02 June 2025, 07:04 PM IST

ഹെൻറിച്ച് ക്ലാസൻ | AP
ന്യൂഡല്‍ഹി: ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസന്‍റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. കരിയറിൽ മിന്നും ഫോമിൽ കളിച്ചുകൊണ്ടിരിക്കവേയാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഇനിയൊരു മത്സരം കളിക്കാനില്ലെന്ന് താരം പ്രഖ്യാപിക്കുന്നത്. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ വിരമിക്കല്‍ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകമാണ് ക്ലാസ്സനും തീരുമാനം പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. മിന്നും ഫോമിലെങ്കിലും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താരം വിരമിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ക്ലാസൻ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
'എന്നെ സംബന്ധിച്ച് ഇത് ദുഃഖകരമായ ദിവസമാണ്. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായിരുന്നു. കുട്ടിക്കാലത്ത് ഇതിനായി ഞാൻ പരിശ്രമിക്കുകയും സ്വപ്നം കാണുകയും ചെയ്തു. നെഞ്ചിൽ പ്രോട്ടീസ് ബാഡ്ജ് ധരിച്ച് കളിക്കാൻ സാധിച്ചത് എന്റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയാണ്. അത് എന്നും അങ്ങനെയായിരിക്കും.'-ക്ലാസന്‍ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
' എനിക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഈ തീരുമാനമെടുക്കുന്നത്. ഞാൻ എപ്പോഴും പ്രോട്ടീസിനെ പിന്തുണക്കും. കരിയറിൽ എന്നെയും എന്റെ സഹകളിക്കാരെയും പിന്തുണച്ച എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.' - ക്ലാസന്‍ കുറിച്ചു.
33-ാം വയസ്സിലാണ് താരം രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളില്‍ സ്പിന്‍ ബൗളിങ്ങിനെ ഫലപ്രദമായി നേരിട്ട അപൂര്‍വ്വം കളിക്കാരില്‍ ഒരാളായിരുന്നു ക്ലാസ്സന്‍. ഏറ്റവും ഒടുവില്‍ ഈ ഐ.പി.എല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ അവസാന മത്സരത്തില്‍ 39 പന്തില്‍ 105 റണ്‍സ് അടിച്ച് തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ചിരുന്നു.
2018-ല്‍ ഇന്ത്യക്കെതിരേയാണ് ക്ലാസന്‍ ഏകദിനത്തില്‍ അരങ്ങേറുന്നത്. പിന്നീട് വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ പ്രോട്ടീസ് ബാറ്റിങ്ങിന്റെ നെടുംതൂണായി ക്ലാസന്‍ മാറി. 60 ഏകദിനമത്സരങ്ങളില്‍ നിന്ന് 2141 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 43.69 ആണ് ശരാശരി. നാല് സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും നേടി. ടി20 യില്‍ 58 മത്സരങ്ങളില്‍ നിന്നായി 1000 റണ്‍സെടുത്തു. നാല് ടെസ്റ്റ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്.
Content Highlights: Heinrich Klaasen status from planetary cricket








English (US) ·