Published: December 06, 2025 03:07 PM IST
1 minute Read
ലക്നൗ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തോടു തോറ്റ ക്ഷീണം തീർത്ത് വിജയവഴിയിൽ തിരിച്ചെത്തി മുംബൈ. ഛത്തീസ്ഗഡിനെതിരെ എട്ട് വിക്കറ്റ് വിജയമാണ് മുംബൈ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഛത്തീസ്ഗഡ് 19.4 ഓവറിൽ 121 റൺസെടുത്തു പുറത്തായപ്പോൾ, മുംബൈ 15.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മുംബൈ ബോളർമാർ തകർത്തെറിഞ്ഞതോടെ ആദ്യം ബാറ്റു ചെയ്ത ഛത്തീസ്ഗഡ് ചെറിയ സ്കോറിലേക്ക് ഒതുങ്ങുകയായിരുന്നു.
19 പന്തിൽ 25 റൺസടിച്ച ആയുഷ് പാണ്ഡെയാണ് ഛത്തീസ്ഗഡിന്റെ ടോപ് സ്കോറർ. 27 പന്തുകൾ നേരിട്ട മയങ്ക് യാദവ് 24 റൺസടിച്ചു. മുംബൈയ്ക്കായി ഷാർദൂൽ ഠാക്കൂർ മൂന്നും തുഷാർ ദേശ്പാണ്ഡെ, അഥർവ അങ്കോലേക്കർ എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ യുവതാരം ആയുഷ് മാത്രെ തകർത്തടിച്ചതോടെ മുംബൈ അനായാസം വിജയത്തിലെത്തുകയായിരുന്നു.
49 പന്തുകൾ നേരിട്ട ആയുഷ് 69 റൺസടിച്ചു പുറത്താകാതെനിന്നു. അഞ്ച് സിക്സുകളും മൂന്നു ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് ഇന്ത്യ അണ്ടർ 19 ടീം ക്യാപ്റ്റൻ കൂടിയായ ആയുഷ്. ഓപ്പണിങ് വിക്കറ്റിൽ അജിൻക്യ രഹാനെയും മാത്രെയും കൂടി 82 റൺസാണ് അടിച്ചെടുത്തത്. 28 പന്തിൽ 40 റൺസ് നേടി രഹാനെ പുറത്തായെങ്കിലും, ആയുഷ് പുറത്താകാതെ പൊരുതി. ഇതോടെ 15.5 ഓവറിൽ മുംബൈ വിജയിക്കുകയായിരുന്നു.
English Summary:








English (US) ·