മുംബൈയ്‌ക്ക് ഇനിയും തോൽക്കാൻ വയ്യ, ക്യാപ്റ്റൻ പാണ്ഡ്യയ്‌ക്കും; കൊൽക്കത്തയ്‌ക്കെതിരെ വിഘ്നേഷ് പുത്തൂർ കളിച്ചേക്കും

9 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: March 31 , 2025 01:44 PM IST

1 minute Read

സുനിൽ നരെയ്ൻ പരിശീലനത്തിനായി എത്തുന്നു (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പങ്കുവച്ച ചിത്രം)
സുനിൽ നരെയ്ൻ പരിശീലനത്തിനായി എത്തുന്നു (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പങ്കുവച്ച ചിത്രം)

മുംബൈ∙ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് അവസാന സ്ഥാനത്തായിപ്പോയ ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ് ഒരുവശത്ത്. വിജയത്തോടെ സീസണിനു തുടക്കമിടാനായെങ്കിലും പിന്നീട് തോൽവിയിലേക്ക് വഴുതിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മറുവശത്തും. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) വിജയവഴി തേടുന്ന രണ്ടു ടീമുകൾ ഇന്ന് കണ്ടുമുട്ടുന്നു. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഐപിഎലിലെ പുത്തൻ താരോദയമായ മലയാളി വിഘ്നേഷ് പുത്തൂർ എന്ന് മുംബൈ ജഴ്സിയിൽ കളിച്ചേക്കും.

ഐപിഎൽ ചരിത്രത്തിലെ മുഖാമുഖങ്ങളിൽ മുംബൈ ഇന്ത്യൻസിന് കൊൽക്കത്തയ്‌ക്കു മേൽ വ്യക്തമായ മേധാവിത്തമുണ്ട്. ഇതുവരെ കണ്ടുമുട്ടിയ മത്സരങ്ങളിൽ 23 തവണയും ജയം മുംബൈയ്‌ക്കൊപ്പം നിന്നു. കൊൽക്കത്തയുടെ പേരിലുള്ളത് 11 വിജയങ്ങൾ മാത്രം. അതേസമയം, ഏറ്റവും ഒടുവിൽ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും ജയിച്ചത് കൊൽക്കത്തയായിരുന്നു എന്നതും ശ്രദ്ധേയം. ഇതിനു മുൻപ് ഇരു ടീമുകളും വാങ്കഡെയിൽ കണ്ടുമുട്ടിയപ്പോൾ 12 വർഷത്തെ കാത്തിരിപ്പിനു ശേഷം ഈ വേദിയിൽ ജയിക്കാനും കൊൽക്കത്തയ്‌ക്കായി.

റണ്ണൊഴുക്കിനു സാധ്യതയുള്ള പിച്ചാണ് വാങ്കഡെയിലേത്. ഇവിടെയുള്ളത് ചെറിയ ബൗണ്ടറികളാണെന്നതും റണ്ണൊഴുക്കിനുള്ള സാധ്യത വർധിപ്പിക്കുന്നു. ടോസ് ആരു നേടുന്നു എന്നത് ഈ മത്സരത്തിൽ പ്രസക്തമാകാനിടയില്ല എന്നാണ് വിലയിരുത്തൽ.

പരുക്കിന്റെ പിടിയിലായ സൂപ്പർതാരം ജസ്പ്രീത് ബുമ്ര തിരിച്ചെത്താൻ വൈകുന്നത് മുംബൈയുടെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ടീം സിലക്ഷനിലെ പാളിച്ചകളും തിരിച്ചടിയാണ്. ആദ്യ മത്സരത്തിൽ മൂന്നു വിക്കറ്റുമായി തിളങ്ങിയ മലയാളി താരം വിഘ്നേഷ് പുത്തൂരിന് അടുത്ത കളിയിൽ അവസരം നൽകാതിരുന്നത് വിമർശനത്തിന് കാരണമായിരുന്നു. മുജീബുർ റഹ്‌മാനു പകരം വിഘ്നേഷ് വന്നാൽ വിൽ ജാക്സിനും ടീമിൽ ഇടംകിട്ടും. വരുൺ ചക്രവർത്തി–സുനിൽ നരെയ്ൻ സ്പിൻ ദ്വയത്തെ എപ്രകാരം നേരിടുന്നു എന്നതിന് അനുസരിച്ചാകും മുംബൈയുടെ സാധ്യതകൾ.

പരുക്കു മൂലം കഴിഞ്ഞ മത്സരം നഷ്ടമായ സുനിൽ നരെയ്ൻ തിരിച്ചെത്തുന്നത് കൊൽക്കത്തയ്‌ക്ക് സന്തോഷം പകരുന്ന കാര്യമാണ്. ഓപ്പണർ ക്വിന്റൻ ഡികോക്ക് തന്റെ പഴയ ടീമിനെതിരെ കളത്തിലിറങ്ങുമ്പോൾ താരത്തിന്റെ പ്രകടനം ശ്രദ്ധപൂർവം വീക്ഷിക്കപ്പെടും. 

English Summary:

Mumbai Indians vs Kolkata Knight Riders, IPL 2025 Match - Live Updates

Read Entire Article