ന്യൂഡല്‍ഹി: 2036-ലെ ഒളിമ്പിക്സിന് ആതിഥ്യംവഹിക്കാനുള്ള ഇന്ത്യയുടെ ശ്രമം പുതിയതലത്തിലേക്ക് കടക്കുന്നു. ഒളിമ്പിക്സ് ആതിഥേയത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി)യുമായി ചര്‍ച്ചചെയ്യാന്‍ ഇന്ത്യ വിദഗ്ധസംഘത്തെ നിയമിച്ചു.
ഉന്നതതലസംഘം ജൂണ്‍ അവസാനം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനമായ സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസെയ്നിലേക്കുപോകും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേന്‍ (ഐഒഎ) അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷയാണ് സംഘത്തിന്റെ നേതാവ്. അസോസിയേഷന്‍ സിഇഒ രഘുറാം അയ്യര്‍, കേന്ദ്ര കായിക സെക്രട്ടറി ഹരി രഞ്ജന്‍ റാവു, ഗുജറാത്ത് കായികമന്ത്രി ഹര്‍ഷ് സംഘ്വി, അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മിഷണര്‍ ബഞ്ച നിധി പാണി തുടങ്ങിയവര്‍ സംഘത്തിലുണ്ട്. ഐഒസിയുടെ ഫ്യൂച്ചര്‍ ഒളിമ്പിക് കമ്മിഷനുമായാണ് (എഫ്എച്ച്സി) ഇന്ത്യന്‍ സംഘം ചര്‍ച്ചനടത്തുക.
നേരത്തേ കരുതിയപോലെ, വേദി അനുവദിച്ചുകിട്ടുകയാണെങ്കില്‍ അഹമ്മദാബാദ് ആയിരിക്കും പ്രധാനകേന്ദ്രമെന്നതിന്റെ സൂചനകൂടിയാണ് ഈ സംഘം. ഇന്ത്യയെക്കൂടാതെ ഇന്‍ഡൊനീഷ്യ, ഖത്തര്‍, സൗദി അറേബ്യ, ജര്‍മനി, ദക്ഷിണകൊറിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളും ആതിഥേയത്വത്തിന് ശ്രമിക്കുന്നുണ്ട്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും എഫ്എച്ച്സിയുമായി നേരത്തേതന്നെ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള യോഗം ആദ്യമാണ്. ഐഒസിയുടെ പുതിയ പ്രസിഡന്റായി സിംബാബ്വേക്കാരിയായ ക്രിസ്റ്റി കോവെന്‍ട്രി മാര്‍ച്ചില്‍ ചുമതലയേറ്റിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസിനും ശ്രമം
ഒളിമ്പിക്സിനുള്ള ഒരുക്കം എന്നനിലയില്‍ 2030 കോമണ്‍വെല്‍ത്ത് ഗെയിംസും അതേവര്‍ഷം നടക്കുന്ന യൂത്ത് ഒളിമ്പിക്സും നടത്താനും ഇന്ത്യ ശ്രമംതുടരുന്നുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്റെ ആസ്ഥാനമായ ലണ്ടനില്‍ ജൂണ്‍ രണ്ടുമുതല്‍ ഏഴുവരെ പി.ടി. ഉഷയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചനടത്തും.
മത്സരനിലവാരം ഉയര്‍ത്തണമെന്ന് നിര്‍ദേശം
ഒളിമ്പിക്‌സ് ആതിഥേയത്വത്തിന് ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടക്കുന്ന കായികമേളകളുടെ നിലവാരം ഉയര്‍ത്തണമെന്ന് കായികമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍, ഇന്ത്യന്‍ പാരലിമ്പിക് കമ്മിറ്റി, ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ എന്നിവയ്ക്കാണ് കായികമന്ത്രാലയം നിര്‍ദേശംനല്‍കിയത്. മത്സരങ്ങളില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ മാനദണ്ഡമനുസരിച്ചുള്ള നിലവാരവും സൗകര്യങ്ങളും ഉറപ്പാക്കണം. വരുംവര്‍ഷത്തേക്കുള്ള കായിക കലണ്ടര്‍ ഡിസംബറില്‍ത്തന്നെ പ്രസിദ്ധീകരിക്കണം, ആറുമാസംമുന്‍പുതന്നെ മത്സരാര്‍ഥികള്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായ നിര്‍ദേശംനല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളുണ്ട്.
Content Highlights: India`s team, led by PT Usha, heads to IOC office to sermon hosting the 2036 Olympics








English (US) ·