മുടവൻമുഗൾ ഇടവഴിയിലെ ആദ്യ ഷോട്ട്; അന്നത്തെ ആ 16-കാരനിൽ നിന്ന് പരമോന്നത ചലച്ചിത്ര ബഹുമതിയിലേക്ക്

4 months ago 5

mohanlal-dada-saheb-phalke-award-45-years

• ‘തിരനോട്ട’ത്തിന്റെ ചിത്രീകരണത്തിനിടെ മോഹൻലാലും കൂട്ടുകാരും

തിരുവനന്തപുരം: 1978 സെപ്റ്റംബര്‍ നാല്. രാവിലെ 11.30-ന് മുടവന്‍മുഗളിലെ ഇടവഴിയില്‍ ആദ്യ ഷോട്ടിന് ക്ലാപ്പടിച്ചു. ആക്ഷന്‍ പറഞ്ഞതും ഒരു 16-കാരന്‍ സൈക്കിളില്‍ ഫ്രെയിമിലേക്കു വന്നു. മുണ്ടു മാത്രമുടുത്ത ആ ഹാസ്യകഥാപാത്രം സൈക്കിളില്‍നിന്നു മറിഞ്ഞുവീഴുന്നതാണ് സീന്‍. വെറുതേ അഭിനയിച്ചുകാണിക്കേണ്ട രംഗം പക്ഷേ, ആ പയ്യന്‍ പൊലിപ്പിച്ചു. സൈക്കിളില്‍നിന്ന് 'ഒറിജിനലായി' മറിഞ്ഞുവീണ് കാല്‍മുട്ടു മുറിഞ്ഞിട്ടും അഭിനയം തുടര്‍ന്നു. അവിടെ തുടങ്ങിയതാണ് മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതം. തിരുവനന്തപുരവും കൂട്ടുകാരും ചേര്‍ന്ന് അഭ്രപാളിയിലേക്ക്, സൈക്കിളിലിരുത്തി തള്ളിവിട്ട പ്രതിഭ.

ആ സെപ്റ്റംബര്‍ മാസം മുടവന്‍മുഗളിലെ ഇടവഴിയില്‍നിന്നു തുടങ്ങിയ ആ വിസ്മയയാത്ര സംസ്ഥാന, ദേശീയ അവാര്‍ഡുകളും കടന്ന് ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിലെത്തിനില്‍ക്കുന്നു. മുടവന്‍മുഗളിലെ വീട് ഇന്നു പൂട്ടിയിട്ടിരിക്കുകയാണെങ്കിലും 'ലാലേട്ടന്റെ വീട്' കാണാന്‍ ഇന്നും ഇവിടേക്ക് ആരാധകരെത്തുന്നു.

'ഭാരത് സിനി ഗ്രൂപ്പ്' എന്ന പേരില്‍ ലാലും സിനിമാപ്രേമികളായ സുഹൃത്തുക്കളും ചേര്‍ന്നാണ് 'തിരനോട്ടം' നിര്‍മിച്ചത്. കുട്ടപ്പന്‍ എന്ന ഹാസ്യകഥാപാത്രമായി മോഹന്‍ലാല്‍. സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍, അശോക് കുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരായിരുന്നു പിന്നില്‍.

തിരുവനന്തപുരത്തെ വീരകേരള ജിംഘാനയിൽ മോഹൻലാൽ പരിശീലനം നടത്തുന്ന കാലത്തെടുത്ത ചിത്രം

അശോക് കുമാറായിരുന്നു സംവിധായകന്‍. പ്രിയദര്‍ശന്‍ അസിസ്റ്റന്റ് ഡയറക്ടറായും സുരേഷ് കുമാര്‍ ക്ലാപ്പ് ബോയ് ആയും ശശീന്ദ്രന്‍ നിര്‍മാതാവായും പ്രവര്‍ത്തിച്ചു. മോഹന്‍ലാലിന്റെ മുടവന്‍മുഗളിലെ വീടിനു മുന്നിലെ ഇടവഴിയിലാണ് ആദ്യ രംഗം ചിത്രീകരിച്ചത്. ഈ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും ഒരു ജൈത്രയാത്രയുടെ ഫ്‌ലാഗ് ഓഫാണ് ആ സെപ്റ്റംബറില്‍ നടന്നത്.

ഈ കൂട്ടുകാര്‍ പിരിയാതെ സിനിമാ ചര്‍ച്ചകളുമായി സ്റ്റാച്യുവിലെ കോഫി ഹൗസിലും പൂജപ്പുരയിലെ മൈതാനത്തുമൊക്കെ തുടര്‍ന്നു. ഫാസില്‍ ചിത്രത്തിന് പുതുമുഖത്തെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് മോഹന്‍ലാലിന്റെ ചിത്രം അയച്ചുകൊടുത്തതും ഈ കൂട്ടുകാരായിരുന്നു. അങ്ങനെ 'മഞ്ഞില്‍വിരിഞ്ഞ പൂക്കളി'ലൂടെ ലാല്‍ വരവറിയിച്ചു.

വില്ലനായി തുടക്കം. സഹനടനായി മുന്നേറ്റം. ഒടുവില്‍ ആക്ഷന്‍ ചിത്രങ്ങളിലൂടെ സൂപ്പര്‍താര പദവിയിലേക്ക്. ആക്ഷനൊപ്പം ചിരിപ്പിച്ചും ചമ്മിയും വിതുമ്പിയും മോഹന്‍ലാല്‍ മലയാളത്തിന്റെ ഇഷ്ടനടനായി. മലയാളത്തിന്റെ 'ലാലേട്ട'നായി.

അക്കാലത്ത് ഷൂട്ടിങ് കഴിഞ്ഞയുടനേ തലസ്ഥാനത്തെ വീട്ടിലേക്കു മടങ്ങിയെത്തുമായിരുന്നു, അമ്മയുണ്ടാക്കുന്ന ആഹാരം കഴിക്കാന്‍. 'കിരീടം' ഉള്‍പ്പെടെ പല സിനിമകളുടെയും കഥ കേട്ടതും മുടവന്‍മുഗളിലെ വീട്ടില്‍വെച്ചാണ്. അപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന പ്രിയദര്‍ശനും മണിയന്‍പിള്ള രാജുവുമടക്കം എല്ലാവരും സിനിമയിലെത്തി. ആ പഴയ കൂട്ടുകെട്ടു സൃഷ്ടിച്ച വിജയങ്ങള്‍തന്നെയാണ് ലാലിന്റെ വളര്‍ച്ചയ്ക്കു വഴിയൊരുക്കിയത്.

'രാജുമോന്‍ ഒരിക്കലെന്നോടു ചോദിച്ചു, അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. ഞാന്‍ പ്രിന്‍സ്. അതെ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍'- ലാല്‍ ആ ഡയലോഗ് പറഞ്ഞപ്പോള്‍, മലയാള സിനിമയില്‍ ഒരു പുതിയ സൂപ്പര്‍ സ്റ്റാര്‍ ജനിക്കുകയായിരുന്നു.

Content Highlights: Celebrating Mohanlal`s iconic movie vocation from his archetypal changeable successful Mudavanmugal to the prestigious Dad

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article