മുംബൈയെ ‘നിലംതൊടീക്കാതെ’ പഞ്ചാബ് യഥാർഥ ‘കിങ്സ്’, ഫൈനലിലേക്ക് ഇനി രണ്ടു വഴി; ആഘോഷിച്ച് പ്രീതി സിന്റ– വിഡിയോ

7 months ago 10

ഓൺലൈൻ ഡെസ്‌ക്

Published: May 27 , 2025 08:11 AM IST

2 minute Read

പ്രീതി സിന്റയും ശ്രേയസ് അയ്യരും, പ്രീതി സിന്റ റിക്കി പോണ്ടിങ്ങിനൊപ്പം (എക്സിൽ പ്രചരിക്കുന്ന ചിത്രങ്ങൾ)
പ്രീതി സിന്റയും ശ്രേയസ് അയ്യരും, പ്രീതി സിന്റ റിക്കി പോണ്ടിങ്ങിനൊപ്പം (എക്സിൽ പ്രചരിക്കുന്ന ചിത്രങ്ങൾ)

ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തുരത്തി ഒന്നാം ക്വാളിഫയറിന് യോഗ്യത നേടിയതോടെ, ടീം ഉടമ പ്രീതി സിന്റയുടെ നേതൃത്വത്തിൽ വൻ ആഘോഷവുമായി പഞ്ചാബ് കിങ്സ് ടീം. ട്രെന്റ് ബോൾട്ട് എറിഞ്ഞ 19–ാം ഓവറിലെ മൂന്നാം പന്തിൽ തകർപ്പൻ സിക്സറുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ വിജയറൺ കുറിച്ചതോടെ, പഞ്ചാബ് കിങ്സ് ക്യാംപിൽ ആഹ്ലാദം നുരഞ്ഞുപൊന്തി. വിജയത്തിനു പിന്നാലെ പ്രീതി സിന്റയും ടീം അധികൃതരും താരങ്ങളും വൻ ആഘോഷമാണ് നടത്തിയത്. കണ്ണീരും സന്തോഷവും ആർപ്പുവിളിയും നിറഞ്ഞ ആഘോഷം സമൂഹമാധ്യമങ്ങളിലും വൈറലായി.

വിജയറൺ കുറിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ആശ്ലേഷിച്ചുള്ള പ്രീതി സിന്റയുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രതീക്ഷ തെറ്റിക്കാതെ ടീമിന് ഒന്നാം ക്വാളിഫയറിൽ ഇടം സമ്മാനിച്ച പരിശീലകൻ ഓസീസിന്റെ മുൻ താരം കൂടിയായ റിക്കി പോണ്ടിങ്ങിനൊപ്പം പ്രീതി സിന്റ സെൽഫിയെടുക്കുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചു.

ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ ബാറ്റർമാർ ചോരയും നീരും കൊടുത്ത് കെട്ടിപ്പൊക്കിയ വിജയലക്ഷ്യം പാട്ടുംപാടി മറികടന്നാണ് പഞ്ചാബ് വിജയം കുറിച്ചത്! പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ നിർണയിച്ച മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സ് നേടിയത് 7 വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടിയപ്പോൾ 18.3 ഓവറിൽ പഞ്ചാബ് ലക്ഷ്യം കണ്ടു.

അർധ സെ‍ഞ്ചറിയുമായി തിളങ്ങിയ ജോഷ് ഇൻഗ്ലിസ് (42 പന്തിൽ 73), പ്രിയാംശ് ആര്യ (35 പന്തിൽ 62) എന്നിവരാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ പഞ്ചാബ് ക്വാളിഫയർ 1ൽ കടന്നു. 14 മത്സരങ്ങളിൽ 19 പോയിന്റുമായി പഞ്ചാബാണ് നിലവിൽ ഒന്നാമത്.  ഇന്നത്തെ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ പഞ്ചാബിന്റെ ഒന്നാം സ്ഥാനത്തിനു ഭീഷണിയുള്ളൂ.

185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനു തുടക്കത്തിൽത്തന്നെ ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങിനെ (16 പന്തിൽ 13) നഷ്ടമായി. അതോടെ മുംബൈ ക്യാംപിൽ പ്രതീക്ഷ പടർന്നെങ്കിലും അതിന് ആയുസ്സു കുറവായിരുന്നു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഇൻഗ്ലിസ്– പ്രിയാംശ് സഖ്യം മുംബൈ ബോളർമാരെ നിഷ്പ്രഭരാക്കിക്കൊണ്ട് പഞ്ചാബിനെ മുന്നോട്ടുനയിച്ചു. ഇരുവരും ആക്രമിച്ചു കളിക്കാൻ തുടങ്ങിയതോടെ കരുത്തുറ്റ മുംബൈ ബോളിങ് നിര ചിത്രത്തിലേ ഇല്ലാതായി. രണ്ടാം വിക്കറ്റിൽ 59 പന്തിൽ 109 റൺസാണ് ഇരുവരും ചേർന്നു നേടിയത്. 15–ാം ഓവറിൽ പ്രിയാംശ് പുറത്താകുമ്പോൾ പഞ്ചാബ് ടോട്ടൽ 140 കടന്നിരുന്നു. പിന്നാലെ ഇൻഗ്ലിസും വീണെങ്കിലും  ക്യാപ്റ്റൻ ശ്രേയസ് അയ്യരും (16 പന്തിൽ 26 നോട്ടൗട്ട്) നേഹാൽ വധേരയും (2 പന്തിൽ 2 നോട്ടൗട്ട്) ചേർന്ന് പഞ്ചാബിനെ വിജയത്തിലെത്തിച്ചു.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയെ സൂര്യകുമാർ യാദവിന്റെ (39 പന്തിൽ 57) ഒറ്റയാൾ പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഒന്നാം വിക്കറ്റിൽ രോഹിത് ശർമയും (21 പന്തിൽ 24) റിയാൻ റിക്കൽറ്റനും (20 പന്തിൽ 27) ചേർന്ന് 5 ഓവറിൽ 45 റൺസ് കൂട്ടിച്ചേർത്ത് മുംബൈയുടെ അടിത്തറ ഭദ്രമാക്കിയെങ്കിലും പിന്നാലെ എത്തിയവർക്കാർക്കും നിലയുറപ്പിക്കാനായില്ല. തിലക് വർമ (4 പന്തിൽ 1), വിൽ ജാക്സ് (8 പന്തിൽ 17), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 26) എന്നിവർ പെട്ടെന്നു മടങ്ങി. നമൻ ധീറിനെ (12 പന്തിൽ 20) കൂട്ടുപിടിച്ച് അവസാന ഓവറുകളിൽ സൂര്യ നടത്തിയ പോരാട്ടമാണ് മുംബൈ ടോട്ടൽ 184ൽ എത്തിച്ചത്. 39 പന്തിൽ 2 സിക്സും 6 ഫോറും അടങ്ങുന്നതാണ് സൂര്യയുടെ ഇന്നിങ്സ്. പഞ്ചാബിനായി മാർക്കോ യാൻസനും വി.വൈശാഖും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

English Summary:

Preity Zinta can't clasp backmost emotions arsenic Shreyas Iyer seals Qualifier 1 spot for Punjab Kings

Read Entire Article