മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് തിരുവനന്തപുരത്തിന്, അത്‍ലറ്റിക്സിൽ മലപ്പുറം; സ്കൂളുകളിൽ ഐഡിയൽ കടകശേരി ഒന്നാമത്

2 months ago 3

ഓൺലൈൻ ഡെസ്ക്

Published: October 28, 2025 05:29 PM IST Updated: October 28, 2025 05:54 PM IST

2 minute Read

gold-cup
മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് ഗവർണർ രാജേന്ദ്ര അർലേക്കറിൽനിന്ന് ഏറ്റുവാങ്ങുന്ന തിരുവനന്തപുരം ടീം. ചിത്രം∙ അഭിജിത് രവി, മനോരമ

തിരുവനന്തപുരം∙ ഇക്കൊല്ലത്തെ സംസ്ഥാന സ്കൂൾ ഒളിംപിക്സ് പടിയിറങ്ങുമ്പോൾ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂർ, കണ്ണൂർ ജില്ലകൾ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്. ഗവർണർ രാജേന്ദ്ര അര്‍ലേക്കർ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. അക്വാട്ടിക്സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാംപ്യന്മാരായത്. ഗെയിംസ് ഇനങ്ങളിൽ 798 പോയിന്റുകൾ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്‌സിൽ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോൾ തൃശൂർ ജില്ലാ രണ്ടാമതായത് 149 പോയിന്റുകൾ നേടിയാണ്. അത്‍ലറ്റിക്സ് ഇനങ്ങളിൽ മലപ്പുറം 247 പോയിന്റുകളോടെ ചാംപ്യന്മാരായി. 212 പോയിന്റുകളോടെ പാലക്കാട് രണ്ടാമതായി.

അജയ്യരായി ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴം 

അത്‌ലറ്റിക്സിൽ അവസാന മത്സരങ്ങളായ 400 മീറ്ററും, 4 x 100 മീറ്റർ റിലേയും നടന്നുകഴിഞ്ഞപ്പോൾ സ്കൂളുകളിൽ 78 പോയിന്റുകളുമായി ഐഡിയൽ എച്ച്എസ്എസ്. കടകശ്ശേരി ഒന്നാമതായി. 58 പോയിന്റുകളുമായി വിഎംഎച്ച്എസ് വടവന്നൂർ രണ്ടാമതായി തൊട്ടു പുറകിൽ നാവാമുകുന്ദ എച്ച്എസ്എസ്. തിരുനാവായയാണ്; 57 പോയിന്റുകൾ. അവസാന ദിനം അത്‌ലറ്റിക്സിലെ പാലക്കാടിന്റെ തേരോട്ടം അവസാനിപ്പിച്ച് 247 പോയിന്റുകളുമായി മലപ്പുറം ഒന്നാം സ്ഥാനം നേടി. രണ്ടാമതായി പാലക്കാട് 212 ലേക്ക് ഒതുങ്ങിയപ്പോൾ  കോഴിക്കോട് 91 പോയിന്റോടെ മൂന്നാമതായി.

 ഹരിലാൽ/മനോരമ

സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപനം തിരുവനന്തപുരം യുണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ ഗവർണർ രജേന്ദ്രവിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: ഹരിലാൽ/മനോരമ

400 മീറ്റർ മത്സരങ്ങളിൽ നിന്ന് മൂന്നു സ്വർണവും ഓരോ വെള്ളിയും വെങ്കലവും പാലക്കാട് നേടി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ മത്സരിച്ച വിഎംഎച്ച്എസ്എസ് വടവന്നൂരിലെ നിവേദ്യ കലാധരനാണ് സ്വർണം നേടിയത്.  ജൂനിയർ ബോയ്സ് വിഭാഗത്തിൽ സിഎച്ച്എസ്എസ് കുഴൽമന്നത്തിലെ സിനിൽ എസിനാണ് ഒന്നാം സ്ഥാനം. സീനിയർ ബോയ്സ് മത്സരത്തിൽ വിഎംഎച്ച്എസ് വടവന്നൂരിന്റെ എം. ഐ അൽ ഷമീൻ ഹുസൈൻ സ്വർണം നേടി.സബ്ജൂനിയർ ഗേൾസ് മത്സരത്തിൽ കോഴിക്കോട് സെൻറ് ജോർജസ് കുളത്തുവയൽ സ്കൂളിലെ വിദ്യാർഥിനി അൽക്ക ഷിനോജ് രണ്ടാം സ്വർണ്ണം നേടി. സബ്ജൂനിയർ ബോയ്സ് മത്സരത്തിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച നാവാമുകുന്ദ എച്ച്എസ് എസ് തിരുനാവായിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ നീരജാണ് സ്വർണം നേടിയത്. 100 മീറ്റർ, 200 മീറ്റർ മത്സരങ്ങളിൽ വെങ്കലം നേടിയ നീരജിന്റെ ആദ്യ സ്വർണ നേട്ടമാണ്.  നീരജ് ഉത്തർപ്രദേശിലെ ബസ്തി ജില്ല സ്വദേശിയാണ്. കഴിഞ്ഞ ആറുമാസങ്ങളായി നീരജ് നാവാമുകുന്ദയിൽ പഠിക്കുകയാണ്.

സീനിയർ ഗേൾസ് വിഭാഗത്തിൽ ആലപ്പുഴയിലെ ഗവൺമെൻറ് ഡിവിഎച്ച്എസ്എസ്. സ്കൂളിലെ വിദ്യാർഥിനിയായ നവ്യ വി.ജെ. ആണ് സ്വർണം കരസ്ഥമാക്കിയത്.അത്‌ലറ്റിക്സിൽ അവസാന മത്സരമായ 4 x 100 മീറ്റർ റിലേയിൽ മലപ്പുറം ജില്ലാ മൂന്ന് സ്വർണം നേടി. സബ്ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, എന്നീ വിഭാഗങ്ങളിലാണ് മലപ്പുറം സ്വർണ്ണം നേടിയത്. സീനിയർ ബോയ്സ് വിഭാഗത്തിൽ ജില്ല പുതിയ റെക്കോഡും സ്വന്തമാക്കി. കഴിഞ്ഞ 15 വർഷങ്ങളായി നിലനിന്നിരുന്ന കോട്ടയത്തിന്റെ 42.63 സെക്കന്റ് എന്ന റെക്കോർഡാണ് മലപ്പുറം  42.48 സെക്കന്റിൽ പൂർത്തിയാക്കിയത്. 

സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ വിജയികളായ പാലക്കാടും പുതിയ റെക്കോർഡ് നേടി. കഴിഞ്ഞ 42 വർഷങ്ങളായി നിലനിന്നിരുന്ന കണ്ണൂരിന്റെ 51.78 സെക്കന്റ്  എന്ന റെക്കോർഡാണ് പാലക്കാട് അവരുടെ 51.71 സെക്കന്റു എന്ന പുതിയ റെക്കോർ‍ഡിലൂടെ തിരുത്തിയത്.  ജൂനിയർ ബോയ്സ് വിഭാഗത്തിലെ കഴിഞ്ഞവർഷത്തെ റെക്കോർഡായ  43.5 തൃശൂർ തിരുത്തി. 43.45 സെക്കന്‍‍ഡാണ് പുതിയ റെക്കോർഡ്. 

സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ജി.വി. രാജ

കായികമേളയ്ക്ക് കൊടിയിറങ്ങുമ്പോള്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ വിഭാഗത്തില്‍ ജി.വി. രാജ സ്‌കൂള്‍ മുന്നിലെത്തി. ഈ വിഭാഗത്തില്‍ 57 പോയിന്റാണ് തിരുവനന്തപുരം മൈലം ജി.വി. രാജ സ്പോർട്സ് സ്‌കൂളിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള സിഎസ്എച്ച് വയനാടിന് ലഭിച്ചത് എട്ട് പോയിന്റാണ്. സായി കൊല്ലത്തിനും ഇതേ പോയിന്റാണ് ലഭിച്ചത്. അക്വാട്ടിക്കിലും ഗെയിംസിലും ഏറെ മുന്നില്‍നിന്ന തിരുവനന്തപുരത്തിന് തിളങ്ങാനാവാതെപോയ വിഭാഗമാണ് അത്‌ലറ്റിക്‌സ്. ആകെ 69 പോയിന്റാണ് ഈ ഇനത്തില്‍നിന്നും തിരുവനന്തപുരത്തിന് നേടാനായത്. അതില്‍ 57 പോയിന്റും നേടിക്കൊടുത്തത് ജി.വി. രാജയാണ്. ആകെ 17 ഇനങ്ങളില്‍നിന്നായി ഏഴ് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് ഇവിടത്തെ കുട്ടികള്‍ നേടിയെടുത്തത്.

English Summary:

Kerala School Sports Meet Closing Ceremony

Read Entire Article