മിന്നൽ വേഗത്തിൽ സ്റ്റംപിങ്ങും ഡൈവിങ് ക്യാച്ചും, ഡിആർഎസ് കിറുകൃത്യം; തോറ്റിട്ടും സഞ്ജു വേറെ ലെവൽ!

9 months ago 9

ഓൺലൈൻ ഡെസ്ക്

Published: April 10 , 2025 04:43 PM IST Updated: April 10, 2025 05:19 PM IST

1 minute Read

 SAJJAD HUSSAIN/AFP
ഷാറുഖ് ഖാനെ സഞ്ജു സ്റ്റംപ് ചെയ്തപ്പോൾ, സഞ്ജു സാംസൺ Photo: SAJJAD HUSSAIN/AFP

അഹമ്മദാബാദ്∙ ഐപിഎലിലെ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് രാജസ്ഥാൻ റോയൽസ് തോറ്റെങ്കിലും വിക്കറ്റിനു പിന്നില്‍ ഗംഭീര പ്രകടനവുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ. സായ് സുദർശന്റേത് അടക്കം നിർണായകമായ രണ്ടു ക്യാച്ചുകളെടുത്തും ഷാറുഖ് ഖാനെ സ്റ്റംപ് ചെയ്തു പുറത്താക്കിയുമാണു സഞ്ജു തകർപ്പൻ പ്രകടനം പുറത്തെടുത്തത്. രാജസ്ഥാൻ റോയൽസിനെതിരെ 58 റൺസ് വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ടോസ് നേടിയ സഞ്ജു ഗുജറാത്തിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

മത്സരത്തിന്റെ 15–ാം ഓവറില്‍ നേരത്തേ ബാറ്റിങ്ങിനിറങ്ങി തകർത്തടിച്ച ഷാറുഖ് ഖാനെ സഞ്ജു സ്റ്റംപ് ചെയ്തത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ വൈഡായി എറിഞ്ഞ പന്ത് കയറി അടിക്കാൻ വേണ്ടി ഷാറുഖ് ക്രീസ് വിടുകയായിരുന്നു. എന്നാൽ പന്ത് പിടിച്ചെടുത്ത് സ്റ്റംപ് തെറിപ്പിക്കുന്ന സഞ്ജുവിന്റെ മിന്നൽ വേഗം കണ്ടുനിൽക്കാൻ മാത്രമാണ് ഗുജറാത്ത് ബാറ്റർക്കു സാധിച്ചത്.

വമ്പനടിക്കാരായ വിൻഡീസ് ബാറ്റർ ഷെർഫെയ്ൻ റുഥർഫോഡിനെയും സഞ്ജു പിന്നാലെ ക്യാച്ചെടുത്തു പുറത്താക്കി. ക്രീസിലെത്തിയപ്പോൾ തന്നെ സിക്സർ പറത്തിയ റുഥർഫോ‍ഡ് സന്ദീപ് ശർമയുടെ പന്തിലാണു പുറത്തായത്. ഗുജറാത്തിന്റെ കുതിപ്പിൽ നിർണായക പ്രകടനം നടത്തിയ സായ് സുദർശനും സഞ്ജുവിന്റെ മികവിലാണു വീണത്. ഇന്ത്യൻ പേസർ തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ സായ് സുദർശൻ എഡ്ജായപ്പോൾ, വലതു ഭാഗത്തേക്കു തകർപ്പനൊരു ഡൈവ് ചെയ്ത സഞ്ജു പന്തു പിടിച്ചെടുത്തു.

മഹീഷ് തീക്ഷണയുടെ പന്തിൽ ജോസ് ബട്‍ലർ എൽബിഡബ്ല്യു ആയപ്പോൾ, അംപയറുടെ തീരുമാനത്തിനെതിരെ ഡിആർഎസിനു പോയി വിക്കറ്റ് നേടിയെടുത്ത സഞ്ജുവിന്റെ നീക്കവും വലിയ കയ്യടിയാണു നേടിയത്. ഔട്ടല്ലെന്ന ആത്മവിശ്വാസത്തിൽ ജോസ് ബ‍ട്‍ലർ ക്രീസിൽ തുടർന്നെങ്കിലും റീപ്ലേകളിൽ പന്തു ലെഗ് സ്റ്റംപിൽ പതിക്കുമെന്നു വ്യക്തമായി. തേര്‍ഡ് അംപയർ ഔട്ട് അനുവദിച്ചതോടെ ബട്‍ലര്‍ക്കു നിരാശയോടെ മടങ്ങേണ്ടിവന്നു. ബാറ്റിങ്ങിലും തിളങ്ങിയ മലയാളി താരം 28 പന്തുകളിൽ 41 റൺസെടുത്തു.

English Summary:

Sanju Samson's monolithic show successful down the stumps against Gujarat Titans

Read Entire Article