
അനുരാജും ജേക്‌സ് ബിജോയിയും കൈതപ്രം ദാമോദരൻ നമ്പൂതിരിക്കൊപ്പം, അനുരാജ് മനോഹറും ജേക്‌സ് ബിജോയിയും | Photo: Facebook/ Anuraj Manohar
മലയാളികളുടെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി 75-ാം പിറന്നാളിന്റെ നിറവിലാണ്. കേവലം പാട്ടെഴുത്തുകാരന്‍ എന്നതിലുപരി, കവിയും സംഗീതസംവിധായകനും നടനും തിരക്കഥാകൃത്തും കര്‍ണാടക സംഗീതജ്ഞനുമാണ് അദ്ദേഹം. കൈതപ്രം ഏറ്റവും ഒടുവില്‍ വരികളെഴുതിയത് ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനംചെയ്ത 'നരിവേട്ട' എന്ന ചിത്രത്തിലാണ്. 'നരിവേട്ട'യിലെ 'മിന്നല്‍വള' എന്ന പാട്ട്, സമീപകാലത്തെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. പാട്ടുണ്ടായതിനേക്കുറിച്ചും കൈതപ്രത്തെക്കുറിച്ചും സംവിധായകനും സംഗീതസംവിധായകനും മാതൃഭൂമി ന്യൂസിനോട് സംസാരിച്ചതില്‍നിന്ന്.
'ഈ സോഫയില്‍ ഇരുന്ന് ഒന്നരമണിക്കൂറില്‍ എഴുതി തീര്‍ത്ത പാട്ടാണ് മിന്നല്‍വള', കൊച്ചിയിലെ തന്റെ സ്റ്റുഡിയോയില്‍ ഇരുന്നുകൊണ്ട് സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയ് പറഞ്ഞു. 'ഷൂട്ട് ചെയ്തത് അദ്ദേഹത്തെ കാണിച്ചു. കുറച്ചുനേരം മൗനമായി ഇരിക്കും. പിന്നെ ഓരോ വരിയായി അദ്ദേഹം എഴുതും', കൈതപ്രത്തിന്റെ എഴുത്ത് രീതിയെക്കുറിച്ച് സംവിധായകന്‍ അനുരാജ് മനോഹര്‍ കൂട്ടിച്ചേര്‍ത്തു. 'ഓരോ വരി എഴുതുമ്പോഴും അനുരാജുമായി ചര്‍ച്ച ചെയ്യും. ഞാന്‍ മാറി നില്‍ക്കും. മീറ്റര്‍ കൃത്യമാണോ എന്ന് നോക്കേണ്ട ജോലിമാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ', ജേക്‌സ് പറഞ്ഞു.
'എഴുതി എഴുതി, മിന്നല്‍ വള കൈയിലിട്ട പെണ്ണഴകേ എന്ന് എഴുതി തീരുമ്പോള്‍ ശരിക്കും ഒരു മാജിക്കാണ് ഈ മുറിയില്‍ സംഭവിച്ചത്. എല്ലാംകൂടെ ഒത്തുവന്ന് ഒന്നരമണിക്കൂറില്‍ പണിയും തീര്‍ത്ത് 'എന്നാല്‍ പോവാം മക്കളേ', എന്നും പറഞ്ഞ് അദ്ദേഹം പോയി', സംഗീതസംവിധായകന്‍ പറഞ്ഞു. 'ആദ്യം എഴുതിയത് ക്രിസ്ത്യന്‍ ഭക്തിഗാനം പോലെയൊന്നായിരുന്നു. അതിന്റെ അടുത്ത പടിയായാണ് കണ്ണോട് കണ്ടപ്പോള്‍ എന്ന് എഴുതി തന്നത്', അനുരാജ് കൂട്ടിച്ചേര്‍ത്തു.
'ആ പ്രായത്തിലും അദ്ദേഹത്തിന്റെ എനര്‍ജിയും ആത്മവിശ്വാസവുമാണ് എടുത്തുപറയേണ്ടത്. ഞാന്‍ ചെയ്യും, എനിക്ക് ചെയ്യാന്‍ പറ്റും, ഇപ്പോഴത്തെ ട്രെന്‍ഡിന് അനുസരിച്ച് എഴുതും എന്ന ആത്മവിശ്വാസം', 75-ാം വയസ്സിലും എല്ലാതലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ പാട്ടുകള്‍ എഴുതുന്ന കൈതപ്രത്തെക്കുറിച്ച് ജേക്‌സ് വാചാലനായി.
'നന്ദി മനസേ എന്നാണ് പാട്ടുകേട്ട ശേഷം കൈതപ്രം എനിക്കയച്ച മെസേജ്. 75 വയസ്സുള്ള ചെറുപ്പക്കാരന്‍ എഴുതിയ പാട്ടാണ് എന്ന് അദ്ദേഹം തന്നെ യൂട്യൂബില്‍ കമന്റ് ചെയ്തു', പാട്ട് പുറത്തിറങ്ങിയ ശേഷമുള്ള കൈതപ്രത്തിന്റെ പ്രതികരണത്തെക്കുറിച്ച് അനുരാജ് മനോഹര്‍ പറഞ്ഞു.
Content Highlights: Kaithapram`s 75th Birthday:Jakes Bejoy `Minnalvala`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·