മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡ‍ന്റ്; വനിതാ പ്രിമിയർ ലീഗ് പ്രഥമ ചെയർമാനായി ജയേഷ് ജോർജ്

3 months ago 4

മുംബൈ∙ മുൻ ഐപിഎൽ താരവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററുമായ മിഥുൻ മൻഹാസിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായി ഔദ്യോഗികമായി നിയമിച്ചു. ഞായറാഴ്ച മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക യോഗത്തിലാണ് മിഥുൻ മൻഹാസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ആഭ്യന്തര ക്രിക്കറ്റിൽ ‍ഡൽഹി താരവും ക്യാപ്റ്റനുമായിരുന്ന മിഥുൻ മൻഹാസ് (45) ദേശീയ ടീമിൽ കളിച്ചിട്ടില്ല.

അതേസമയം, വനിതാ പ്രിമിയർ ലീഗ് ചെയർമാനായി മലയാളി ജയേഷ് ജോർജിനെയും തിരഞ്ഞെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റായ ജയേഷ് ജോർജ്, ഡബ്ല്യുപിഎലിന്റെ പ്രഥമ ചെയർമാനായാണ് തിരഞ്ഞെടുക്കപ്പെട്ടത്.

രാജീവ് ശുക്ല ബിസിസിഐ വൈസ് പ്രസിഡന്റായും ദേവജിത് സൈകിയ സെക്രട്ടറിയായും തുടരും. പ്രഭ്തേജ് സിങ് ഭാട്ടിയ ജോയിന്റ് സെക്രട്ടറിയായും ട്രഷററായി എ.രഘുറാം ഭട്ടും ചുമതലയേറ്റു. ബിസിസിഐ അപെക്സ് കൗൺസിൽ അംഗമായി ജയദേവ് നിരഞ്ജൻ ഷായെ തിരഞ്ഞെടുത്തു. ഗവേണിങ് കൗൺസിൽ അംഗങ്ങളായി അരുൺ ധുമാലും ഖൈറുൽ ജമാൽ മജുംദാറും തിരഞ്ഞെടുക്കപ്പെട്ടു.

ബിസിസിഐ പ്രസിഡന്റായിരുന്ന റോജർ ബിന്നി 70 വയസ്സ് തികഞ്ഞതോടെ രാജിവച്ചപ്പോഴാണ് പ്രസിഡന്റ് സ്ഥാനത്ത് ഒഴിവു വന്നത്. തിരഞ്ഞെടുപ്പ് ഒഴിവാക്കി പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സെപ്റ്റംബർ 20നു ഡൽഹിയിൽ ചേർന്ന അനൗദ്യോഗിക യോഗത്തിൽ മിഥുൻ മൻഹാസിനെ പ്രസിഡന്റായി തീരുമാനിച്ചിരുന്നു.

∙ ചരിത്രനേട്ടത്തിൽ ജയേഷ് ജോർജ്​എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോർജ് ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാകുന്നത്. പിന്നീട് കെസിഎയുടെ ജോയിന്റ് സെക്രട്ടറി, ട്രഷറർ, സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ച് കേരള ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകി. 2019-ൽ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരുന്നപ്പോൾ ദേശീയ തലത്തിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 2022 മുതൽ കെസിഎ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയാണ്.

​മികച്ച സംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയനാണ് ജയേഷ് ജോർജ്. കേരളത്തിൽ വലിയ ആവേശമായി മാറിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ആരംഭിക്കുന്നതിന് മുൻകൈ എടുത്തവരിൽ പ്രമുഖനാണ് അദ്ദേഹം. ലീഗിന്റെ വിജയകരമായ രണ്ട് സീസണുകൾക്ക് പിന്നിലും അദ്ദേഹത്തിന്റെ സംഘാടക മികവ് നിർണായകമായിരുന്നു. ഈ ഭരണമികവും കായികരംഗത്തെ ദീർഘകാലത്തെ അനുഭവസമ്പത്തും ഡബ്ല്യുപിഎല്ലിന്റെ സുഗമമായ നടത്തിപ്പിന് ഗുണകരമാകും.

‘‘രാജ്യം സ്ത്രീശക്തിയുടെ ആഘോഷമായ നവരാത്രി കൊണ്ടാടുമ്പോൾ ലഭിച്ച ഈ സ്ഥാനലബ്ധിയിൽ അതിയായ സന്തോഷമുണ്ട്. എന്നിൽ വിശ്വാസമർപ്പിച്ച ബിസിസിഐയ്ക്കും പിന്തുണ നൽകിയ കേരള ക്രിക്കറ്റ് അസോസിയേഷനും നന്ദി. വിമൻസ് പ്രീമിയർ ലീഗിനെ കൂടുതൽ മികച്ചതാക്കാനും വനിതാ ക്രിക്കറ്റർമാർക്ക് പുതിയ അവസരങ്ങൾ നൽകാനും പ്രയത്നിക്കും.’’ - ജയേഷ് ജോർജ് പറഞ്ഞു.

​ജയേഷ് ജോർജിന്റെ നിയമനം കേരളത്തിലെ വനിതാ ക്രിക്കറ്റിന് വലിയ ഉത്തേജനമാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ അഭിപ്രായപ്പെട്ടു. ‘‘അടുത്ത വർഷം കെസിഎ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിന് ഈ നേട്ടം വലിയ പ്രചോദനമാകും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഡബ്ല്യുപിഎൽ മത്സരങ്ങളും മറ്റ് പ്രധാന വനിതാ ക്രിക്കറ്റ് മത്സരങ്ങളും കേരളത്തിലേക്ക് കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു.’’– അദ്ദേഹം പറഞ്ഞു.

English Summary:

Mithun Manhas is the caller BCCI President. The erstwhile IPL subordinate was officially appointed astatine the BCCI yearly meeting, portion Jayesh George has been selected arsenic the Women's Premier League chairman.

Read Entire Article