Published: July 22 , 2025 10:34 AM IST
1 minute Read
മിർപുർ∙ ബാബർ അസമിനെയും മുഹമ്മദ് റിസ്‍വാനെയും മാറ്റിനിർത്തി പുതിയ മുഖം നൽകാൻ പാക്കിസ്ഥാൻ മാനേജ്മെന്റ് ശ്രമങ്ങൾ നടത്തിയിട്ടും, ഗ്രൗണ്ടിൽ പഴയ പിഴവുകൾ അതേപടി ആവർത്തിച്ച് പാക്കിസ്ഥാൻ ട്വന്റി20 ക്രിക്കറ്റ് ടീം. ബംഗ്ലദേശിനെതിരെ മിർപുരിൽ നടന്ന ഒന്നാം ട്വന്റി20യിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട് ബുദ്ധിമുട്ടിയപ്പോഴും, സിംഗിൾ എടുക്കുമ്പോഴുള്ള ആശയക്കുഴപ്പം പാക്കിസ്ഥാനെ ഒരിക്കൽ കൂടി വെട്ടിലാക്കി. പാക്ക് ഓപ്പണർ ഫഖർ സമാനാണു റൺഔട്ടായത്.
പാക്കിസ്ഥാന് അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെട്ടുനിൽക്കെ 12–ാം ഓവറിലാണു സംഭവം. പന്തു നേരിട്ട ഖുഷ്ദീല്‍ ഷാ ഡീപ് പോയിന്റിലേക്കു ലക്ഷ്യമിട്ട ശേഷം സിംഗിളിനായി ഓടി. രണ്ടാം റണ്ണിനായി ശ്രമം നടത്തിയപ്പോഴാണ് ബംഗ്ലദേശ് താരം ടസ്കിൻ അഹമ്മദ് റൺഔട്ടിനായി പന്തെറിഞ്ഞത്. ഇതോടെ പാക്ക് ബാറ്റർ ഫഖർ സമാൻ തിരിച്ച് ക്രീസിലേക്കു തന്നെ ഓടി. ഫഖർ സമാൻ ഗ്രൗണ്ടിൽ വീണതോടെ ബംഗ്ലദേശ് ക്യാപ്റ്റൻ ലിറ്റൻ ദാസ് പന്തെടുത്ത് സ്ട്രൈക്കേഴ്സ് എൻഡിൽ വിക്കറ്റ് ഇളക്കി. ഖുഷ്ദിൽ ഷായോട് ചൂടായ ശേഷമാണ് 44 റൺസെടുത്ത ഫഖർ ഗ്രൗണ്ട് വിട്ടത്. മത്സരത്തിൽ പാക്കിസ്ഥാന്റെ ടോപ് സ്കോറർ കൂടിയാണ് ഫഖർ സമാൻ.
ഇതോടെ 70 റൺസെടുക്കുന്നതിനിടെ പാക്കിസ്ഥാന് ആറു വിക്കറ്റുകൾ നഷ്ടമായി. വിചിത്രമായ റൺഔട്ടുകളുടെ പേരിൽ പല തവണ പഴി കേട്ടിട്ടുള്ള പാക്കിസ്ഥാനെതിരെ വൻ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഉയര്‍ത്തുന്നത്. ഏഴു വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് ഹോം ഗ്രൗണ്ടിൽ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 19.3 ഓവറിൽ 110 റൺസെടുത്തു പുറത്താകുകയായിരുന്നു. പാക്കിസ്ഥാന്റെ ഏഴു ബാറ്റർമാരാണു രണ്ടക്കം കടക്കാൻ പോലും സാധിക്കാതെ പുറത്തായത്.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഓപ്പണർ തൻസിദ് ഹസനെ (ഒന്ന്) നഷ്ടമായെങ്കിലും പർവേസ് ഹുസെയ്ന്റെ അർധ സെഞ്ചറി ബംഗ്ലദേശിനെ അനായാസ വിജയത്തിലെത്തിച്ചു. 39 പന്തുകൾ നേരിട്ട പർവേസ് ഹുസെയ്ൻ 56 റൺസടിച്ചു പുറത്താകാതെനിന്നു. തൗഹിദ് ഹൃദോയ് 37 പന്തിൽ 36 റണ്‍സെടുത്തു. 27 പന്തുകൾ ബാക്കി നിൽക്കെയാണ് ബംഗ്ലദേശ് വിജയലക്ഷ്യത്തിലെത്തിയത്.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X@Fancode എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്.
English Summary:








English (US) ·