Published: October 07, 2025 07:35 PM IST Updated: October 07, 2025 11:08 PM IST
1 minute Read
മുംബൈ∙ ആഭ്യന്തര സീസണിനു മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ മുംബൈയ്ക്കെതിരെ തകർപ്പന്‍ പ്രകടനവുമായി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. ദേശീയ ടീമിലേക്കു തിരിച്ചെത്തുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന പൃഥ്വി ഷാ മഹാരാഷ്ട്രയ്ക്കു വേണ്ടി 140 പന്തിൽ സെഞ്ചറി നേടി. മുംബൈ ടീമിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടര്‍ന്ന് അടുത്തിടെയാണ് പൃഥ്വി ഷാ മഹാരാഷ്ട്ര ടീമിൽ ചേർന്നത്.
ഓപ്പണർ അർഷിൻ കുൽക്കർണിയുമായി ചേർന്ന് 305 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കാനും പൃഥ്വി ഷായ്ക്കു സാധിച്ചു. 84 പന്തുകളിൽനിന്നാണ് പൃഥ്വി ഷാ അർധ സെഞ്ചറിയിലെത്തിയത്. പേസർമാരെയും സ്പിന്നർമാരെയും മികച്ച രീതിയിൽ കൈകാര്യം ചെയ്ത പൃഥ്വി ഷാ 140 പന്തിൽ 100 പിന്നിട്ടു. 220 പന്തിൽ 181 റൺസടിച്ച താരത്തെ മുഷീർ ഖാനാണ് ഒടുവിൽ പുറത്താക്കിയത്. മൂന്നു സിക്സുകളും 21 ഫോറുകളും താരം ബൗണ്ടറി കടത്തി. 2021 ൽ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് പൃഥ്വി ഷാ ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. 2016–17 സീസണിലാണ് പൃഥ്വി ഷാ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മുംബൈയ്ക്കു വേണ്ടി അരങ്ങേറുന്നത്.
2018ൽ രാജ്കോട്ടില്‍ നടന്ന ടെസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി. പിന്നാലെ ഏകദിന, ട്വന്റി20 ടീമുകളിലും ഇടം ലഭിച്ചെങ്കിലും വൈകാതെ പുറത്തായി. പുതിയ ആഭ്യന്തര സീസണിനു മുന്നോടിയായി കൂടുതൽ അവസരങ്ങൾ തേടിയാണ് പൃഥ്വി ഷാ മഹാരാഷ്ട്രയിൽ ചേർന്നത്. കേരളത്തിന്റെ താരമായിരുന്ന ജലജ് സക്സേനയും അടുത്ത സീസണിൽ മഹാരാഷ്ട്രയ്ക്കു വേണ്ടിയാണു കളിക്കുക. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന പൃഥ്വി ഷായെ കഴിഞ്ഞ ഐപിഎൽ മെഗാലേലത്തിൽ ആരും വാങ്ങിയിരുന്നില്ല.
English Summary:








English (US) ·