Published: July 13 , 2025 08:52 AM IST
1 minute Read
-
മാളവികയുടെ യാത്രയിൽ സർക്കാർ സഹായം ഉണ്ടാവുമെന്ന് മന്ത്രി ജി.ആർ.അനിൽ
കാഞ്ഞങ്ങാട് ∙ കായിക രംഗത്ത് മാളവികയുടെ മുന്നോട്ടുള്ള പ്രയാണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി ജി.ആർ.അനിൽ. സംസ്ഥാന കായിക മന്ത്രിയുമായും ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും മന്ത്രി നൽകിയ ഉറപ്പ് താൻ ഇവിടെ പരസ്യപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 26 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിലെത്തുന്ന മലയാളിയെന്ന നേട്ടം കൈവരിച്ച നീലേശ്വരം ബങ്കളം സ്വദേശി പി.മാളവികയ്ക്ക് മലയാള മനോരമ ഒരുക്കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമപ്രദേശത്തുനിന്ന് അത്യധ്വാനത്തിലൂടെ വളർന്നുവന്ന് മലയാളികൾക്ക് അഭിമാനമായി മാറിയ മാളവികയ്ക്ക് സ്വീകരണമൊരുക്കിയതിലൂടെ മനോരമ നല്ലൊരു സന്ദേശം കൂടിയാണ് സമൂഹത്തിന് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ഏറെ അധ്വാനിച്ചാണ് താൻ ഈ നിലയിലെത്തിയതെന്നും കുട്ടികളുടെ അഭിരുചി സ്പോർട്സ് ആണെങ്കിൽ, അതിനു പിന്തുണ നൽകാൻ കഴിയുന്ന അധ്യാപകരുണ്ടെങ്കിൽ നമ്മുടെ നാട്ടിലെ സ്‌കൂളുകളിൽ നിന്ന് ഇനിയും പലരും ഇന്ത്യൻ ക്യാംപിലെത്തുമെന്ന് മാളവിക പറഞ്ഞു. മാളവികയുടെ വളർച്ചയുടെ പടവുകൾ ഉൾക്കൊള്ളിച്ച് മനോരമ തയാറാക്കിയ വിഡിയോ ചടങ്ങിൽ അവതരിപ്പിച്ചു. മനോരമയുടെ ഉപഹാരം മന്ത്രി ജി.ആർ.അനിൽ മാളവികയ്ക്ക് സമ്മാനിച്ചു. കാസർകോട് ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡി മുഖ്യാതിഥിയായി. മലയാള മനോരമ കണ്ണൂർ യൂണിറ്റ് കോഓർഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസ് അധ്യക്ഷത വഹിച്ചു. മാളവികയുടെ അമ്മ മിനി പ്രസാദ്, പരിശീലകരായ നിധീഷ് ബങ്കളം, ടി.ആർ.പ്രീതിമോൾ എന്നിവരും പങ്കെടുത്തു.
English Summary:








English (US) ·