മലപ്പുറം ∙ സൂപ്പർ ലീഗ് കേരളയിൽ കഴിഞ്ഞ ദിവസം നടന്ന മലപ്പുറം എഫ്സിയും തൃശൂർ മാജിക് എഫ്സിയും തമ്മിലുള്ള പോരാട്ടം ഉന്നത നിലവാരം പുലർത്തിയോ എന്നു ചോദിച്ചാൽ ‘സംശയമാണ്’ എന്നേ പറയാൻ പറ്റൂ. അതിനു കാരണവുമുണ്ട്. നാലഞ്ചാഴ്ചത്തെ പരിശീലനം കൊണ്ട് ഒരു ടീം സെറ്റാവില്ലെന്ന് എല്ലാവർക്കുമറിയാം. പ്രീ സീസൺ പരിശീലനം എത്ര നാൾ കിട്ടുന്നുവോ അത്രയും നല്ലത്. എന്നാൽ സൂപ്പർ ലീഗ് കേരള പോലൊരു ടൂർണമെന്റിൽ അതിനൊരു അവസരമില്ലാത്തതിനാൽ ഓരോ കളി കഴിയുമ്പോഴും മെച്ചപ്പെടുക എന്ന തന്ത്രമേ നടക്കൂ.
പുതിയൊരു പരിശീലകന്റെ ഫുട്ബോൾ തത്വശാസ്ത്രത്തിലേക്ക് ടീമിലെ എല്ലാവരുമെത്താൻ സമയമെടുക്കും. ക്ഷമ വേണം എന്നതാണ് ആരാധകർക്കുള്ള ആദ്യപാഠം. കാണികൾ മോഹിച്ച ഗുണനിലവാരം മലപ്പുറം എഫ്സിയുടെ ഭാഗത്തുനിന്നുണ്ടായോ എന്നു സംശയിച്ചാലും വിജയം കൊണ്ട് അവർ നാടിന് പുത്തൻ പ്രതീക്ഷ നൽകിയിട്ടുണ്ട്. ഇനിയുമേറെ മെച്ചപ്പെടാൻ ശേഷിയുള്ള സ്ക്വാഡുള്ളതിനാൽ മലപ്പുറം എഫ്സി നൽകുന്ന ശുഭപ്രതീക്ഷയും ചെറുതല്ല.
എങ്കിലും പതിനാലായിരത്തിലധികം വരുന്ന ആരാധകർക്കു മുൻപിൽ കളിച്ചിട്ടും തൃശൂരിനുമേൽ സർവാധിപത്യം പുലർത്താൻ മലപ്പുറത്തിനായില്ല എന്ന സങ്കടം ബാക്കിനിൽക്കുന്നു. ആരാധനയുടെ ഹാങ്ങോവർ മാറ്റിവച്ചു നോക്കിയാൽ തോറ്റെങ്കിലും ഭേദം പ്രകടനം തൃശൂരിന്റേതാണെന്നു പറയേണ്ടിവരും. ബോൾ പൊസഷൻ, പാസുകൾ, പോസ്റ്റിലേക്കുള്ള ഷോട്ടുകൾ എന്നിവയിലെല്ലാം തൃശൂർ മികച്ചുനിന്നതായി കണക്കുകൾ പറയുന്നു. പക്ഷേ, അവർക്കു ഗോൾ നേടാനായില്ല. അതു നേടിയത് മലപ്പുറമാണ്. റണ്ണൗട്ടൊന്നും ബൗളറുടെ മികവല്ലെന്ന് ക്രിക്കറ്റിൽ പറയും. മലപ്പുറത്തിന്റെ പെനൽറ്റി ഗോളിനെക്കുറിച്ചും ഇങ്ങനെ ഒരഭിപ്രായം ഉയരുന്നുണ്ട്. പെനൽറ്റി വിധിക്കാൻ മാത്രം ഗുരുതരമായ ഫൗളല്ല 71–ാം മിനിറ്റിൽ നടന്നതെന്നു വിശ്വസിക്കുന്നവർക്ക് പ്രത്യേകിച്ചും. എന്നാൽ റഫറിയുടെ തീരുമാനം അന്തിമമാണ്. അതിനാൽ മലപ്പുറത്തിന്റെ വിജയം അവിതർക്കവും.
പ്രതീക്ഷിച്ചതും നടന്നതും
∙ പ്രതിരോധത്തിലൂന്നിയ അറ്റാക്കിങ് ആണ് തന്റെ ശൈലി എന്ന് ആദ്യമേ പ്രഖ്യാപിച്ചയാളാണ് മലപ്പുറം എഫ്സിയുടെ പരിശീലകൻ മിഗ്വേൽ കോറൽ ടൊറേറ. അതിനു യോജിച്ചവിധം 3–5–2 ഫോർമാറ്റിലാണ് ആദ്യ ഇലവനെ അദ്ദേഹം ഇറക്കിയതും. പ്രതിരോധത്തിന് ഏറെ വഴക്കം നൽകുന്ന ഈ രീതി കൗണ്ടർ അറ്റാക്കുകൾക്കും അവസരമൊരുക്കുന്നതാണ്. എന്നാൽ ഈ പ്രത്യാക്രമണ സാധ്യത മലപ്പുറം എഫ്സി പ്രയോജനപ്പെടുത്തിയോ എന്ന കാര്യം സംശയം. പ്രത്യേകിച്ച് റോയ് കൃഷ്ണയെപ്പോലുള്ള സൂപ്പർ സ്ട്രൈക്കർക്ക് ഇത്തരത്തിൽ എത്ര പന്ത് കിട്ടി എന്നു നോക്കിയാൽ തന്നെ കാര്യം മനസ്സിലാകും. അതേസമയം, കൗണ്ടർ അറ്റാക്കിൽ തൃശൂർ മാജിക് എഫ്സി മുന്നിട്ടുനിൽക്കുകയും ചെയ്തു. കയറിയിറങ്ങി കളിക്കുന്ന അതിവേഗ വിങ്ങർമാർ വേണ്ട ഈ ശൈലിയിൽ മലപ്പുറത്തിന്റെ വിങ്ങർമാർ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ലെന്നും പറയേണ്ടിവരും. വിങ്ങർമാരോട് മുന്നോട്ടുനീങ്ങാൻ നിരന്തരം ആംഗ്യം കാണിക്കുന്ന കോച്ച് മിഗ്വേലിനെ മൈതാനത്ത് കാണാമായിരുന്നു.
ഇവർ ഹീറോസ്
∙ മികച്ച പ്രകടനം കാഴ്ചവച്ച ചില താരങ്ങളും മലപ്പുറം എഫ്സിയിലുണ്ട്. അതിലൊരാളാണ് എംഎഫ്സി അപ്രതീക്ഷിത സൈനിങ് നടത്തിയ മൊറോക്കൻ താരം ബദർ ബുൾറൂഡ്. ഡിഫൻസീവ് മിഡ്ഫീൽഡറെന്ന നിലയിൽ മനോഹരമായ കളിയായിരുന്നു അദ്ദേഹത്തിന്റേത്. മറ്റൊരാൾ ബ്രസീലിയൻ താരം ജോൺ കെന്നഡിയാണ്. മലപ്പുറം എഫ്സിയുടെ മുന്നേറ്റങ്ങൾക്ക് ലക്ഷ്യബോധം വന്നത് പകരക്കാരനായി അദ്ദേഹം ഇറങ്ങിയതോടെയായിരുന്നു. അടിപൊളി സേവുകൾ കൊണ്ട് മലപ്പുറം എഫ്സിയെ രക്ഷിച്ച പെരിന്തൽമണ്ണക്കാരൻ ഗോൾകീപ്പർ മുഹമ്മദ് അസ്‌ഹറാണ് മറ്റൊരാൾ. ഗോൾ കീപ്പർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടിവന്നു എന്നു പറയുന്നത് പ്രതിരോധനിരയ്ക്ക് അത്ര ശോഭനമല്ലെങ്കിലും പറയാതിരിക്കാനാവില്ല.
മലപ്പുറം ടീം നന്നായി കളിച്ചില്ലെന്നല്ല ഇപ്പറഞ്ഞതിനൊന്നും അർഥം. മനസ്സിൽ സൂക്ഷിക്കാവുന്ന ഒട്ടേറെ നിമിഷങ്ങൾ തീർച്ചയായും ടീം സമ്മാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെടുമെന്നും ഉറപ്പാണ്. ഇത്തവണത്തെ സൂപ്പർ ലീഗിൽ രണ്ടും കൽപിച്ചാണ് എല്ലാ ടീമുകളും ഇറങ്ങിയിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ വേണ്ടിവരും. തൃശൂർ മാജിക് എഫ്സിയെത്തന്നെ നോക്കൂ. കഴിഞ്ഞ സീസണിൽ അതീവ ദുർബലമായിരുന്നു ടീം. എന്നാൽ ഇപ്രാവശ്യം മികച്ച സൈനിങ്ങുകൾ നടത്തി കപ്പിൽ നോട്ടമിട്ടുതന്നെയാണ് അവരുടെ പോരാട്ടം. നമ്മളും ഒരുങ്ങിയിരിക്കണമെന്നർഥം.
കണക്കുകൾ ഇങ്ങനെ
മലപ്പുറം എഫ്സി തൃശൂർ മാജിക് എഫ്സി
ബോൾ പൊസഷൻ 48% 52%
ഷോട്സ് 7 14
ഷോട്സ് ഓൺ ടാർഗറ്റ് 4 4
ടോട്ടൽ പാസ് 378 458
കോർണർ 2 4
∙ വിവരങ്ങൾ സൂപ്പർ ലീഗ് കേരളയുടെ വെബ്സൈറ്റിൽനിന്ന്
English Summary:








English (US) ·