മിന്നിച്ച് നായകൻ, ജയ്സ്വാളിന് പിന്നാലെ സെഞ്ചുറി തികച്ച് ​ഗില്ലും; ഇന്ത്യ 359-3

7 months ago 6

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 359 റൺസെന്ന നിലയിലാണ് ഇന്ത്യ. നായകൻ ശുഭ്മാൻ ​ഗില്ലും യശസ്വി ജയ്സ്വാളും സെഞ്ചുറിയുമായി തിളങ്ങി. കെ.എൽ. രാഹുൽ, സായ് സുദർശൻ, ജയ്സ്വാൾ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ​ഗില്ലിനൊപ്പം (127) ഋഷഭ് പന്താണ് (65) ക്രീസിൽ.

ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും കെ.എല്‍. രാഹുലും നല്‍കിയത്. ഇംഗ്ലണ്ട് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്‌കോറുയര്‍ത്തി. 15-ഓവറില്‍ ടീം 52-ലെത്തി. ഇംഗ്ലീഷ് ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും രാഹുലും ജയ്‌സ്വാളും പിടികൊടുത്തില്ല. ടീം സ്‌കോര്‍ 91-ല്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്.

രാഹുലിനെ ബ്രൈഡന്‍ കാഴ്‌സെ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചുു. 42 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ സായ് സുദര്‍ശനും വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. അരങ്ങേറ്റ മത്സരത്തില്‍ സായ് സുദര്‍ശന് റണ്ണൊന്നുമെടുക്കാനായില്ല. നാലുപന്ത് നേരിട്ട താരത്തെ സ്റ്റോക്‌സ് പുറത്താക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.

മൂന്നാം വിക്കറ്റിൽ യശ്സ്വി ജയ്സ്വാളും നായകൻ ശുഭ്മാൻ ​ഗില്ലും ചേർന്ന് ടീമിനെ കരക​യറ്റി. ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇം​ഗ്ലണ്ടിൽ ഇന്ത്യൻ സ്കോർ കുതിച്ചു. പിന്നാലെ ജയ്സ്വാൾ അർധസെഞ്ചുറി തികച്ചു. ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയ ഇരുവരും സ്കോർ 150-കടത്തി. ബൗണ്ടറികളുമായി നായകൻ ​ഗിൽ സ്കോറിങ്ങിന് വേ​ഗത കൂട്ടി. പിന്നാലെ ഇന്ത്യൻ നായകനും അർധസെഞ്ചുറി നേടി. പിന്നാലെ ജയ്സ്വാൾ സെഞ്ചുറി നേടിയതോടെ ഇന്ത്യ 209 -2 എന്ന നിലയിലെത്തി.

ടീം സ്‌കോര്‍ 221-ല്‍ നില്‍ക്കേ യശസ്വി ജയ്‌സ്വാളിനെ സ്റ്റോക്ക്‌സ് പുറത്താക്കി. 159 പന്തില്‍ നിന്ന് 101 റണ്‍സെടുത്താണ് ജയ്‌സ്വാള്‍ മടങ്ങിയത്. 16 ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. പിന്നാലെയിറങ്ങിയ ഉപനായകന്‍ ഋഷഭ് പന്തുമൊന്നിച്ച് ഗില്‍ ഇന്ത്യയെ 250-കടത്തി. പിന്നാലെ നായകൻ സെഞ്ചുറിയും തികച്ചു. അതോടെ ടീം മൂന്നൂറ് കടന്നു. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 359 റൺസെന്ന നിലയിലാണ് ഇന്ത്യ.

സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവരുടെ വിരമിക്കലിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യ അങ്കംകൂടിയാണിത്. ഇന്ത്യയെ ശുഭ്മാൻ ​ഗിൽ നയിക്കുമ്പോൾ ഇംഗ്ലണ്ട് ടീമിനെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സീസണിലെ ഇന്ത്യന്‍ ടീമിന്റെ ആദ്യമത്സരംകൂടിയാണിത്.

Content Highlights: amerind cricket squad trial bid vs england

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article