Published: May 01 , 2025 01:11 PM IST Updated: May 01, 2025 01:33 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മിന്നുന്ന തുടക്കം കുറിച്ച് രാജ്യാന്തര ക്രിക്കറ്റിൽത്തന്നെ ശ്രദ്ധ നേടിയ മലയാളി യുവതാരം വിഘ്നേഷ് പുത്തൂർ പരുക്കുമൂലം പുറത്ത്. താരത്തിന് ഈ സീസണിൽ തുടർന്നു കളിക്കാനാകില്ലെന്ന് വ്യക്തമായതോടെ പകരക്കാരനായി മറ്റൊരു യുവതാരം രഘു ശർമയെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്‌ക്കാണ് മുപ്പത്തൊന്നുകാരനായ രഘു ശർമ മുംബൈയുടെ ഭാഗമായത്.
കാലിനേറ്റ പരുക്കാണ് വിഘ്നേഷിന് വിനയായത്. താരം ഈ സീസണിൽ തുടർന്ന് കളിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുംബൈ ഇന്ത്യൻസ് പകരക്കാരനെ തേടിയത്.
മുംബൈ ഇന്ത്യൻസിനായി ആദ്യ മത്സരത്തിൽത്തന്നെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മൂന്നു വിക്കറ്റെടുത്ത് ഞെട്ടിച്ച വിഘ്നേഷ് പുത്തൂർ, ആകെ അഞ്ച് മത്സരങ്ങളാണ് കളിച്ചത്. നേടിയത് ആറു വിക്കറ്റും. ഈ സീസണിൽ കളിക്കുന്നില്ലെങ്കിലും വിഘ്നേഷ് ടീമിനൊപ്പം തന്നെ തുടരും. മുംബൈ ഇന്ത്യൻസിന്റെ മെഡിക്കൽ സംഘമാകും വിഘ്നേഷിന്റെ ചികിത്സയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക.
മുംബൈ ഇന്ത്യൻസിന്റെ സപ്പോർട്ട് ബോളിങ് സംഘത്തിലുണ്ടായിരുന്നയാളാണ് പഞ്ചാബിൽ നിന്നുള്ള ലെഗ് സ്പിന്നറായ രഘു ശർമ. ആഭ്യന്തര ക്രിക്കറ്റിൽ 11 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെയും ഒൻപത് ലിസ്റ്റ് എ മത്സരങ്ങളുടെയും മൂന്ന് ട്വന്റി20 മത്സരങ്ങളുടെയും പരിചയസമ്പത്തുള്ള താരമാണ് രഘു. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനു പുറമേ പോണ്ടിച്ചേരിക്കായും കളിച്ചിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് കരിയറിൽ ആകെ കളിച്ച 11 മത്സരങ്ങളിൽനിന്ന് 5 അഞ്ച് വിക്കറ്റ് നേട്ടവും മൂന്ന് 10 വിക്കറ്റ് നേട്ടവും സഹിതം 57 വിക്കറ്റുകളാണ് രഘു ശർമയുടെ സമ്പാദ്യം. 56 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ഇന്നിങ്സിലെ മികച്ച പ്രകടനം. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ച രഘു ശർമ, ഒൻപതു മത്സരങ്ങളിൽനിന്ന് 14 വിക്കറ്റ് വീഴ്ത്തിയിരുന്നു.
English Summary:








English (US) ·