മുംബൈയിൽ സൂപ്പർ താരങ്ങളുടെ പോരാട്ടം, സൂര്യ ഒരു റൺ മാത്രമെടുത്ത് പുറത്ത്; ത്രില്ലർ ജയിച്ച് ശ്രേയസിന്റെ ഫാൽക്കൻസ്

7 months ago 8

ഓൺലൈൻ ഡെസ്ക്

Published: June 07 , 2025 04:27 PM IST

1 minute Read

 Mumbai T20
ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്. Photo: Mumbai T20

മുംബൈ∙ ട്വന്റി20 മുംബൈ ലീഗിൽ ശ്രേയസ് അയ്യർ നയിക്കുന്ന മുംബൈ ഫാൽക്കൻസിനെതിരായ പോരാട്ടത്തിൽ സൂര്യകുമാര്‍ യാദവിന്റെ ട്രംഫ് നൈറ്റ്സിന് തോൽവി. നാലു വിക്കറ്റ് വിജയമാണ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഫാൽക്കൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത നൈറ്റ്സ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈ ഫാൽക്കൻസ് 19.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.

നൈറ്റ്സ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മൂന്നു പന്തില്‍ ഒരു റൺ മാത്രമെടുത്തു പുറത്തായത് തിരിച്ചടിയായി. കാർത്തിക്ക് മിശ്രയുടെ പന്തിൽ സൂര്യ ബോൾഡാകുകയായിരുന്നു. എന്നാൽ അർധ സെഞ്ചറി നേടിയ സിദ്ധാന്ത് അതത്രോയും (53 പന്തിൽ 57), അവസാന ഓവറുകളിൽ തിളങ്ങിയ സൂര്യാൻഷ് ഷെഡ്ഗെയുമാണ് (21 പന്തിൽ 49) പൊരുതാവുന്ന സ്കോറിലേക്ക് നൈറ്റ്സിനെ എത്തിച്ചത്.

146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഫാൽക്കൻസിന് ഐപിഎലിൽ കളിക്കുന്ന യുവതാരം അങ്ക്രിഷ് രഘുവംശി മികച്ച തുടക്കമാണു നൽകിയത്. 25 പന്തുകൾ നേരിട്ട രഘുവംശി 42 റൺസടിച്ചു. ശ്രേയസ് അയ്യർ 13 റൺസെടുത്തു പുറത്തായി. മധ്യനിരയിൽ വിനായക് ഭോയ്റും (21 പന്തിൽ 33), ആകാശ് പ്രവീൻ പാർകാറും (28 പന്തിൽ 30) തിളങ്ങിയതോടെ നാലു പന്തുകൾ ബാക്കി നിൽക്കെ ഫാൽക്കൻസ് വിജയ റൺസ് കുറിച്ചു.

English Summary:

Shreyas Iyer’s Falcons outshine Suryakumar Yadav’s Knights successful T20 Mumbai League 2025

Read Entire Article