'മുഴുക്കുടിയായിരുന്നു, പുലർച്ചെ 4മണിവരെ ഇരുന്ന് കുടിച്ചിട്ടുണ്ട്, എന്നെത്തന്നെ നഷ്ടപ്പെട്ടിരുന്നു'

5 months ago 5

ബോളിവുഡിലെ അതിപ്രശസ്തനായ ഹാസ്യതാരമാണ് ജോണി ലിവർ. 17 വയസുമുതൽ അഭിനയം ആരംഭിച്ച താരം തന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത ഒരു ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരേസമയം നിരവധി സിനിമകളിൽ അഭിനയിക്കുകയും ലോകമെമ്പാടും കോമഡി ഷോകള്‍ അവതരിപ്പിക്കുകയും ചെയ്ത് സ്വപ്നതുല്യമായ ജീവിതം നയിക്കുകയായിരുന്നു. എന്നാൽ കടുത്ത മദ്യപാനം ആരംഭിച്ചതോടെ ജീവിതത്തിൽ വലിയ വില നൽകേണ്ടിവന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഹാസ്യതാരം സപൻ വർമ്മയുടെ യൂട്യൂബ് ഷോയിൽ മകൾ ജെയ്മി ലിവറിനൊപ്പം പങ്കെടുത്തപ്പോഴാണ് തൻ്റെ തിരക്കേറിയ ദിനങ്ങളെക്കുറിച്ചും അമിതമായ വിജയം തൻ്റെ ആരോഗ്യത്തെയും ജീവിതശൈലിയെയും എങ്ങനെ ദോഷകരമായി ബാധിച്ചു എന്നും ജോണി ഓർത്തെടുത്തത്. താൻ വല്ലാതെ ക്ഷീണിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പകൽ സമയങ്ങളിൽ സിനിമകളിൽ അഭിനയിക്കുകയും രാത്രി ഷോകൾ അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു. അതിനുപുറമെ, അമിതമായി മദ്യപിക്കുമായിരുന്നു. അത് തന്നെ പൂർണ്ണമായും തളർത്തി. ശവാസനത്തിൽ എന്നപോലെ സ്റ്റേജിന് പിന്നിൽ ഇരിക്കുമായിരുന്നുവെന്നും ജോണി ലിവർ പറഞ്ഞു.

"മിതമായി മാത്രം മദ്യപിക്കാൻ ഞാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു. ഞാൻ എൻ്റെ എല്ലാ പരിധികളും ലംഘിച്ചിരുന്നു, അതൊരിക്കലും നല്ലതിനല്ല. ഞാനൊരു മുഴുക്കുടിയനായിരുന്നു. ചൗപ്പാട്ടി ബീച്ചിൽ പുലർച്ചെ നാലുമണിവരെയിരുന്ന് മദ്യപിക്കുമായിരുന്നു. പലതവണ പോലീസുകാർ വന്നിട്ടുണ്ട്. പക്ഷേ എന്നെ തിരിച്ചറിയുമ്പോൾ അവർ ചിരിച്ചുകൊണ്ട്, 'അരേ, ജോണി ഭായ്' എന്ന് പറഞ്ഞ്, സുരക്ഷിതമായി മദ്യപാനം തുടരാൻ അവരുടെ കാറിൽ എന്നെ ഇരുത്തുമായിരുന്നു.

വിജയം നിങ്ങളുടെ മനസ്സിനെ താളംതെറ്റിക്കും. ഒരു ഘട്ടത്തിൽ, എന്നെ കൂടാതെ ഒരു സിനിമ പോലും ഇറങ്ങിയിരുന്നില്ല. ഞാൻ അന്താരാഷ്ട്ര ഷോകൾ ചെയ്യുകയും നിരന്തരം യാത്ര ചെയ്യുകയുമായിരുന്നു. ഇതിനിടയിൽ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു. പക്ഷെ ഒടുവിൽ ഞാനൊരു തീരുമാനമെടുത്തു—മദ്യപാനം നിർത്തി. ഇപ്പോൾ 24 വർഷമായി, ഞാൻ മദ്യം തൊട്ടിട്ടില്ല." ജോണി പറഞ്ഞു.

താൻ എന്ത് അവസ്ഥയിലൂടെ കടന്നുപോയാലും തൊഴിൽപരമായ അച്ചടക്കം പാലിച്ചിരുന്നുവെന്നും ജോണി വ്യക്തമാക്കി: "എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരു കാര്യമുണ്ട്—ഞാൻ ഒരിക്കലും മദ്യലഹരിയിൽ പ്രകടനം നടത്തിയിട്ടില്ല. ഒരു ഷോയ്ക്ക് മുമ്പും ഞാൻ മദ്യപിച്ചിട്ടില്ല.” ജോണി ലിവർ കൂട്ടിച്ചേർത്തു.

'ഹൗസ്ഫുൾ 5' എന്ന സിനിമയിലാണ് ജോണി ലിവർ അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ അശ്ലീലതയുടെ പേരിൽ ഈ സിനിമ കടുത്ത വിമർശനം നേരിട്ടിരുന്നു.

Content Highlights: Veteran comedian Johnny Lever opens up astir his past struggles with alcohol, hectic schedule

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article