മുംബൈ ഇന്ത്യൻസ് നടത്തിയ ആ രണ്ട് നീക്കങ്ങളും ക്ലിക്കായി; എലിമിനേറ്ററിൽ ഗുണം ചെയ്തത് ഇവരുടെ പ്രകടനങ്ങൾ

7 months ago 8

Curated by: ഗോകുൽ എസ്|Samayam Malayalam31 May 2025, 12:37 am

Mumbai Indians: 2025 സീസൺ ഐപിഎല്ലിൽ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി മുംബൈ ഇന്ത്യൻസ്. എലിമിനേറ്ററിൽ ടീം നടത്തിയ നീക്കങ്ങൾ വൻ വിജയം. ത്രില്ലടിച്ച് ആരാധകർ.

മുംബൈ ഇന്ത്യൻസ്മുംബൈ ഇന്ത്യൻസ് (ഫോട്ടോസ്- Samayam Malayalam)
2025 സീസൺ ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. വെള്ളിയാഴ്ച രാത്രി നടന്ന എലിമിനേറ്റർ മത്സരത്തിൽ കരുത്തരായ ഗുജറാത്ത് ടൈററ്റൻസിനെ 20 റൺസിന് കീഴടക്കിയാണ് മുംബൈയുടെ ക്വാളിഫയർ പ്രവേശം. മുല്ലൻപൂരിൽ നടന്ന കളിയിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 228/5 എന്ന പടുകൂറ്റൻ സ്കോർ നേടിയപ്പോൾ, ഗുജറാത്തിന്റെ മറുപടി 208/6 ൽ അവസാനിച്ചു.

എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസ് വിജയം നേടുമ്പോൾ എടുത്തുപറയേണ്ടത് പകരക്കാരായി ടീമിലേക്ക് വന്ന താരങ്ങളുടെ പ്രകടനങ്ങളാണ്‌. ദേശീയ ടീമിനൊപ്പം മത്സരങ്ങൾ ഉള്ളതിനാൽ മുംബൈ ഇന്ത്യൻസിന്റെ മൂന്ന് താരങ്ങളായിരുന്നു പ്ലേ ഓഫിന് മുൻപ് നാട്ടിലേക്ക് മടങ്ങിയത്. ഇത്തരത്തിൽ നാട്ടിലേക്ക് പോയ കളിക്കാർക്ക് താൽക്കാലിക പകരക്കാരെ സൈൻ ചെയ്യാൻ ടീമുകൾക്ക് ബിസിസിഐ അനുവാദം നൽകിയിരുന്നു. എന്നാൽ ഇവരെ അടുത്ത സീസണിലേക്ക് ടീമിൽ നിലനിർത്താൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കില്ല.

മുംബൈ ഇന്ത്യൻസ് നടത്തിയ ആ രണ്ട് നീക്കങ്ങളും ക്ലിക്കായി; എലിമിനേറ്ററിൽ ഗുണം ചെയ്തത് ഇവരുടെ പ്രകടനങ്ങൾ


മൂന്ന് താരങ്ങളെയാണ് പകരക്കാരായി പ്ലേ ഓഫിലേക്ക് മുംബൈ സൈൻ ചെയ്തത്. ജോണി ബെയർസ്റ്റോ, ചരിത് അസലങ്ക, റിച്ചാർഡ് ഗ്ലീസൺ എന്നിവരായിരുന്നു ഇത്. ഇവരിൽ ബെയർസ്റ്റോയും, ഗ്ലീസണും എലിമിനേറ്റർ മത്സരത്തിൽ മുംബൈയുടെ പ്ലേയിങ് ഇലവനിൽ എത്തി. ഈ താരങ്ങളെ കളിപ്പിക്കാനുള്ള നീക്കം ക്ലിക്കാകുന്നതാണ് എലിമിനേറ്ററിൽ കണ്ടത്.

റിയാൻ റിക്കിൾട്ടണ് പകരം ടീമിലേക്ക് എത്തിയ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോയായിരുന്നു എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് ഓപ്പൺ ചെയ്തത്. രോഹിത് ശർമക്ക് ഒപ്പം ഇറങ്ങിയ ബെയർസ്റ്റോ വെടിക്കെട്ട് തുടക്കമാണ് ടീമിന് സമ്മാനിച്ചത്. തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട താരം വെറും 22 പന്തുകളിൽ നിന്ന് നാല് ഫോറുകളും മൂന്ന് സിക്സറുകളുമടക്കം 47 റൺസ് നേടി. ആദ്യ വിക്കറ്റിൽ രോഹിത് ശർമക്ക് ഒപ്പം 7.2 ഓവറുകളിൽ 84 റൺസാണ് ബെയർസ്റ്റോ കൂട്ടിച്ചേർത്തത്. ഈ പ്രകടനമാണ് ടീമിന് 228 എന്ന പടുകൂറ്റൻ സ്കോറിലേക്കുള്ള ഇന്ധനമായത്.

Also Read: തകർപ്പൻ പോരാട്ടത്തിൽ രണ്ടാം ക്വാളിഫയർ മത്സരത്തിലേക്ക് എൻട്രി ലഭിച്ച് മുംബൈ ഇന്ത്യൻസ്

ഇംഗ്ലീഷ് പേസറായ റിച്ചാർഡ്‌ ഗ്ലീസണും നിർണായകമായ ഒരു പ്രകടനം തന്നെയാണ് എലിമിനേറ്ററിൽ മുംബൈക്കായി കാഴ്ച വെച്ചത്. നിർണായക ‌ഘട്ടത്തിൽ സായ് സുദർശന്റെ വിക്കറ്റ് വീഴ്ത്തി കളി മുംബൈയുടെ വരുതിയിലേക്ക് കൊണ്ടു വന്നത് ഗ്ലീസണായിരുന്നു. 49 പന്തിൽ 80 റൺസെടുത്ത സായ് സുദർശൻ പുറത്തായതിന് ശേഷമാണ് കളിയിൽ മുംബൈക്ക് ശ്വാസം നേരെ വീണത്.

ഇതിന് ശേഷം അവസാന ഓവറിൽ 24 റൺസ് ടൈറ്റൻസിന് ജയിക്കാൻ വേണ്ടിയിരുന്നപ്പോൾ ആദ്യ മൂന്ന് പന്തുകളിൽ നിന്ന് മൂന്ന് റൺസ് മാത്രമാണ് ഗ്ലീസൺ വഴങ്ങിയത്. പരിക്ക് മൂലം ഓവർ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും അപ്പോളേക്കും മുംബൈ വിജയം ഉറപ്പിച്ചിരുന്നു.

Also Read: ഐപിഎൽ 2025 എലിമിനേറ്റർ മത്സരത്തിൽ ചരിത്രം കുറിച്ച് രോഹിത് ശർമ

അതേ സമയം എലിമിനേറ്റർ ജയിച്ചെത്തുന്ന മുംബൈ ഇന്ത്യൻസ്, ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്സിനെയാണ് രണ്ടാം ക്വാളിഫയറിൽ നേരിടുക. കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്വാളിഫയറിൽ ആർസിബിയോട് പരാജയപ്പെട്ടാണ് പഞ്ചാബ് രണ്ടാം ക്വാളിഫയറിലേക്ക് എത്തുന്നത്‌. ഞായറാഴ്ചയാണ് രണ്ടാം ക്വാളിഫയർ മത്സരം നടക്കുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദി. ഈ കളിയിൽ ജയിക്കുന്ന ടീം, ജൂൺ മൂന്നിന് നടക്കാനിരിക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article