സിറാജ് കാസിം
19 June 2025, 01:01 PM IST

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
കൊച്ചി: മുത്താരംകുന്ന് തപാലാപ്പീസിൽനിന്ന് മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ചിരിയോടെയാണ് സിബി മലയിൽ ആദ്യ കത്തയച്ചത്. ചിരിക്കൊപ്പം പിന്നെ സങ്കടവും സന്തോഷവും പ്രണയവും ക്രൈം ത്രില്ലറുമൊക്കെയായി മലയാള സിനിമയിൽ ക്ലാസിക് കൈയൊപ്പിട്ട കുറേ സൃഷ്ടികൾ. മലയാളത്തിന്റെ പ്രിയ സംവിധായകൻ സിബി മലയിൽ തന്റെ സിനിമാ ജീവിതത്തിൽ 40 വർഷം പിന്നിടുന്നു. 1985 ജൂൺ 21-നാണ് സിബി മലയിലിന്റെ ആദ്യചിത്രം ‘മുത്താരംകുന്ന് പിഒ’ റിലീസാകുന്നത്.
21-ന് സിബിയെ ആദരിക്കാൻ മലയാള സിനിമാ പ്രവർത്തകർ കൊച്ചിയിൽ സംഗമമൊരുക്കുന്നുണ്ട്. “40 വർഷം എന്നത് ഒരു മനുഷ്യായുസ്സിലെ പ്രധാന ഘട്ടമാണ്. ഇത്രയുംകാലം മലയാള സിനിമയിൽ നിലനിൽക്കാൻ സാധിച്ചുവെന്നത് വലിയ ഭാഗ്യവും അഭിമാനവുമായിട്ടാണ് ഞാൻ കാണുന്നത്. തനിയാവർത്തനവും കിരീടവും ചെയ്ത എനിക്ക് ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും കമലദളവും പോലുള്ള സംഗീതപ്രധാന ചിത്രങ്ങളും ചെയ്യാനായി. ഓഗസ്റ്റ് ഒന്നുപോലെയുള്ള ക്രൈം ചിത്രം ചെയ്തപ്പോൾ തന്നെ ആകാശദൂതും മായാമയൂരവും പോലുള്ള സിനിമകൾ ചെയ്യാനായതും വലിയ ഭാഗ്യമാണ്” - സിബി മലയിൽ പറഞ്ഞു.
സിബി മലയിലിന്റെ ശിഷ്യരായ സംവിധായകരായ സുന്ദർദാസും ജോസ് തോമസും തോമസ് സെബാസ്റ്റ്യനുമൊക്കെ ചേർന്നാണ് ആദര സംഗമമൊരുക്കുന്നത്. നടൻമാരായ മോഹൻലാലും സുരേഷ് ഗോപിയും ദിലീപുമൊക്കെ പങ്കെടുക്കുന്ന പരിപാടിയിൽ മുത്താരംകുന്നിന്റെ കഥാകൃത്തായ ജഗദീഷും തിരക്കഥാകൃത്തായ ശ്രീനിവാസനും നായകനായ മുകേഷും പങ്കെടുക്കും.
Content Highlights: celebrating 40 years of renowned Malayalam filmmaker Sibi Malayil
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·