Published: June 02 , 2025 02:54 PM IST
1 minute Read
അഹമ്മദാബാദ്∙ ആവേശകരമായ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി പഞ്ചാബ് കിങ്സ് ഫൈനലിലേക്ക് മുന്നേറുമ്പോൾ, ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും നേഹൽ വധേരയുടെ ഇന്നിങ്സിനൊപ്പം നിർണായകമായി ജോഷ് ഇൻഗ്ലിസിന്റെ പ്രകടനവും. ഓസീസ് താരമായ ഇൻഗ്ലിസ് മുംബൈ ബോളിങ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്രയെ ‘കൈകാര്യം ചെയ്ത’ രീതിയാണ്, 200നു മുകളിലുള്ള വിജയലക്ഷ്യം പിന്തുടരാമെന്ന ആത്മവിശ്വാസം പഞ്ചാബിന് നൽകിയത്. മത്സരത്തിൽ ബുമ്ര എറിഞ്ഞ ആദ്യ ഓവറിൽ രണ്ടുവീതം സിക്സും ഫോറും സഹിതം ഇൻഗ്ലിസ് 20 റൺസടിച്ചപ്പോൾത്തന്നെ പഞ്ചാബിന്റെ വിജയസാധ്യത കുത്തനെ ഉയർന്നു.
ട്രെന്റ് ബോൾട്ട്, റീസ് ടോപ്‍ലി എന്നിവർ മാറിമാറി ബോൾ ചെയ്ത ആദ്യ നാല് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലായിരുന്നു പഞ്ചാബ്. വെടിക്കെട്ട് ഓപ്പണർ പ്രഭ്സിമ്രാൻ സിങ്ങിനെ ഇതിനകം നഷ്ടപ്പെട്ട പഞ്ചാബിനെ സംബന്ധിച്ച് നിർണായകമായ ഓവറായിരുന്നു ജസ്പ്രീത് ബുമ്ര എറിഞ്ഞ അഞ്ചാം ഓവർ.
ഒറ്റ പന്തു കൊണ്ട് കളിയുടെ ഗതി തിരിക്കാനുള്ള ബുമ്രയുടെ ശേഷി ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ വ്യക്തമായതിനാൽ, പഞ്ചാബ് താരങ്ങൾ അദ്ദേഹത്തെ കരുതലോടെ നേരിടുമെന്നായിരുന്നു വിലയിരുത്തൽ. എലിമിനേറ്ററിൽ ഗുജറാത്ത് അനായാസ വിജയത്തിലേക്കു നീങ്ങുമ്പോൾ വാഷിങ്ടൻ സുന്ദറിനെ വീഴ്ത്തിയ ബുമ്രയുടെ പന്താണ് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കിയത്. സുന്ദറിനെ നിലത്തുവീഴ്ത്തിക്കളഞ്ഞ ആ പന്തിന്റെ ഓർമകളോടെയാണ് പഞ്ചാബിനെതിരെ ആദ്യ ഓവറിനായി ബുമ്ര എത്തിയതും.
ജോഷ് ഇൻഗ്ലിസിന്റെ പ്ലാൻ പക്ഷേ വ്യത്യസ്തമായിരുന്നു. നേരിട്ട ആദ്യ പന്തിൽത്തന്നെ ഇൻഗ്ലിസിന്റെ വക ഫോർ. ബുമ്രയ്ക്ക് അപൂർവമായി സംഭവിക്കുന്ന പിഴവെന്ന വിലയിരുത്തൽ ശരിയാണെന്ന് അടുത്ത പന്ത് ഡോട്ട് ആയതോടെ ഉറപ്പിച്ചു. എന്നാൽ മൂന്നാം പന്തിൽ തകർപ്പൻ സിക്സറുമായി ഇൻഗ്ലിസിന്റെ തിരിച്ചടി. നാലാം പന്തിൽ റണ്ണെടുക്കാനായില്ലെങ്കിലും, അഞ്ചാം പന്തിൽ ഫോറും അവസാന പന്തിൽ തേഡ് മാനിലൂടെ സിക്സറും നേടിയാണ് ഇൻഗ്ലിസ് ‘അടി’ നിർത്തിയത്.
ഐപിഎൽ 18–ാം സീസണിൽ ബുമ്ര ഏറ്റവും ‘തല്ലു വാങ്ങിയ’ ഓവറായി ഇതു മാറിയതോടെ മത്സരത്തിന്റെ ചിത്രം ഏറെക്കുറെ വ്യക്തമായിരുന്നു. ഡൽഹിക്കെതിരായ മത്സരത്തിൽ കരുൺ നായർ 16 റൺസടിച്ചതായിരുന്നു ഇതിനു മുൻപ് ബുമ്ര കൂടുതൽ റൺസ് വഴങ്ങിയ ഓവർ. തുടർന്നുള്ള മൂന്ന് ഓവറുകളിൽനിന്ന് ബുമ്ര 20 റൺസ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും, താരത്തെ വിക്കറ്റ് പട്ടികയിൽ ഇടംപിടിക്കുന്നതിൽനിന്ന് തടഞ്ഞ പഞ്ചാബ് ബാറ്റർമാർ ആ ഭീഷണിയും ഒഴിവാക്കി. ബുമ്രയെ നിരായുധനാക്കിക്കളഞ്ഞ ഈ പ്രകടനമാണ് മത്സരത്തിൽ പഞ്ചാബിന് വിജയം സമ്മാനിച്ചതും.
English Summary:








English (US) ·