17 March 2025, 09:06 AM IST

നാറ്റ് സിവർ ബ്രന്റ്
വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ രണ്ടാംതവണയും മുംബൈ ഇന്ത്യൻസ് കിരീടം നേടിയപ്പോൾ അതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് ഇംഗ്ലീഷുകാരിയായ ഓൾറൗണ്ടർ നാറ്റ് സിവർ ബ്രന്റാണ്. ശനിയാഴ്ച രാത്രി മുംബൈയിൽ നടന്ന ഫൈനലിൽ ഡൽഹിയെ എട്ടുറൺസിന് തോൽപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് രണ്ടാംകിരീടം നേടിയത്. 2023-ലും ടീം വനിതാ പ്രീമിയർ ലീഗ് ജേതാക്കളായിരുന്നു. വലംകൈ ബാറ്ററും മീഡിയം പേസറുമായ നാറ്റ്‌സിവർ ഫൈനലിൽ 30 റൺസും മൂന്നുവിക്കറ്റുമായി ഓൾറൗണ്ട് മികവുകാട്ടി.
മുംബൈ ഉയർത്തിയ 150 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 17 ഓവറിൽ 121 റൺസിലെത്തിയിരുന്നു. പിന്നെ മൂന്ന് ഓവറിൽ വേണ്ടത് 29 റൺസുമാത്രം. നാലുവിക്കറ്റും ശേഷിക്കുന്നു. കളിയിൽ ഡൽഹി മാനസികമായ ആധിപത്യം നേടിയ സമയം. ഉജ്ജ്വല ഫോമിലുള്ള മരിസാൻ കാപ്പും നിക്കി പ്രസാദുമായിരുന്നു ക്രീസിൽ. 18-ാം ഓവറിലെ നാലാം പന്തിൽ നാറ്റ്‌സിവർ മരിസാനെ പുറത്താക്കി. 26 പന്തിൽ 40 റൺസെടുത്ത മരിസാൻ മടങ്ങിയപ്പോൾ പകരമെത്തിയ ശിഖാ പാണ്ഡെയെ (0) ആദ്യപന്തിൽത്തന്നെ ക്ലീൻ ബൗൾഡാക്കിയതോടെ ഡൽഹിയുടെ പ്രതീക്ഷയറ്റു. അവസാന ഓവറിൽ 14 റൺസ് വേണ്ടിയിരിക്കേ, വീണ്ടും നാറ്റ്‌സിവർ ബൗളിങ്ങിനെത്തി. വിട്ടുനിൽകിയത് അഞ്ചു സിംഗിൾമാത്രം. ആകെ 523 റൺസും 12 വിക്കറ്റും നേടിയ നാറ്റ്‌സിവർ ടൂർണമെന്റിലെ താരവുമായി. ഫൈനലിനിടെ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ലീഗിൽ 1000 റൺസ് നേടുന്നയാൾ എന്ന റെക്കോഡും നാറ്റ്‌സിവർ സ്വന്തമാക്കി. ഒരു സീസണിൽ 500 കടക്കുന്ന ആദ്യത്തെയാൾ എന്ന നേട്ടവുമുണ്ട്.
ജപ്പാനിലായിരുന്നു നാറ്റ്‌സിവറുടെ ജനനം. അമ്മ ജൂലിയ ലോങ്‌ബോട്ടം അക്കാലത്ത് ജപ്പാനിൽ നയയന്ത്ര ഉദ്യോഗസ്ഥയായിരുന്നു. പിന്നീട് പോളണ്ട്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലായി ചെറുപ്പം ചെലവഴിച്ച നാറ്റ്‌സിവർ ഫുട്‌ബോളും ബാസ്കറ്റ്‌ബോളും കളിച്ചശേഷമാണ് ക്രിക്കറ്റിലെത്തിയത്. 2013-ൽ ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീമിലെത്തി. 115 ഏകദിനത്തിൽ 3811 റൺസും 79 വിക്കറ്റും നേടി. 132 ട്വന്റി 20 യിൽ 2789 റൺസും 90 വിക്കറ്റുമുണ്ട്. 12 ടെസ്റ്റിൽ 883 റൺസും 12 വിക്കറ്റും സ്വന്തമാക്കി.
Content Highlights: nation cricketer nat sciver brunt wpl show for mumbai indians








English (US) ·