Published: November 23, 2025 12:29 PM IST Updated: November 23, 2025 03:45 PM IST
1 minute Read
ഗുവാഹത്തി ∙ കന്നിസെഞ്ചറിയിലേക്കു പ്രയാണം നടത്തിയ മാർക്കോ ജാൻസനെ മൂന്നക്കത്തിന് വെറും ഏഴു റൺസ് അകലെ വീഴ്ത്തി ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന് അന്ത്യം കുറിച്ച് ഇന്ത്യ. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 489 റൺസെടുത്താണ് ദക്ഷിണാഫ്രിക്ക ഓൾഔട്ടായത്. ഒന്നാം ദിനം ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയ്ക്ക്, ബാക്കി നാലു വിക്കറ്റുകൾ വീഴ്ത്താൻ രണ്ടാ ദിവസത്തിന്റെ മുക്കാൽ ഭാഗത്തോളം വേണ്ടി വന്നു. സെഞ്ചറി നേടിയ സെനുരാൻ മുത്തുസ്വാമി (109), സെഞ്ചറിയോളം പോന്ന അർധസെഞ്ചറിയുമായി പൊരുതിയ മാർക്കോ ജാൻസൻ (93), കെയ്ൽ വെരെയ്ൻ (45) എന്നിവരാണ് വാലറ്റത്ത് ദക്ഷിണാഫ്രിക്കയ്ക്കു കരുത്തായത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.
6ന് 247 റൺസെന്ന നിലയിൽ ഞായറാഴ്ച ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ സെനുരാൻ മുത്തുസ്വാമിയും കെയ്ൽ വെരെയ്നും ചേർന്നു തോളിലേറ്റുകയായിരുന്നു. മത്സരത്തിലെ ആദ്യ അർധസെഞ്ചറി തികച്ച മുത്തുസ്വാമി, മുന്നിൽനിന്നു നയിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ സ്കോർ അനായാസം 300 കടന്നു. ആദ്യ സെഷനിൽ വിക്കറ്റു വീഴ്ത്തിനായി ഇന്ത്യൻ ബോളർമാർ കഠിനമായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ പരമ്പരയിൽ ആദ്യമായാണ് ഒരു സെഷനിൽ വിക്കറ്റൊന്നും വീഴാതെ അവാസനിച്ചത്. ഏഴാം വിക്കറ്റിൽ മുത്തുസ്വാമിയും വെരെയ്‌നും ചേർന്ന് 88 റൺസാണ് കൂട്ടിച്ചേർത്തത്.
രണ്ടാം ദിനത്തിൽ 39.2 ഓവറുകൾ (236 പന്തുകൾ) എറിഞ്ഞശേഷമാണ് ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് വീഴ്ത്താനായത്. 45 റൺസെടുത്ത കെയ്ൽ വെരെയ്നാണ് പുറത്തായത്. രവീന്ദ്ര ജഡേജയുടെ ഷോർട്ട് ബോൾ ക്രീസിൽനിന്ന് ഇറങ്ങിക്കളിക്കാൻ ശ്രമിച്ച വെരെയ്നെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് സ്റ്റംപ് ചെയ്യുകയായിരുന്നു. എന്നാൽ പിന്നാലെയെത്തിയ മാർക്കോ ജാൻസൻ ഏകദിന ശൈലിയിൽ ബാറ്റു വീശിയതോടെ ദക്ഷിണാഫ്രിക്കയുടെ സ്കോർബോർഡ് അതിവേഗം ചലിച്ചു. ഏഴു സിക്സും ആറു ഫോറുമാണ് ജാൻസന്റെ ബാറ്റിൽനിന്നു പിറന്നത്. ഇതോടെ മുത്തുസ്വാമിയും ഇടയ്ക്കു ഗിയർ മാറ്റി. രണ്ടു സിക്സും 10 ഫോറുമാണ് മുത്തുസ്വാമി അടിച്ചത്.
ഓൾറൗണ്ടർ കോർബിൻ ബോഷിനു പകരം രണ്ടാം ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ച സ്പിന്നറായ മുത്തുസ്വാമി ഏഴാമനായി ബാറ്റിങ്ങിന് ഇറങ്ങിയാണ് സെഞ്ചറി തികച്ചത്. കരിയറിലെ കന്നിസെഞ്ചറിയാണ് മുത്തുസ്വാമി നേടിയത്; ഈ പരമ്പരയിലെയും ഒരു ബാറ്ററുടെ കന്നിസെഞ്ചറി. പിന്നാലെ മാർക്കോ ജാൻസൻ അർധസെഞ്ചറിയും പിന്നിട്ടു. ഇന്ത്യയ്‌ക്കെതിരായ ഒരു ടെസ്റ്റ് ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ ഏഴാം നമ്പറിലോ അതിൽ താഴെയോ ഇറങ്ങിയ രണ്ടു ബാറ്റർമാർ 50+ സ്‌കോറുകൾ നേടുന്നത് ഇതാദ്യമാണ്.
എട്ടാം വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്ത മുത്തുസ്വാമി– ജാൻസൻ സഖ്യത്തെ മുഹമ്മദ് സിറാജാണ് പിരിച്ചത്. സെഞ്ചറിക്കു ശേഷം അധികം വൈകാതെ മുത്തുസ്വാമിയെ സിറാജ്, യശ്വസി ജയ്‌സ്വാളിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നീട് സിമോൺ ഹാർമറും (5) പെട്ടെന്നു പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക ഇന്നിങ്സിന് അധികം ആയുസ്സില്ലെന്ന് കരുതിയെങ്കിലും പത്താം വിക്കറ്റിൽ കേശവ് മഹാരാജിനെ (12*) കൂട്ടുപിടിച്ച് മാർക്കോ ജാൻസൻ പോരാട്ടം തുടർന്നു. ഒടുവിൽ കുൽദീപിന്റെ പന്തിൽ ക്ലീൻ ബൗൾഡായതോടെ കന്നിസെഞ്ചറിയെന്ന നേട്ടം ഏഴു റൺസകലെ ജാൻസനു നഷ്ടമാകുകയായിരുന്നു.
English Summary:








English (US) ·