടന്നുവരുന്ന ഒരു വ്യക്തിയുണ്ട്. പയ്യന്നൂര്‍ക്കാരി മിത്ര പൊതുവാള്‍.
ഇഞ്ചിയോണില്‍ പി.എച്ച്ഡിയും പൊഹാങില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും കഴിഞ്ഞ മിത്ര ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായും ഏഷ്യന്‍ ഗെയിംസ് നടക്കുമ്പോഴും എനിക്ക് ചെയ്തുതന്ന ഉപകാരങ്ങളും നല്‍കിയ പിന്തുണയും അത്ര വലുതാണ്. ഏഷ്യന്‍ ഗെയിംസ് കവര്‍ ചെയ്യാനുള്ള ചുമതല ലഭിച്ചതിനു പിന്നാലെയുള്ള അന്വേഷണത്തിലാണ് മിത്രയുമായി പരിചയത്തിലാകുന്നത്. അതിന് കാരണക്കാരനായത് പ്രിയ സുഹൃത്തും മാതൃഭൂമിയിലെ സഹപ്രവര്‍ത്തകനുമായ വി.ടി.സന്തോഷ്‌കുമാറാണ്. ഇപ്പോള്‍ മാതൃഭുമി ചെന്നൈ ബ്യൂറോ ചീഫാണ് സന്തോഷ്. ദക്ഷിണ കൊറിയയില്‍ പരിചയമുള്ള ആരെങ്കിലുമുണ്ടോയെന്ന അന്വേഷണത്തിനിടയിലാണ് മിത്രയെക്കുറിച്ചുള്ള വിവരം സന്തോഷ് പറയുന്നത്. അവര്‍ സുഹൃത്തുക്കളാണ്. സന്തോഷ് തന്ന ഐ ഡിയില്‍ മിത്രയ്ക്ക് വിവരങ്ങള്‍ കാണിച്ച് ഒരു മെയില്‍ അയച്ച് ജീവിതത്തിലെ വിലപ്പെട്ട ഒരു സൗഹൃദത്തിന് വഴിതുറക്കുകയായിരുന്നു ആ മെയില്‍.
രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മിത്രയുടെ മറുപടി വന്നു. പയ്യന്നൂര്‍ കോളേജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദവും കുസാറ്റില്‍ നിന്ന് ബിരുദാനന്തര ബിരുദവും കഴിഞ്ഞാണ് ഇഞ്ചിയോണ്‍ സര്‍വകലാശാലയില്‍ പി.എച്ച്ഡി പഠനത്തിന് മിത്രയെത്തിയത്. പി.എച്ച്ഡി വിജകരമായി പൂര്‍ത്തിയാക്കിയതിനുശേഷം പൊഹാങ് സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ പഠനം നടത്തുകയാണ്. ഇഞ്ചിയോണില്‍ എനിക്കു വേണ്ട എല്ലാ സഹായവും ചെയ്തു തരുന്നതില്‍ സന്തോഷം മാത്രമേയുള്ളുവെന്ന് അറിയിച്ചായിരുന്നു മിത്രയുടെ മെയില്‍ അവസാനിച്ചത്.
പിന്നീട് ഇഞ്ചിയോണിനെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും കൊറിയയിലെ ആചാരരീതികളെക്കുറിച്ചും കടലില്‍ മണ്ണിട്ടുയര്‍ത്തിയ സോങ്ഡോ നഗരത്തെക്കുറിച്ചുമൊക്കെ വിവരങ്ങള്‍ നല്‍കി തുടര്‍ച്ചയായി മിത്രയുടെ മെയിലുകള്‍. കൊറിയന്‍ നിത്യജീവിതത്തിലെ വാക്കുകളായ അന്യാങ് സെ യോയും (എന്തുണ്ട് വിശേഷം) ഖംസാമിതയും (നന്ദി) യെബുസേയെയും (ഹലോ) ഒക്കെ അങ്ങനെ ഇഞ്ചിയോണിലേക്ക് തിരിക്കും മുമ്പേ മിത്ര കാരണം പരിചയത്തിലായി.
മിത്രയുടെ മെയിലുകള്‍ കണ്ടും വിവരങ്ങള്‍ അറിഞ്ഞും എന്റെ ഭാര്യ ദീപയും മിത്രയുമായി നല്ലൊരു സൗഹൃദമായി. അങ്ങനെ 2014 സെപ്റ്റംബറെത്തി. ഓണമായി. ഓണത്തിന്റെ അന്ന് മിത്രയെ ഫോണില്‍ വിളിച്ചു. ഓണാശംസകള്‍ നേര്‍ന്നു. ആദ്യമായാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ഒന്നു രണ്ടു മാസത്തെ മെയില്‍ അയപ്പുകൊണ്ടു തന്നെ അടുത്തൊരു സുഹൃത്തിനോട് സംസാരിക്കുന്ന പോലെയുള്ള അനുഭവം. ഇഞ്ചിയോണില്‍ എത്തുമ്പോള്‍ എങ്ങനെയെങ്കിലും നേരിട്ടു കാണാമെന്ന് ഉറപ്പും തന്നു. ഇഞ്ചിയോണിലേക്ക് പോകാനുള്ള സമയം അടുക്കുന്നു. 'മിത്രയെ കാണാന്‍ വെറുതെ കയ്യും വീശി പോയാല്‍ മതിയോ? ഇവിടെ നിന്നും എന്തെങ്കിലും സമ്മാനം കൊണ്ടുപോകേണ്ടേ?' ദീപയുടെ ചോദ്യമാണ് എന്നെ യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ത്തിയത്. സ്ത്രീകളുടെ പ്രായോഗിക ബുദ്ധിയും കരുതലും. അത് എത്ര കൂട്ടിയാലും പുരുഷന്‍മാര്‍ക്ക് കിട്ടില്ലല്ലോ?
എന്താണ് കൊണ്ടുക്കൊടുക്കുക. ഞങ്ങള്‍ കൂടിയാലോചനയിലായി. മൂന്നാഴ്ച നീളുന്ന കൊറിയന്‍ വാസത്തിനിടിയില്‍ എന്ന് മിത്രയെ കാണാനാകുമെന്ന് ഉറപ്പു പറയാനാകില്ല. ചിലപ്പോള്‍ കാണാനൊത്തില്ലെന്നും വരാം. കാരണം ഏഷ്യന്‍ ഗെയിംസാണ്. ഇന്ത്യയ്ക്ക് എന്നും മത്സരങ്ങളുണ്ട്. ഓട്ടത്തോട് ഓട്ടമായിരിക്കും. അപ്പോള്‍ കേടാകാത്ത എന്തെങ്കിലും പലഹാരം കൊണ്ടുപോകുന്നതായിരിക്കും നല്ലത്. അങ്ങനെ കോട്ടയത്തിന്റെ ട്രേഡ് മാര്‍ക്ക് പലഹാരമായി ചുരുട്ട് തന്നെയാകാമെന്ന് തീരുമാനത്തിലെത്തി. കോട്ടയത്ത് താഴത്തങ്ങാടിയിലെ മാമ്മിച്ചേടത്തിയുടെ ചുരുട്ടിനാണ് പ്രശസ്തി. ഒരു ദിവസം യൂണിവേഴ്സിറ്റിയില്‍ നിന്ന് വരുന്ന വഴി താഴത്തങ്ങാടിയില്‍ പോയി ദീപ കുറച്ചു ചുരുട്ടു പാക്കറ്റുകളും കുഴലപ്പവും അച്ചപ്പവുമൊക്കെ വാങ്ങി. ഇതൊന്നും കുറച്ചു കാലത്തേക്ക് കേടാകുകയില്ലല്ലോ.? അങ്ങനെ ഇഞ്ചിയോണ്‍ യാത്രക്കുള്ള ദിവസമെത്തി. പെട്ടി പായ്ക്ക് ചെയ്തപ്പോള്‍ മിത്രയ്ക്കുള്ള സമ്മാനപ്പൊതിയും മറക്കാതെ എടുത്തുവച്ചു.

ഇഞ്ചിയോണിലെത്തിയപ്പോള്‍ തന്നെ എത്തിയ കാര്യം അറിയിച്ച് മെയില്‍ അയച്ചു. പിറ്റേ ദിവസം മിത്രയെ വിളിക്കുകയും ചെയ്തു. ആ ദിവസങ്ങളിലൊക്കെ മിത്രയ്ക്ക് ക്ലാസുണ്ട്. ഞായറാഴ്ച മീഡിയ വില്ലേജിനടുത്തു വച്ച് കാണാമെന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. ഏഷ്യന്‍ ഗെയിംസ് തുടങ്ങിയതോടെ കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയിലൊന്നും നടന്നില്ല. നടക്കില്ലെന്നതാണ് യാഥാര്‍ഥ്യം. വെള്ളിയാഴ്ച ഉദ്ഘാടനത്തിന്റെ തിരക്ക്. പിറ്റേ ദിവസം ഷൂട്ടിങില്‍ ജീത്തുറായിയുടെ സ്വര്‍ണമടക്കം രണ്ടു മെഡലുകള്‍ ഇന്ത്യയ്ക്ക്. ഷൂട്ടിങിലാണ് ഇന്ത്യയുടെ സാധ്യതകള്‍. അതിനാല്‍ രാവിലെ തന്നെ ഓങ്‌ന്യോണിലെ ഷൂട്ടിങ് റേഞ്ചിലേക്ക് വച്ചുപിടിക്കണം. ഞായറാഴ്ച രാവിലെ മീഡിയാ വില്ലേജിലേക്ക് ഇറങ്ങും മുമ്പ് ബാഗില്‍ മിത്രയ്ക്കുള്ള സമ്മാനങ്ങള്‍ എടുത്തു വച്ചിരുന്നു. മീഡിയാ വില്ലേജില്‍ നിന്ന് നേരെ ഓങ്‌ന്യോണിലേക്ക്. ഉച്ചവരെ അവിടെ തുടരണം. തിരിച്ചെത്തിയാല്‍ മിത്രയെ കാണാമായിരിക്കും.
അതിനിടയില്‍ വേറൊരു സംഭവമുണ്ടായി. നാട്ടില്‍ നിന്നെടുത്ത ഇന്റര്‍നാഷണല്‍ സിമ്മിന്റെ ചാര്‍ജ് തീര്‍ന്നു. ആകപ്പാടെ പെട്ട അവസ്ഥ. മിത്ര എത്തിയോ എന്നറിയാന്‍ ഒരു വഴിയുമില്ല. നമ്പര്‍ കാണാതെ ഓര്‍മയുമില്ല. അല്ലെങ്കില്‍ കൂട്ടുകാരുടെ ഫോണില്‍ നിന്ന് വിളിക്കാമായിരുന്നു. ഉച്ചയോടുകൂടി ഷൂട്ടിങ് മത്സരങ്ങള്‍ കഴിഞ്ഞു. ഇനി സ്‌ക്വാഷ് മത്സരങ്ങളുണ്ട്. അതിനായി യോരുമുളിലേക്ക് പോകണം. മിത്രയും കൂട്ടുകാരും (മിത്രയുടെ സുഹൃത്ത് കോഴിക്കോടുകാരന്‍ ഇര്‍ഷാദ് ഇഞ്ചിയോണ്‍ സര്‍വകലാശാലയില്‍ അപ്പോള്‍ പി.എച്ച്ഡി ചെയ്യുന്നുണ്ട്). ഉച്ചകഴിഞ്ഞ് മീഡിയ സെന്ററിനടുത്തെത്തുമെന്നായിരുന്നു പറഞ്ഞത്. അവരെ വിവരങ്ങള്‍ അറിയിക്കാന്‍ ഒരു മാര്‍ഗവുമില്ല. സ്‌ക്വാഷ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു മണി കഴിഞ്ഞു. മീഡിയ വില്ലേജിലെത്താന്‍ ഒരു മണിക്കുറെങ്കിലും എടുക്കും. അങ്ങനെ മിത്രയെയും കൂട്ടുകാരെയും കാണാനുള്ള അവസരം നഷ്ടമായി (ഇര്‍ഷാദിനെ മൂന്നു നാലു ദിവസത്തിനുശേഷം ഹോക്കി സ്റ്റേഡിയത്തില്‍ വച്ചു കണ്ടു. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനു തൊട്ടു മുമ്പായി. സൗഹൃദം പങ്കിടുകയും ചെയ്തു.) അന്നത്തെ തിരക്ക് കഴിഞ്ഞതോടെ കാര്യങ്ങള്‍ കാണിച്ച് മിത്രയ്ക്ക് മെയില്‍ ചെയ്തു. പാവം പൊഹാങില്‍ നിന്ന് രണ്ടര മണിക്കൂറോളം ട്രെയിനില്‍ യാത്ര ചെയ്താണ് എന്നെ കാണാന്‍ ഇഞ്ചിയോണിലെത്തിയത്. തിങ്കളാഴ്ച രാവിലെ തന്നെ മിത്രയ്ക്ക് മടങ്ങേണ്ടതുകൊണ്ട് ഞങ്ങളുടെ കണ്ടുമുട്ടല്‍ നടന്നില്ല. കാണാന്‍ പറ്റിയില്ലെങ്കിലും റിസര്‍ച്ചിന്റെ തിരക്കിനിടയിലും റിപ്പോര്‍ട്ടുകളും ഡയറിയുമൊക്കെ വായിച്ച് മിത്ര അഭിപ്രായങ്ങള്‍ ഇടയ്ക്കിടെ മെയില്‍ ചെയ്ത് അറിയിച്ചുകൊണ്ടിരുന്നു.
ഏഷ്യന്‍ ഗെയിംസ് അവസാനിക്കാറായി. 2014ഒക്ടോബര്‍ നാല് ശനിയാഴ്ചയാണ് സമാപനം. ഇഞ്ചിയോണില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് മിത്രയെ കാണാനാകുമോ? വെള്ളിയാഴ്ച വൈകിട്ട് മിത്രയെ വിളിച്ചു. ശനിയാഴ്ച എനിക്ക് വലിയ തിരക്കില്ല. സമാപനച്ചടങ്ങ് മാത്രമേയുള്ളൂ. പക്ഷേ വരാന്‍ സാധിക്കുമെന്ന് മിത്രയ്ക്ക് ഉറപ്പില്ല. വൈിട്ട് വെറുതെ പെട്ടി അടുക്കിയപ്പോള്‍ മിത്രയ്ക്കുള്ള സമ്മാനം ഒരു മൂലയ്ക്കിരിക്കുന്നു. എനിക്കിത് കൊടുക്കാന്‍ സാധിക്കുമോ? ദൈവം തമ്പുരാനറിയാം. ശനിയാഴ്ച രാവിലെ മീഡിയ സെന്ററിലേക്ക് പുറപ്പെടും മുമ്പ് സമ്മാനങ്ങള്‍ ലാപ്ടോപ് ബാഗില്‍ എടുത്തു വച്ചു. മിത്ര വന്നാല്‍ കൊടുക്കാം. വന്നില്ലെങ്കിലുള്ള കാര്യം പിന്നീട്. മീഡിയ വില്ലേജിലെ ഭക്ഷണശാലയിലെത്തി ഫോണ്‍ നോക്കുമ്പോഴാണ് മിത്രയുടെ മെസേജ്. പൊഹാങില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഉച്ച കഴിഞ്ഞ് കാണാം. മീഡിയ സെന്ററിലെത്തി ഡയറിയും മറ്റു വാര്‍ത്തകളും ഉച്ചയ്ക്കു മുമ്പേ എഴുതിവച്ചു. ഇനി സമാപനമാണ് അതു വൈകുന്നേരമാണ്. അതിനു മുമ്പ് ഏതായാലും മിത്രയെ കാണാം.
മീഡിയ സെന്ററിനടുത്തുള്ള ലോട്ടോ മാളിന് മുന്നില്‍ വച്ച് കാണാമെന്നായിരുന്നു മിത്ര പറഞ്ഞിരുന്നത്. ഉച്ച കഴിഞ്ഞതോടെ ഫോണെത്തി. 'ചേട്ടാ ഞാന്‍ ലോട്ടോ മാളിന് മുന്നിലുണ്ട്.' ഞാന്‍ മീഡിയ സെന്ററില്‍ നിന്നും വേഗമിറങ്ങി. സെക്യൂരിറ്റിയും കടന്ന ലോട്ടോ മാളിനു മുമ്പില്‍ ചെല്ലുമ്പോള്‍ ബാക് പാക്കും കയ്യില്‍ ഒരു കവറും തൂക്കി മിത്ര നില്‍ക്കുന്നു. ഫോട്ടോ നേരത്തെ കണ്ടിട്ടുള്ളതുകൊണ്ട് തിരിച്ചറിയാന്‍ പ്രയാസപ്പെട്ടില്ല. ചെലവഴിക്കാന്‍ അധിക സമയമില്ല. എനിക്ക് സമാപനച്ചടങ്ങിന്റെ തിരക്ക്. മിത്രയ്ക്ക് തിരിച്ചുപോവുകയും വേണം. ലോട്ടോ മാളില്‍ കയറി ഞങ്ങള്‍ ഓരോ കപ്പ് കാപ്പി കുടിച്ചു. അതിനിടിയില്‍ ഞാന്‍ ദീപയെ ഫോണ്‍ വിളിച്ചു. മിത്ര എത്തിയ കാര്യം പറഞ്ഞു. പിന്നീട് അവര്‍ തമ്മിലായി സംഭാഷണം. മിത്രയ്ക്ക്, ദീപ കൊടുത്തുവിട്ട സമ്മാനം ഞാന്‍ അതിനിടയില്‍ ബാഗില്‍ നിന്നെടുത്തു കൊടുത്തു. പുള്ളിക്കാരിക്ക് വലിയ സന്തോഷമായി.
കാപ്പി കുടിച്ച് വൈകാതെ ഞങ്ങള്‍ പുറത്തിറങ്ങി. പിരിയാന്‍ നേരമായി. ഒരു ഫോട്ടോ എടുക്കേണ്ടേ? സമീത്തു കൂടി ഒരു കൊറിയക്കാരന്‍ യുവാവ് വരുന്നുണ്ട്. പുള്ളിയുടെ കയ്യില്‍ ഫോണ്‍ കൊടുത്തു. ഇഞ്ചിയോണിലെ ആ വൈകുന്നേരം ആ യുവാവ് ഞങ്ങളെ ഫോണില്‍ പകര്‍ത്തി. യാത്ര പറയുന്നതിന് മുമ്പ് കയ്യിലിരുന്ന കവര്‍ മിത്ര എനിക്ക് നീട്ടി. 'ഇത് ചേച്ചിക്കാണ്. എന്റെ സന്തോഷവും സ്നേഹവും ചേച്ചിയേയും കുട്ടികളേയും അറിയിക്കണം'. അന്തം വിട്ട് ഞാന്‍ കവര്‍ തുറന്നപ്പോള്‍ നല്ലൊരു ലേഡീസ് ബാഗ്. വൈകാതെ കൈവീശി മിത്ര യാത്രയായി. ചെയ്തു തന്ന എല്ലാ ഉപകാരങ്ങള്‍ക്കും എങ്ങനെ നന്ദി പറയാന്‍ സാധിക്കുമെന്നറിയാതെ ഞാന്‍ ആ പോക്കും നോക്കി അങ്ങനെ നിന്നു.
(അതിനു ശേഷം മിത്രയെ കാണുന്നത് മൂന്നുവര്‍ഷത്തിനപ്പുറം മിത്രയുടെ വിവാഹത്തിന്റെ തലേന്ന് ഗുരുവായൂരില്‍ വച്ചാണ്. പോസ്റ്റ് ഡോക്ടറല്‍ പഠനവും വിവാഹവും കഴിഞ്ഞ് ഇപ്പോള്‍ മിത്ര ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ജോലിയുമായി ഓസ്ട്രേലിയയിലാണ്. ഞങ്ങളുടെ സൗഹൃദം മെയിലും വാട്സാപ്പുമൊക്കെയായി ഇപ്പോഴും തുടരുന്നു. കൊറിയയെക്കുറിച്ച് എന്തെങ്കിലും സംശയം വരുമ്പോള്‍ ആദ്യം ചോദിക്കുന്നത് മിത്രയോടാണ്).
(അവസാനിച്ചു)
Content Highlights: 2014 asiatic games, Incheon, games memories, mithra
ABOUT THE AUTHOR
മാതൃഭൂമി ചീഫ് സബ് എഡിറ്റർ. ഗ്രന്ഥകർത്താവ്. അങ്ങനെ ഒരു ക്രിസ്മസ് കാലത്ത് എന്ന പുസ്തകത്തിന്റെ രചയിതാവ്









English (US) ·