മുഹമ്മദ് അസ്ഹറുദ്ദീൻ ദുലീപ് ട്രോഫി ദക്ഷിണമേഖല ക്യാപ്റ്റൻ; മലയാളത്തിന് അഭിമാനം, കേരളത്തിൽനിന്ന് 5 പേർ

4 months ago 5

mohammed azharuddeen

മുഹമ്മദ് അസ്ഹറുദ്ദീൻ, കെസിഎൽ നടപ്പു സീസണിലെ പ്രകടനം

ന്യൂഡല്‍ഹി: ദുലീപ് ട്രോഫി ദക്ഷിണമേഖല ടീമിന്റെ ക്യാപ്റ്റനായി കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ തിരഞ്ഞടുത്തു. ഉത്തര മേഖലയ്‌ക്കെതിരെ നടക്കുന്ന സെമി ഫൈനലില്‍ അസ്ഹറാണ് ടീമിനെ നയിക്കുക. വൈസ് ക്യാപ്റ്റനായിരുന്ന അസ്ഹറിന് പകരമായി തമിഴ്‌നാടിന്റെ എന്‍. ജഗദീഷിനെ നിശ്ചയിച്ചു. സെപ്റ്റംബര്‍ നാലിന് ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് (സിഇഒ) ഗ്രൗണ്ടിലാണ് സെമി ഫൈനല്‍ മത്സരം. അസ്ഹറിന് പുറമേ, സല്‍മാന്‍ നിസാര്‍, എന്‍.പി. ബേസില്‍, എം.ഡി. നിധീഷ് എന്നിവരും ടീമിലുണ്ട്. സ്റ്റാന്‍ഡ് ബൈ താരമായി ഏദന്‍ ആപ്പിള്‍ ടോമിനെയും ഉള്‍പ്പെടുത്തി.

നേരത്തേ ക്യാപ്റ്റനായി നിയമിച്ചിരുന്ന തിലക് വര്‍മ, വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചതോടെയാണ് അസ്ഹറിന് ടീമിനെ നയിക്കാനുള്ള അവസരം കൈവന്നത്. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെ യുഎഇയില്‍ ഏഷ്യാ കപ്പ് നടക്കുന്നതിനാല്‍ തിലക് ദുലീപ് ട്രോഫിയില്‍ പങ്കെടുക്കില്ല. ചെന്നൈയില്‍ നടക്കുന്ന ബുച്ചി ബാബു ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്താകാന്‍ കാരണമായ കൈയിലെ പരിക്കില്‍നിന്ന് മോചിതനായി വരുന്ന ഇടംകൈയന്‍ സ്പിന്നര്‍ ആര്‍. സായ് കിഷോറും ദക്ഷിണമേഖല ടീമിലുണ്ടാകില്ല. പകരമായി പുതുച്ചേരിയുടെ ഇടംകൈയന്‍ സ്പിന്നര്‍ അങ്കിത് ശര്‍മയെയും ആന്ധ്രയുടെ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ ഷെയ്ക് റഷീദിനെയും ടീമിലുള്‍പ്പെടുത്തി.

ദക്ഷിണമേഖല സ്‌ക്വാഡ്: മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍), തന്മയ് അഗര്‍വാള്‍, ദേവ്ദത്ത് പടിക്കല്‍, മോഹിത് കാലെ, സല്‍മാന്‍ നിസാര്‍, നാരായണ്‍ ജഗദീശന്‍, ത്രിപുരാന വിജയ്, തനയ് ത്യാഗരാജന്‍, വിജയകുമാര്‍ വൈശാഖ്, നിധീഷ് എം.ഡി., റിക്കി ഭുയി, ബേസില്‍ എന്‍.പി., ഗുര്‍ജപ്നീത് സിങ്, സ്‌നേഹല്‍ കൗതങ്കര്‍, അങ്കിത് ശര്‍മ്മ, ഷെയ്ക് റഷീദ്. സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: മോഹിത് റെഡ്കര്‍, ആര്‍. സ്മരന്‍, ഏദന്‍ ആപ്പിള്‍ ടോം, ആന്ദ്രേ സിദ്ധാര്‍ഥ്.

വിക്കറ്റ് കീപ്പറായും വെടിക്കെട്ട് ബാറ്ററായും പേരെടുത്ത താരമാണ് അസ്ഹര്‍. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ ക്യാപ്റ്റനാണ്. നേതൃഗുണവും പരിചയസമ്പത്തുമാണ് അസ്ഹറിന്റെ പ്രത്യേകത. രഞ്ജി ട്രോഫിയില്‍ ഫൈനലിലെത്തി കേരളം ചരിത്രം തീര്‍ത്ത കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ ടോപ് സ്‌കോററായിരുന്നു അസ്ഹര്‍, കെസിഎലിലും കഴിഞ്ഞ സീസണില്‍ ആലപ്പിയുടെ ടോപ് സ്‌കോററായിരുന്നു. കാസര്‍കോട് തളങ്കര സ്വദേശിയായ അസ്ഹര്‍, ബി.കെ. മൊയ്തുവിന്റെയും നഫീസയുടെയും എട്ടുമക്കളില്‍ ഇളയവനാണ്.

Content Highlights: Azharuddeen to Lead South Zone successful Duleep Trophy Semifinal Against North Zone

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article