.jpg?%24p=17ea604&f=16x10&w=852&q=0.8)
ഇറാൻ-യു.എസ്.എ മത്സരം കാണാനെത്തിയ കാണികൾ. Photo: Getty Images
ക്രൂയിസ് മിസൈലുകളില്ല; റോക്കറ്റുകളും ഡ്രോണുകളുമില്ല. ആകെയുള്ളത് ബൂട്ടിലെ വെടിമരുന്ന് മാത്രം. യുദ്ധം ജയിക്കാന്‍ ആ മരുന്ന് ധാരാളമായിരുന്നു ഇറാന്. 1998 ലെ ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരത്തില്‍ മഹ്ദി മഹദാവികിയയുടെയും ഹമീദ് എസ്തിലിയുടേയും തകര്‍പ്പന്‍ ഗോളുകളുടെ പിന്‍ബലത്തില്‍ അമേരിക്കക്കെതിരേ ഇറാന്‍ നേടിയ അട്ടിമറി വിജയം (2-1) ഇന്ന് ചരിത്രത്തിന്റെ ഭാഗം. രാഷ്ട്രീയനേതാക്കന്മാരുടെ രണ്ടു പതിറ്റാണ്ടു കാലത്തെ കൊണ്ടുപിടിച്ചുള്ള അധ്വാനത്തെക്കാള്‍ കടുത്തതായിരുന്നു മൈതാനത്തെ തൊണ്ണൂറു മിനിറ്റ് പോരാട്ടമെന്ന് യുഎസ് ഡിഫന്‍ഡര്‍ ജെഫ് ആഗൂസ് പറഞ്ഞത് വെറുതെയല്ല. ലോകം മുഴുവന്‍ വീര്‍പ്പടക്കി കാത്തിരുന്ന ആ മില്യണ്‍ ഡോളര്‍ ഏറ്റുമുട്ടലിന്റെ വീറും വാശിയും ചൂരും ചൂടും തത്സമയം അനുഭവിച്ചറിച്ചറിഞ്ഞവരില്‍ ഒരാളാണല്ലോ ആഗൂസ്.
എല്ലാ മത്സരങ്ങളുടെയും മാതാവ് (ദി മദര്‍ ഓഫ് ഓള്‍ ഗെയിംസ്) എന്നായിരുന്നു പാരീസ് ലോകകപ്പിലെ ആ യു എസ് - ഇറാന്‍ പോരാട്ടത്തിന് മാധ്യമലോകം ചാര്‍ത്തിക്കൊടുത്ത വിശേഷണം. തെല്ലും അതിശയോക്തി കലര്‍ന്നിരുന്നില്ല അതില്‍. അത്രയും വഷളായിക്കഴിഞ്ഞിരുന്നു ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം. മുഹമ്മദ് മൊസദ്ദെഗ്ഗിന്റെ ജനാധിപത്യ ഭരണകൂടത്തെ 1953 ല്‍ ബ്രിട്ടനുമായി കൂട്ടുചേര്‍ന്ന് അമേരിക്ക അട്ടിമറിച്ചത് മുതല്‍ തുടങ്ങുന്നു സ്പര്‍ദ്ധയുടെ ചരിത്രം. അമേരിക്കന്‍ പിന്തുണയുള്ള ഷാ മുഹമ്മദ് റെസ പഹ്ലവിയെ ജനകീയ വിപ്ലവത്തിലൂടെ 1979 ല്‍ ഇറാനിയന്‍ ജനത സ്ഥാനഭ്രഷ്ടനാക്കിയതോടെ ശത്രുതയുടെ ആക്കം കൂടി. 1980 മുതല്‍ 88 വരെ നീണ്ട ഇറാന്‍ - ഇറാഖ് യുദ്ധത്തില്‍ ഇറാഖിനെ അമേരിക്ക പിന്തുണയ്ക്കുക കൂടി ചെയ്തതോടെ സ്ഥിതിഗതികള്‍ വീണ്ടും കലുഷം. സ്‌ഫോടനാത്മകമായ ആ അന്തരീക്ഷത്തിലായിരുന്നു 1998 ലെ ലോകകപ്പ് 'യുദ്ധ'ത്തിന്റെ കിക്കോഫ്.
കളിക്കളത്തിലും കണ്ടു രാഷ്ട്രീയവൈരത്തിന്റെ മാറ്റൊലി. മത്സരത്തിന് മുന്‍പുള്ള ഔപചാരിക ഹസ്തദാനത്തില്‍ നിന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. ഫിഫ നിയമാവലി അനുസരിച്ച് 'ടീം ബി' ആണ് 'ടീം എ'യെ ചെന്നുകണ്ട് അഭിവാദ്യമര്‍പ്പിക്കേണ്ടത്. ഇവിടെ ഇറാനാണ് ടീം ബി. എന്നാല്‍ അമേരിക്കന്‍ ടീമിന് അങ്ങോട്ട് ചെന്ന് കൈകൊടുക്കേണ്ട ഗതികേട് ഇറാനില്ലെന്ന് ആത്മീയ നേതാവ് ആയത്തുള്ള ഖമീനി പ്രഖ്യാപിച്ചതോടെ സംഘാടകര്‍ കുഴങ്ങി. പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ടത് ഇറാന്‍കാരനായ ഫിഫയുടെ മീഡിയ ഓഫീസര്‍ മെഹര്‍ദാദ് മസൂദിയാണ്. മസൂദിയുടെ അഭ്യര്‍ഥന മാനിച്ച് ഇറാന്‍ ടീമിനെ അങ്ങോട്ട് ചെന്ന് അഭിവാദ്യം ചെയ്യാനും ഹസ്തദാനം നല്‍കാനും സമ്മതിക്കുന്നു യു എസ്.
തീര്‍ന്നില്ല. സുരക്ഷയായിരുന്നു അതിലും വലിയ വെല്ലുവിളി. മത്സരത്തിന്റെ ഏഴായിരം ടിക്കറ്റ് ഒരു ഇറാഖി ഭീകര സംഘടന മുന്‍കൂട്ടി സ്വന്തമാക്കിയ വിവരം സംഘാടകര്‍ മണത്തറിഞ്ഞത് അവസാനനിമിഷമാണ്. ഭീകരര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം നിഷേധിക്കുക പ്രയോഗികമായിരുന്നില്ല. പകരം അക്കൂട്ടത്തിലെ കുപ്രസിദ്ധരെ കണ്ടെത്തി, അവരുടെ ഫോട്ടോ ടെലിവിഷന്‍ ക്യാമറാ ക്രൂവിന് കൈമാറി. അത്തരക്കാരുടെ പ്രതിഷേധ പ്രകടനങ്ങളും ബാനറുകളും ക്യാമറയില്‍ പെടാതെ ശ്രദ്ധിക്കണമെന്നായിരുന്നു കര്‍ശന നിര്‍ദ്ദേശം. ഗ്യാലറിയിലെ പ്രതിഷേധം ഫലിക്കാതെ വന്നാല്‍ അക്രമികള്‍ കളിക്കിടെ മൈതാനത്തേക്ക് ഇരച്ചുകയറാനും ശ്രമിച്ചേക്കുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം ആക്രമണങ്ങള്‍ തടയാന്‍ സ്റ്റേഡിയത്തിനകത്തെ സുരക്ഷാസന്നാഹം ഇരട്ടിയാക്കി.
.jpg?$p=fd5c12f&w=852&q=0.8)
ഭാഗ്യവശാല്‍ പ്രതീക്ഷിച്ചത്ര സ്‌ഫോടനാത്മകമായില്ല മത്സരാന്തരീക്ഷം. കൈകളില്‍ വെള്ള പനിനീര്‍പുഷ്പങ്ങളുമായാണ് ഇറാനിയന്‍ കളിക്കാര്‍ ഗ്രൗണ്ടിലേക്കിറങ്ങിവന്നത്. സമാധാനത്തിന്റെ പ്രതീകമായി എതിരാളികള്‍ക്ക് പുഷ്പങ്ങള്‍ സമ്മാനിച്ച ശേഷമേ അവര്‍ കളി തുടങ്ങിയുള്ളൂ. അമേരിക്കന്‍ കളിക്കാരുമായി ചേര്‍ന്നുനിന്ന് ഗ്രൂപ്പ് ഫോട്ടോയിലും പങ്കാളികളായി ഗോള്‍കീപ്പര്‍ അഹ്‌മദ് റെസാ ആബിദ്‌സാദേ നയിച്ച ഇറാനിയന്‍ ടീം. പക്ഷേ കളിക്കളത്തില്‍ ആ 'സൗഹൃദഭാവം' ആവര്‍ത്തിച്ചില്ല ഇറാന്‍. ഇടവേളക്ക് അഞ്ചു മിനിറ്റ് മുന്‍പ് ഹമീദിയിലൂടെ ആദ്യഗോള്‍ നേടി അവര്‍. എണ്‍പത്തിനാലാം മിനിറ്റില്‍ മഹ്ദിയുടെ ബൂട്ടില്‍ നിന്ന് അടുത്ത ഗോളും. മക്‌ബ്രൈബിലൂടെ അവസാനനിമിഷം യുഎസ് ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല അവര്‍ക്ക്.
അന്നത്തെ മത്സരം എനിക്ക് ചിരസ്മരണീയമായതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട് - തെന്നിന്ത്യന്‍ സിനിമ കണ്ട കണ്ണില്‍ ചോരയില്ലാത്ത വില്ലന്മാരിലൊരാളായ എം.എന്‍ നമ്പ്യാര്‍ എന്ന മഞ്ഞേരി നാരായണന്‍ നമ്പ്യാര്‍ക്കൊപ്പമിരുന്നാണ് ആ കളി ഞാന്‍ ടെലിവിഷനില്‍ കണ്ടത് എന്നതുതന്നെ. സ്വപ്നങ്ങളില്‍ പോലുമില്ലാതിരുന്ന ഒരു വിചിത്ര നിയോഗം.
മുന്‍കൂട്ടി നിശ്ചയിച്ച അഭിമുഖത്തിന് വേണ്ടി ചെന്നൈ ഗോപാലപുരത്തെ വീട്ടിലെത്തുമ്പോള്‍ പുലര്‍ച്ചെ നടന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിന്റെ പുനഃസംപ്രേഷണം കാണാന്‍ ടെലിവിഷന് മുന്നിലാണ് ജന്മം കൊണ്ട് കണ്ണൂര്‍ക്കാരനും കളിക്കമ്പക്കാരനുമായ എമ്മെന്‍. സംസാരിക്കാനുള്ള മൂഡിലല്ല. കളി കഴിയട്ടെ, എന്നിട്ടു നോക്കാം എന്ന ഭാവം. മക്കള്‍ തിലകം എം ജി ആറിനെയും നടികര്‍ തിലകം ശിവാജി ഗണേശനേയും ജയ്ശങ്കറിനെയും നമ്മുടെ പ്രേംനസീറിനെയുമൊക്കെ തോക്കു ചൂണ്ടിയും വാള്‍ വീശിയും പല്ലിറുമ്മിയും വിറപ്പിച്ച വില്ലനൊപ്പമിരുന്ന് കളി കാണാനുള്ള സുവര്‍ണ്ണാവസരം എന്തിന് പാഴാക്കണം?
ഡിഫന്‍ഡര്‍ ഡേവിഡ് റെജിസിനെ കബളിപ്പിച്ച് അമേരിക്കന്‍ പെനാല്‍റ്റി ബോക്‌സില്‍ നുഴഞ്ഞുകയറി ഇറാന്റെ മഹ്ദി മഹദാവികിയ പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ തലയില്‍ കൈവച്ചു കേണു എം എന്‍ നമ്പ്യാര്‍: 'കടവുളൈ, എല്ലാം പോച്ച്..'
എനിക്ക് ചിരിയായിരുന്നു. ഗോളടിച്ച ഇറാന്റെ ഭാഗത്താണല്ലോ ഞാന്‍; നമ്പ്യാര്‍ തോറ്റമ്പിയ അമേരിക്കയുടെയും.
ഗോള്‍കീപ്പര്‍ കേസി കെല്ലറെയും കടന്നു പന്ത് വലയില്‍ ചെന്നൊടുങ്ങുമ്പോള്‍ കളി തീരാന്‍ കഷ്ടിച്ച് ആറു മിനിറ്റ്. മത്സരത്തില്‍ അമേരിക്കക്ക് ഇനി ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് സ്‌കോപ്പില്ലെന്ന് മനസ്സുകൊണ്ട് തീരുമാനിച്ചുറച്ചിരുന്നു നമ്പ്യാര്‍. മടക്കമില്ലാത്ത രണ്ടു ഗോളിന് മുന്നിലായിരുന്നല്ലോ ഇറാന്‍. അവസാന നിമിഷങ്ങളില്‍ യുഎസ് ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല. ലോങ് വിസില്‍ മുഴങ്ങുമ്പോള്‍ ഇറാന്‍ 2 -1 ന് മുന്നില്‍.
ടെലിവിഷന്‍ ഓഫാക്കി നിരാശയോടെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കവേ എന്നെ നോക്കി 'ആയിരത്തില്‍ ഒരുവനി'ലെ കടല്‍ക്കൊള്ളക്കാരനെപ്പോലെ കണ്ണിറുക്കി, കൃത്രിമഗൗരവത്തില്‍ നമ്പ്യാര്‍ ചോദിച്ചു: 'തോല്‍പ്പിക്കാന്‍ വേണ്ടി വന്നതാണ്. അല്ലേ?'
Content Highlights: Relive Iran`s stunning 2-1 triumph implicit the US successful the 1998 World Cup
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്









English (US) ·