Published: April 10 , 2025 12:25 PM IST
1 minute Read
-
രാജസ്ഥാനെതിരെ ഗുജറാത്തിന് 58 റൺസ് ജയം
-
സായ് സുദർശൻ (82) പ്ലെയർ ഓഫ് ദ് മാച്ച്
അഹമ്മദാബാദ്∙ ഐപിഎലിലെ പുതിയ ‘മിസ്റ്റർ കൺസിസ്റ്റന്റ്’ സായ് സുദർശന്റെ (53 പന്തിൽ 82) ക്ലാസിക് അർധസെഞ്ചറിയുടെ ബലത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 58 റൺസിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 217 റൺസ് നേടിയപ്പോൾ രാജസ്ഥാന്റെ പോരാട്ടം 159ൽ അവസാനിച്ചു. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 6ന് 217. രാജസ്ഥാൻ 19.2 ഓവറിൽ 159ന് പുറത്ത്. സായ് സുദർശനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ദയനീയം രാജസ്ഥാൻ218 റൺസ് പിന്തുടർന്നിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെയും (7 പന്തിൽ 6) നിതീഷ് റാണയെയും (3 പന്തിൽ 1) നഷ്ടമായി. മൂന്നാം വിക്കറ്റിൽ 26 പന്തിൽ 48 റൺസ് കൂട്ടിച്ചേർത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ (28 പന്തിൽ 41)– റിയാൻ പരാഗ് (14 പന്തിൽ 26) സഖ്യം രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാഗിനെ കുൽവന്ദ് ഖെജ്രോലിയ വീഴ്ത്തി. വൈകാതെ ധ്രുവ് ജുറേലിനെ (4 പന്തിൽ 5) റാഷിദ് ഖാൻ മടക്കി. പിന്നീട് രാജസ്ഥാന്റെ പ്രതീക്ഷ മുഴുവൻ ക്യാപ്റ്റൻ സഞ്ജുവിലായിരുന്നു. എന്നാൽ 13–ാം ഓവറിൽ സഞ്ജു പ്രസിദ്ധ് കൃഷ്ണയ്ക്കു മുന്നിൽ വീണതോടെ മത്സരത്തിൽ ഗുജറാത്ത് പൂർണ ആധിപത്യം ഉറപ്പിച്ചു. അവസാന ഓവറുകളിൽ ഷിമ്രോൺ ഹെറ്റ്മെയർ (32 പന്തിൽ 52) നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് തോൽവി ഭാരം കുറയ്ക്കാനേ സാധിച്ചുള്ളൂ.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനു രാജസ്ഥാന‍് പേസർ ജോഫ്ര ആർച്ചർ എറിഞ്ഞ മൂന്നാം ഓവറിൽ തന്നെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (3 പന്തിൽ 2) നഷ്ടമായി. തുടക്കം പാളിയെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച സായ് സുദർശൻ– ജോസ് ബട്‌ലർ (25 പന്തിൽ 36) സഖ്യം 47 പന്തിൽ 80 റൺസ് കൂട്ടിച്ചേർത്ത് ഗുജറാത്തിന്റെ അടിത്തറ ദൃഢമാക്കി. പിന്നാലെയെത്തിയ ഷാറുഖ് ഖാൻ (20 പന്തിൽ 36) ഗുജറാത്തിന്റെ സ്കോറിങ് വേഗത്തിലാക്കി. സെഞ്ചറിക്ക് 18 റൺസ് അകലെ സായ് പുറത്താകുമ്പോൾ ഗുജറാത്ത് സ്കോർ 187ൽ എത്തിയിരുന്നു. 53 പന്തിൽ 3 സിക്സും 8 ഫോറും അടങ്ങുന്നതാണ് സായിയുടെ ഇന്നിങ്സ്. പിന്നാലെ റാഷിദ് ഖാൻ (4 പന്തിൽ 12), രാഹുൽ തെവാത്തിയ (12 പന്തിൽ 24 നോട്ടൗട്ട്) എന്നിവർ ചേർന്നു ഗുജറാത്തിനെ 217 റൺസിൽ എത്തിച്ചു.
സൂപ്പർ 4അപ്രതീക്ഷിതമായി നാലാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഷാറുഖ് ഖാൻ നടത്തിയ സാംപിൾ വെടിക്കെട്ടാണ് ഗുജറാത്തിന്റെ കുതിപ്പിന് പ്രചോദനമായത്. ജോസ് ബട്‌ലർ പുറത്താകുമ്പോൾ 10 ഓവറിൽ 94 റൺസായിരുന്നു ഗുജറാത്തിന്റെ സ്കോർ ബോർഡിൽ. പൊതുവേ ഫിനിഷർ റോളിൽ എത്താറുള്ള ഷാറുഖിനെ റൺനിരക്ക് ഉയർത്താനുള്ള ചുമതല ഏൽപിച്ച് ടീം മാനേജ്മെന്റ് നാലാം നമ്പറിൽ ഇറക്കിവിട്ടു. 20 പന്തിൽ 2 സിക്സും 4 ഫോറുമടക്കം 36 റൺസുമായി ആഞ്ഞടിച്ച ഷാറുഖ്, 15 ഓവറിൽ ടീം സ്കോർ 150 കടത്തി. ഗുജറാത്തിന്റെ ടീം ടോട്ടൽ 200 കടക്കാൻ ഇന്ധനമായത് ഷാറുഖിന്റെ ഈ ഇന്നിങ്സായിരുന്നു.
English Summary:








English (US) ·