Published: June 01 , 2025 09:26 PM IST Updated: June 02, 2025 01:57 AM IST
1 minute Read
അഹമ്മദാബാദ്∙ മുംബൈ ഇന്ത്യൻസിനെ മുൾമുനയിൽ നിർത്തിയ രണ്ടേകാൽ മണിക്കൂർ – രണ്ടാം ക്വാളിഫയറിനു വേദിയാകേണ്ട അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പെയ്ത മഴ മുംബൈ ഇന്ത്യൻസ് ആരാധകർക്കും ടീമംഗങ്ങൾക്കുമെല്ലാം സമ്മാനിച്ചത് ആശങ്കയുടെ നിമിഷങ്ങളാണ്. ആവേശകരമായ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തിയെത്തിയ മുംബൈ ഇന്ത്യൻസിനെ, രണ്ടാം ക്വാളിഫയറിൽ മഴ ചതിക്കുമോ എന്ന ചോദ്യം അന്തരീക്ഷത്തിൽ ഉയർന്നെങ്കിലും മഴമാറി കളി ആരംഭിച്ചതോടെയാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്. രണ്ടേകാൽ മണിക്കൂർ വൈകി തുടങ്ങിയ കളിയിൽ ഒടുവിൽ മുംബൈ തോറ്റെങ്കിലും, കളിച്ചു തോറ്റു എന്ന ആശ്വാസം മാത്രം ബാക്കി.
മത്സരം തുടങ്ങുന്നതിനു തൊട്ടുമുൻപ് മഴയെത്തിയതോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെങ്ങും മുംബൈ ആരാധകർക്ക് ആശങ്കയുടെ മുഖമായിരുന്നു. മുംബൈ ഇന്ത്യൻസ് ഉടമകളായ നിത അംബാനിയും ആകാശ് അംബാനിയും ആശങ്കയോടെ നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. മത്സരം നടക്കാതെ വന്നാൽ മുംബൈ ഇന്ത്യൻസ് പുറത്താകും എന്നതായിരുന്നു കാരണം.
ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ നേടിയ മേധാവിത്തമാണ് മത്സരം മുടങ്ങുന്ന സാഹചര്യം വന്നാൽ പഞ്ചാബ് കിങ്സിന് മുൻതൂക്കം നൽകിയത്. ലീഗ് ഘട്ടത്തിലെ 14 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒൻപതു വിജയവും നാലു തോൽവിയും ഉപേക്ഷിക്കപ്പെട്ട മത്സരത്തിലെ പങ്കുവച്ച പോയിന്റും ഉൾപ്പെടെ 19 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായിരുന്നു ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്സ്.
തീർത്തും മോശം പ്രകടനവുമായി സീസണിനു തുടക്കമിട്ട മുംബൈ ഇന്ത്യൻസ് ആകട്ടെ, ‘ലാസ്റ്റ് വണ്ടി’യായാണ് നാലാം സ്ഥാനത്തോടെ പ്ലേഓഫിൽ കയറിക്കൂടിയത്. 14 കളികളിൽനിന്ന് എട്ടു ജയവും ആറു തോൽവിയും സഹിതം 16 പോയിന്റോടെയാണ് മുംബൈ നാലാം സ്ഥാനത്തെത്തിയത്. മത്സരം നടക്കാതെ വന്നാൽ ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനത്തിന്റെ ബലത്തിൽ പഞ്ചാബ് നേരെ ഫൈനലിൽ കടക്കുമായിരുന്നു.
ലീഗ് ഘട്ടത്തിൽ മോശമാക്കിയെങ്കിലും, പ്ലേഓഫിൽ തകർപ്പൻ പ്രകടനത്തോടെയാണ് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിനു യോഗ്യത നേടിയത്. 200നു മുകളിൽ വിജയലക്ഷ്യം ഉയർത്തി വെല്ലുവിളിച്ച ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിനാണ് ഹാർദിക് പാണ്ഡ്യയും സംഘവും തകർത്തത്. മറുവശത്ത് ഒന്നാം ക്വാളിഫയറിൽ ആർസിബിയോട് ദയനീയ തോൽവി വഴങ്ങിയാണ് ശ്രേയസ് അയ്യരും സംഘവും രണ്ടാം ക്വാളിഫയർ കളിക്കേണ്ട അവസ്ഥയിലെത്തിയത്. ഫോം വച്ചു നോക്കുമ്പോൾ കളി നടന്നില്ലെങ്കിൽ നഷ്ടം മുംബൈയ്ക്ക് എന്നായിരുന്നു വിലയിരുത്തലെങ്കിലും, കളി കഴിഞ്ഞപ്പോൾ പഞ്ചാബിനോട് തോറ്റ് മുംബൈ പുറത്തായി.
English Summary:








English (US) ·