മുംബൈയിലും ഡൽഹിയിലും വരുന്നത് മെസി മാത്രം; അർജന്റീന ടീമിൽ മെസി ഒറ്റയ്‌ക്കല്ലല്ലോ, കേരളത്തിന്റെ ശ്രമം അർജന്റീന ടീമിനായി: പ്രതികരിച്ച് മന്ത്രി

5 months ago 5

തിരുവനന്തപുരം ∙ ലയണൽ മെസ്സിയെയും സംഘത്തെയും കേരളത്തിൽ കളിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ സമ്പൂർണ ഉത്തരവാദിത്തം കേരള സർക്കാരിനാണെന്ന അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) ആരോപണത്തിൽ പ്രതികരണവുമായി കായികമന്ത്രി വി.അബ്ദുറഹിമാൻ. ഇതുമായി ബന്ധപ്പെട്ട് എഎഫ്എ പ്രതിനിധിയുടേതായി പുറത്തുവന്ന ചാറ്റ് വിശ്വാസയോഗ്യമല്ലെന്ന് മന്ത്രി വ്യക്തമാക്കി. ഈ വർഷം ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ മെസി സന്ദർശനം നടത്തുന്നതിനെ കേരളത്തിന്റെ ശ്രമവുമായി താരതമ്യം ചെയ്യരുതെന്നും, കഴിഞ്ഞ ലോകകപ്പ് ജയിച്ച അർജന്റീന ടീമിനെ മുഴുവനായി ഇവിടെ കൊണ്ടുവന്ന് കളിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

ഈ വർഷം ഡിസംബറിനുള്ളിൽ കളിക്കാൻ സാധിക്കില്ലെങ്കിൽ അതിനുശേഷം കളി വയ്ക്കാൻ കേരളത്തിനും താൽപര്യമില്ലെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുംബൈയും ഡൽഹിയും ഉൾപ്പെടെയുള്ള നഗരങ്ങളിൽ വരുന്നത് അർജന്റീന ടീമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

‘‘ഈ പറയുന്ന സ്ഥലങ്ങളിലെല്ലാം സന്ദർശനം നടത്തുന്നത് അർജന്റീന ടീമല്ല. ലയണൽ മെസ്സിയുടെ വ്യക്തിപരമായ ഒരു സംവിധാനമുണ്ട്. ഈ പറയുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹം ഒറ്റയ്‌ക്കാണ് വരുന്നത്. അവസാന ലോകകപ്പ് ജയിച്ച അർജന്റീന ടീമിനെ കേരളത്തിൽ കളിപ്പിക്കാനാണ് നമ്മൾ ശ്രമിച്ചത്. അതിനുള്ള കരാറിലാണ് ഒപ്പുവച്ചതും. അതിനുള്ള പണം ഇതിനകം അടച്ചു എന്നാണല്ലോ നമ്മൾ പറയുന്നത്. മെസ്സി ഉൾപ്പെടെയുള്ള ടീമിനെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അല്ലാതെ മെസ്സിയെ മാത്രമാണോ അർജന്റീന ടീമിലുള്ളത്. എല്ലാവരുമില്ലേ? അവരെയെല്ലാം കൊണ്ടുവരാനല്ലേ നമ്മൾ ആഗ്രഹിച്ചത്. അതുകൊണ്ട് ദയവുചെയ്ത് തെറ്റിദ്ധാരണ പരത്തരുത്.’ – മന്ത്രി പറഞ്ഞു.

ഈ വർഷം ഡിസംബർ 12നാണ് മെസ്സി ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നത്. ഡിസംബർ 12ന് രാത്രി പത്തിന് കൊൽക്കത്തയിൽ വിമാനമിറങ്ങുന്ന മെസ്സി 15 വരെ ഇന്ത്യയിലുണ്ട്. കൊൽക്കത്തയ്ക്കു പുറമേ അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിശദീകരണം. ഇത്തവണത്തെ സന്ദർശനത്തിൽ കേരളത്തിൽ മെസ്സിക്ക് ‘സ്റ്റോപ്പില്ലെന്ന്’ സംഘാടകർ അറിയിച്ചതായും വാർത്താ ഏജൻസിയായ ‘പിടിഐ’ റിപ്പോർട്ട് ചെയ്തിരുന്നു.

അതിനിടെയാണ് മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം നടക്കാതെ പോയത് കേരള സർക്കാർ കരാർ ലംഘനം നടത്തിയതുകൊണ്ടാണെന്ന എഎഫ്എ പ്രതിനിധിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്. കേരള സർക്കാരാണ് കരാർ ലംഘനം നടത്തിയതെന്ന് എഎഫ്എയുടെ മാർക്കറ്റിങ് വിഭാഗം മേധാവി ലിയാൻ‌ഡ്രോ പീറ്റേഴ്സനാണ് വ്യക്തമാക്കിയത്. ഈ വർഷം സൗഹൃദ മത്സരങ്ങൾക്കായി അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്നും അദ്ദേഹം ‘ഓൺമനോരമ’യോട് സ്ഥിരീകരിച്ചിരുന്നു.

‘‘അതിൽ ഒരു സത്യവുമില്ല’ – ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ കളിക്കാനായി അർജന്റീന ടീമിനെ അയയ്‌ക്കാമെന്ന് പറഞ്ഞിട്ട് വാക്കുമാറ്റിയെന്ന ആരോപണത്തോട് പീറ്റേഴ്സൻ പ്രതികരിച്ചു. ‘‘കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടത് കേരള സർക്കാരാണ്. അവർ കരാർ ലംഘിച്ചു’ – പീറ്റേഴ്സൻ പറഞ്ഞു. അതേസമയം, കേരള സർക്കാർ കരാർ ലംഘനം നടത്തിയതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പീറ്റേഴ്സൻ വിസമ്മതിച്ചു.

∙ മന്ത്രിയുടെ കൂടിക്കാഴ്ച ഏജന്റുമാരുമായി!

അതിനിടെ, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ചർച്ച നടത്താനെന്ന പേരിൽ സ്പെയിനിലെത്തിയ മന്ത്രി വി.അബ്ദുറഹിമാനും ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തിയത് ഏജന്റുമാരുമായെന്ന് സൂചന. കൂടിക്കാഴ്ചയ്ക്കു ശേഷം ഇവർ അർജന്റീനയുടെ ഔദ്യോഗിക മാച്ച് ഏജന്റ് തന്നെയാണോയെന്ന് ദേശീയ ഫുട്ബോൾ ഫെഡറേഷൻ വഴി അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്. ഔദ്യോഗിക ഏജന്റ് ആണെന്നു സ്ഥിരീകരിച്ച ശേഷമായിരുന്നു സാമ്പത്തിക ഇടപാട് അടക്കമുളള കാര്യങ്ങളുമായി മുന്നോട്ടു പോയത്. കഴി‍ഞ്ഞ ലോകകപ്പിനു പിന്നാലെ ഏറെ ആരാധക പിന്തുണ ലഭിച്ച ഇന്ത്യയിൽ കളിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) താൽപര്യം പ്രകടിപ്പിച്ചിരുന്നു. അനൗദ്യോഗികമായി ഇക്കാര്യം ഇന്ത്യൻ ഫെഡറേഷനെ അറിയിച്ചു.

ഇവിടെയൊരു സ്പോൺസറെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഭാരിച്ച സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കഴിയുന്ന സ്പോൺസറെ കിട്ടാതായതോടെ ശ്രമം പരാജയപ്പെട്ടു. ഈ വാർത്ത പുറത്തു വന്നതോടെയാണ് അർജന്റീനയെ കേരളത്തിൽ കളിപ്പിക്കുമെന്ന, ഏറെ കയ്യടി കിട്ടിയ പ്രഖ്യാപനവുമായി കായികമന്ത്രി വി.അബ്ദു റഹിമാൻ രംഗത്തെത്തിയത്. എന്നാൽ ദേശീയ ഫുട്ബോൾ ഫെഡറേഷൻ വഴി ഇതിനു ശ്രമിക്കുന്നതിനു പകരം സ്വകാര്യ ഏജൻസി വഴിയായിരുന്നു സർക്കാരിന്റെ നീക്കം. കേരളത്തിൽ കളിക്കാൻ വരാനായുള്ള ഫീസ് അവർ അറിയിച്ചതിനു പിന്നാലെയായിരുന്നു എഎഫ്എയുമായി ബന്ധപ്പെട്ട് ഈ തുക കുറയ്ക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ദേശീയ ഫുട്ബോൾ ഫെഡറേഷനെ സമീപിച്ചത്. ഫീസ് നിശ്ചയിച്ചു കഴി‍ഞ്ഞതിനാൽ കൂടുതൽ ഇടപെടൽ സാധ്യമല്ലെന്ന നിലപാടാണ് ഫെഡറേഷൻ സ്വീകരിച്ചത്.

ഫെഡറേഷനെ ഒഴിവാക്കി സംസ്ഥാന സർക്കാർ ടീമിന്റെ ഏജൻസി വഴി മത്സരത്തിനായി ശ്രമിച്ചതോടെയാണ് വലിയ തുക ഫീസായി നിശ്ചയിച്ചത്. ഈ രീതിയിലാകുമ്പോൾ ഇടനിലക്കാരുടെ കമ്മിഷൻ ഉൾപ്പെടെയാണ് ഫീസ് ഉറപ്പിക്കുക. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വഴി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നേരിട്ടായിരുന്നു ഇടപാടെങ്കിൽ മാച്ച് ഫീസ് ഗണ്യമായി കുറയ്ക്കാനാകുമായിരുന്നുവെന്ന് ഈ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു. അർജന്റീനയുടെ 2 മത്സരങ്ങൾക്കായി 130 കോടി രൂപ ഫീസായി അടച്ചുവെന്നാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു നടന്ന ഇടപാടുകളോ കരാർ വിവരങ്ങളോ പരസ്യമാക്കാൻ ഇനിയും സർക്കാർ തയാറായിട്ടില്ല. എഎഫ്എയുമായി ചർച്ചയ്ക്കെന്ന പേരിൽ കായിക മന്ത്രിയും 2 ഉന്നത ഉദ്യോഗസ്ഥരും സ്പെയിനിൽ പോയതിന് 13 ലക്ഷത്തിലേറെ രൂപയാണ് സർക്കാർ ഖജനാവിൽ നിന്നു ചെലവാക്കിയത്.

English Summary:

Kerala Sports Minister Refutes AFA Claims connected Failed Messi Visit

Read Entire Article