മുംബൈ വിട്ട് പുതിയ ടീമിലേക്ക് മാറി, ‘തലവര’ തെളിഞ്ഞു; ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ച ദിവസം സെഞ്ചറി പ്രകടനവുമായി പൃഥ്വി ഷാ– വിഡിയോ

5 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: August 20, 2025 11:01 AM IST

1 minute Read

പൃഥ്വി ഷാ ബാറ്റിങ്ങിനിടെ (X/@mufaddal_vohra)
പൃഥ്വി ഷാ ബാറ്റിങ്ങിനിടെ (X/@mufaddal_vohra)

മുംബൈ∙ ആഭ്യന്തര ക്രിക്കറ്റിലെ കിരീടം വയ്ക്കാത്ത രാജാക്കൻമാരാണ് മുംബൈ എങ്കിലും, പുതിയ സീസണിനു മുന്നോടിയായി മുംബൈ വിടാനുള്ള തീരുമാനം യുവതാരം പൃഥ്വി ഷായുടെ തലവര മാറ്റിയ മട്ടാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമായി ഉദിച്ചുയർന്ന ശേഷം പാതിവഴിയിൽ വാടിവീണ പൃഥ്വി ഷാ, ടീം മാറ്റത്തോടെ തിരിച്ചുവരവിന്റെ പാതയിൽ. ആഭ്യന്തര സീസണിനു മുന്നോടിയായുള്ള ഒരുക്കമായി കണക്കാക്കുന്ന ബുച്ചി  ബാബു ടൂർണമെന്റിൽ, പുതിയ തട്ടകമായ മഹാരാഷ്ട്രയ്‌ക്കായി സെഞ്ചറി പ്രകടനവുമായാണ് പ‍ൃഥ്വി ഷായുടെ ഉയർത്തെഴുന്നേൽപ്. ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച ദിവസമാണ് സെഞ്ചറി പ്രകടനവുമായി പൃഥ്വി ഷാ വാർത്തകളിൽ ഇടംപിടിച്ചതെന്നതും ശ്രദ്ധേയം.

സഹതാരങ്ങൾ കൂട്ടത്തോടെ നിരാശപ്പെടുത്തിയ ത്രിദിന മത്സരത്തിലാണ്, ഒറ്റയാൾ പോരാട്ടവുമായി സെഞ്ചറി തികച്ച പൃഥ്വി ഷായുടെ ഉജ്വല പ്രകടനം. ഗ്രൂപ്പ് എയിലെ ആവേശപ്പോരാട്ടത്തിൽ ഒന്നാം ഇന്നിങ്സിൽ 252 റണ്‍സെടുത്ത ഛത്തീസ്ഗഡിനെതിരെ, ഷായുടെ സ‍െഞ്ചറി മികവിൽ മഹാരാഷ്ട്ര നേടിയത് 217 റൺസ്. പൃഥ്വി ഷാ 141 പന്തിൽ 111 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. 15 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് ഷായുടെ ഇന്നിങ്സ്.

35 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഛത്തീസ്ഗഡ്, രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലാണ്. എട്ടു വിക്കറ്റ് ശേഷിക്കെ ഛത്തീസ്ഗഡിന് ആകെ 78 റൺസിന്റെ ലീഡായി. 

ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷാ, 122 പന്തിലാണ് സെഞ്ചറി തികച്ചത്. ഈ സമയത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലായിരുന്നു മഹാരാഷ്ട്ര. ടീം ആകെ നേടിയ റൺസിന്റെ 70 ശതമാനത്തിൽ അധികവും സ്കോർ ചെയ്തത് ഷാ ഒറ്റയ്ക്ക്. ഒന്നാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി സച്ചിൻ ദാസിനൊപ്പം ടീമിന് മിന്നുന്ന തുടക്കമാണ് ഷാ നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 71 റൺസിൽ 55 റൺസും നേടിയത് ഷാ. 53 പന്തിൽ ഒൻപതു ഫോറുകളോടെയാണ് ഷാ 55 റൺസെടുത്തത്. സച്ചിൻ ദാസ് 10 റൺസെടുത്ത് പുറത്തായി.

What a knock! 💥
Prithvi Shaw smashes his maiden period for Maharashtra successful the Buchi Babu Trophy 2025-26.
He reached the landmark successful conscionable 122 balls, making it a memorable archetypal 100 successful MCA colours. pic.twitter.com/UYFzea3lpy

— Maharashtra Cricket Association (@MahaCricket) August 19, 2025

ഒരു വശത്ത് വിക്കറ്റുകൾ കൂട്ടത്തോടെ കൊഴിഞ്ഞെങ്കിലും, മറുവശത്ത് അക്ഷോഭ്യനായി നിലയുറപ്പിച്ചാണ് ഷാ സെഞ്ചറി നേടിയത്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 91 പന്തിൽ 71 റൺസുമായി പുറത്താകെ നിൽക്കുകയായിരുന്നു ഷാ. ഉച്ചഭക്ഷണത്തിനു ശേഷം തിരിച്ചെത്തി സെഞ്ചറി പൂർത്തിയാക്കിയ ഷാ, ഒടുവിൽ ശുഭം അഗർവാളിനെതിരെ ക്രീസ് വിട്ടിറങ്ങി ബൗണ്ടറി നേടാനുള്ള ശ്രമത്തിൽ സ്റ്റംപിങ്ങിലൂടെയാണ് പുറത്തായത്.

English Summary:

Prithvi Shaw scores debut period for Maharashtra against Chhattisgarh Buchi Babu Trophy

Read Entire Article