Published: May 07 , 2025 11:31 PM IST
2 minute Read
കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും പുറത്താകലിന്റെ വക്കിലേക്കു തള്ളിവിട്ടു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ രണ്ടു വിക്കറ്റ് വിജയമാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. കൊൽക്കത്ത ഉയർത്തിയ 180 റൺസ് വിജയലക്ഷ്യത്തിലേക്ക് 19.4 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ എത്തുകയായിരുന്നു. ആറാം തോൽവി വഴങ്ങിയ കൊൽക്കത്ത 11 പോയിന്റുമായി ആറാം സ്ഥാനത്താണ്. നിലവിലെ ചാംപ്യൻമാരായ കൊല്‍ക്കത്ത പ്ലേ ഓഫിൽ കടക്കണമെങ്കിൽ ഇനി അദ്ഭുതങ്ങൾ സംഭവിക്കണം. 2019ന് ശേഷം ആദ്യമായാണ് കൊൽക്കത്ത 180 ന് മുകളിൽ സ്കോർ പിന്തുടർന്നു വിജയിക്കുന്നത്.
ഡെവാൾഡ് ബ്രെവിസ് (25 പന്തിൽ 52) അർധ സെഞ്ചറി നേടി. ശിവം ദുബെ (40 പന്തിൽ 45), ഉർവിൽ പട്ടേൽ (11 പന്തിൽ 31) എന്നിവരാണു ചെന്നൈയുടെ മറ്റു പ്രധാന സ്കോറർമാർ. 18 പന്തുകൾ നേരിട്ട ക്യാപ്റ്റൻ എം.എസ്. ധോണി 17 റൺസുമായി പുറത്താകാതെനിന്നു. മറുപടി ബാറ്റിങ്ങില്‍ 5.2 ഓവറിൽ 60 റണ്‍സെടുക്കുന്നതിനിടെ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചു വിക്കറ്റുകൾ നഷ്ടമായിരുന്നു. ചെന്നൈ ജഴ്സിയിൽ ആദ്യ മത്സരം കളിക്കുന്ന ഉർവിൽ പട്ടേലിന്റെ പ്രകടനമാണ് വിക്കറ്റു വീഴ്ചയ്ക്കിടയിലും പവർ പ്ലേ ഓവറുകളിൽ ചെന്നൈയ്ക്കു കരുത്തായത്. 11 പന്തുകൾ മാത്രം നേരിട്ട ഉർവിൽ നാലു സിക്സുകള്‍ ഉൾപ്പടെ നേടി 31 റൺസടിച്ചു.
ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസും ശിവം ദുബെയും ചേർന്നതോടെ ചെന്നൈ അനായാസം 100 പിന്നിട്ടു. അര്‍ധ സെഞ്ചറിക്കു പിന്നാലെ ബ്രെവിസ് പുറത്തായി. അവസാന 24 പന്തുകളിൽ 33 റൺസായിരുന്നു ചെന്നൈയ്ക്കു വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ചെന്നൈ ക്യാപ്റ്റൻ ധോണിയുടെ മെല്ലെപ്പോക്ക് ഒരിക്കല്‍ കൂടി തിരിച്ചടിച്ചു. ഒരു ഭാഗത്തു ധോണി മുട്ടിക്കളിച്ചതോടെ ശിവം ദുബെയും സമ്മർദത്തിലായി. 19–ാം ഓവറിൽ വൈഭവ് അറോറയെ സിക്സർ പറത്താനുള്ള ശ്രമത്തിനിടെ ശിവം ദുബെയെ റിങ്കു സിങ് ക്യാച്ചെടുത്തു മടക്കി. അവസാന ഓവറിൽ എട്ടു റൺസ് മാത്രമായിരുന്നു ചെന്നൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. ആന്ദ്രെ റസ്സലിന്റെ ആദ്യ പന്തു തന്നെ സിക്സർ പറത്തിയ ധോണി കൊൽക്കത്തയെ ഞെട്ടിച്ചു. റസ്സലിന്റെ നാലാം പന്ത് ബൗണ്ടറി കടത്തിയ അൻഷൂൽ കാംബോജ് ചെന്നൈയുടെ വിജയ റൺസ് കുറിച്ചു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. 33 പന്തിൽ 48 റൺസടിച്ച ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ആന്ദ്രെ റസ്സൽ (21 പന്തിൽ 38), മനീഷ് പാണ്ഡെ (28 പന്തിൽ 36) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ആതിഥേയരായ കൊൽക്കത്തയ്ക്കു ലഭിച്ചത്. സ്കോർ 11 ൽ നിൽക്കെ ഓപ്പണർ റഹ്മാനുല്ല ഗുർബാസിനെ കൊൽക്കത്തയ്ക്കു നഷ്ടമായി. പക്ഷേ സുനിൽ നരെയ്നും ക്യാപ്റ്റൻ അജിൻക്യ രഹാനെയും ചേർന്നതോടെ പവര്‍ പ്ലേയിൽ കൊൽക്കത്ത 67 റൺസ് അടിച്ചെടുത്തു.
17 പന്തിൽ 26 റൺസെടുത്ത സുനിൽ നരെയ്നെ നൂർ അഹമ്മദിന്റെ പന്തിൽ എം.എസ്. ധോണി സ്റ്റംപ് ചെയ്താണു മടക്കിയത്. മധ്യനിരയിൽ അങ്ക്രിഷ് രഘുവംശിയും (ഒന്ന്), റിങ്കു സിങ്ങും (ഒൻപത്) നിരാശപ്പെടുത്തി. രഹാനെ 13–ാം ഓവറിൽ ഡെവോൺ കോൺവെ ക്യാച്ചെടുത്തു പുറത്തായി. തുടർന്ന് മനിഷ് പാണ്ഡെയും ആന്ദ്രെ റസ്സലും തകർത്തടിച്ചതോടെയാണു കൊൽക്കത്ത സുരക്ഷിതമായ സ്കോറിലേക്കെത്തിയത്. നാലോവറുകൾ പന്തെറിഞ്ഞ ചെന്നൈയുടെ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദ് 31 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി.
English Summary:








English (US) ·