മുറിയാതെ, സമനില; സൂപ്പർ ലീഗ് കേരളയിൽ തൃശൂർ–തിരുവനന്തപുരം മത്സരം സമനിലയിൽ (1–1)

2 months ago 2

എസ്.പി.ശരത്

Published: November 22, 2025 04:47 AM IST

1 minute Read

 ഉണ്ണി കോട്ടക്കൽ/ മനോരമ
സൂപ്പർ ലീഗ് കേരള മത്സരത്തിനിടെ പന്ത് ക്ലിയർ ചെയ്യുന്ന തൃശൂർ മാജിക് എഫ്സി ഡിഫൻഡർ മുഹമ്മദ് ജിയാദ്. ചിത്രം: ഉണ്ണി കോട്ടക്കൽ/ മനോരമ

തൃശൂർ ∙ കൂടുതൽ തലപ്പൊക്കമാർക്ക് എന്ന വാശിക്കു സമനിലയാൽ ഉപചാരം ചൊല്ലി തൃശൂരിന്റെയും തിരുവനന്തപുരത്തിന്റെയും കൊമ്പന്മാർ. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പന്മാരും തൃശൂർ മാജിക് എഫ്സിയുടെ വമ്പന്മാരും ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 സമനിലയിൽ കലാശിച്ചു.

അഞ്ചാം മിനിറ്റിൽ പോളോ വിക്ടറിന്റെ ഗോളിലൂടെ മുന്നിലെത്തിയ അതിഥികളെ 16-ാം മിനിറ്റിൽ ഫൈസൽ അലിയുടെ മറുപടി ഗോളിൽ ആതിഥേയർ കുരുക്കിയിട്ടു. വിജയഗോളിനായി അവസാന മിനിറ്റ് വരെ അടിതട തുടർന്നെങ്കിലും സ്കോർ ബോർഡ് അനങ്ങിയില്ല. പോയിന്റ് നിലയിൽ തൃശൂർ രണ്ടാംസ്‌ഥാനത്തു തുടർന്നപ്പോൾ കൊമ്പന്മാർ മൂന്നാം സ്‌ഥാനത്തേക്കു കയറി.

കൊമ്പൻ വീണ്ടും കാടുകയറിയെന്നു വിളിച്ചു പറയുന്ന തരത്തിലായിരുന്നു തിരുവനന്തപുരത്തിന്റെ തുടക്കം. പോളോ വിക്‌ടർ - റൊണാൾഡ് കോസ്‌റ്റ സഖ്യം തൃശൂരിന്റെ പെനൽറ്റി ബോക്‌സിലേക്ക് അടിച്ചുകയറി. ആപൽഘട്ടങ്ങളിൽ കൊമ്പന്മാരുടെ രക്ഷകനായി അവതരിക്കാറുള്ള വിക്‌ടർ തന്നെ അഞ്ചാം മിനിറ്റിൽ സ്കോർ ബോർഡ് തുറന്നു. മുഹമ്മദ് ഷാഫിയുടെ പാസ് നെഞ്ചിൽ സ്വീകരിച്ചു കാലിലേക്കു കൊരുത്തു ബോക്‌സിലേക്കു സ്പ്രിന്റ് ചെയ്‌തു കയറിയ വിക്‌ടർ വലയിലേക്കു ചിപ്പ് ചെയ്തു. പിന്നിലായതോടെ ആതിഥേയർ കൊമ്പുകാട്ടിത്തുടങ്ങി. ആതിഥേയരുടെ അധ്വാനം 15-ാം മിനിറ്റിൽ ഗോൾഫലമുണ്ടാക്കി. പന്തുമായി ഗോൾപോസ്‌റ്റിന് അരികിലേക്ക് ഓടിക്കയറിയ മാർക്കോവിച്ച് ഷോട്ടിനു ശ്രമിക്കുന്നതിനു പകരം ബോക്സിനു നടുവിൽ സുന്ദര പൊസിഷനിൽ നിന്ന ലെന്നി റോഡ്രിഗസിനു പന്ത് മറിച്ചുനൽകി. കാൽനിമിഷം പോലും കാക്കാതെ ലെന്നി ആൾക്കൂട്ടത്തിൽ നിന്നൊഴിഞ്ഞു നിന്ന ഫൈസൽ അലിക്കു പന്ത് ചെത്തി നൽകി.

ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച തുറന്ന അവസരം വൺടച്ച് ഷോട്ടിലൂടെ ഫൈസൽ ഗോളാക്കി മാറ്റി.  ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ഇരു ടീമുകൾക്കും ഗോളവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല . രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒറ്റപ്പെട്ട ചില മികച്ച നീക്കങ്ങളൊഴിച്ചാൽ കാര്യമായ ഗോൾശ്രമങ്ങൾ ഉണ്ടായില്ല. 

English Summary:

Super League Kerala: Thrissur Magic FC and Thiruvananthapuram Kombans Battle to 1-1 Draw

Read Entire Article