Published: May 23 , 2025 10:37 AM IST
1 minute Read
-
ഫൈനലിലെ 2 ഗോളുകൾക്കു വഴിയൊരുക്കിയ താരം
കൊല്ലം ∙ മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിൽ അംഗവുമായിരുന്ന തേവള്ളി പൈനംമൂട്ടിൽ ഹൗസിൽ എ.നജിമുദ്ദീൻ (73) അന്തരിച്ചു. കേരള ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്ന നജിമുദ്ദീൻ സന്തോഷ് ട്രോഫിയിലെ ബേബി എന്നാണ് അറിയപ്പെട്ടിരുന്നത്. കബറടക്കം ഇന്ന് രാവിലെ 9.30ന് ജോനകപ്പുറം വലിയ പള്ളിയിൽ.
1973ൽ റെയിൽവേസിനെ തോൽപിച്ച് (3–2) കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ വലതു വിങ്ങിൽ മുന്നേറ്റ നിരയിലെ താരമായിരുന്നു. നജിമുദ്ദീൻ നൽകിയ 2 പാസുകളാണ് കേരള ടീം ക്യാപ്റ്റൻ മണി ഗോളാക്കി മാറ്റിയത്. ഹാട്രിക് നേടിയ ക്യാപ്റ്റൻ മണിയുടെ മികവിൽ കേരളം സന്തോഷ് ട്രോഫി കിരീടവും സ്വന്തമാക്കി. 1972 മുതൽ 1981 വരെ കേരള ടീമിലെ സ്‌ഥിരം അംഗമായിരുന്ന നജിമുദ്ദീൻ ഇടക്കാലത്തു ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
1976ൽ ഇന്ത്യയ്ക്കു വേണ്ടി ബാങ്കോക്കിൽ കളിച്ചു. 1977ൽ ഇന്ത്യ സന്ദർശിച്ച റഷ്യൻ, ഹംഗറി ടീമുകൾക്കെതിരെ സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. 1973ൽ ടൈറ്റാനിയത്തിൽ ചേർന്ന നജിമുദ്ദീൻ 1992 വരെ 20 വർഷത്തോളം ടീമിൽ തുടർന്നു. പിന്നീട് ടീമിന്റെ മാനേജരും കോച്ചുമായി. 1975ൽ ഗ്യാലപ് പോളിലൂടെ സന്തോഷ് ട്രോഫിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
1978ൽ ജി.വി.രാജ പുരസ്കാരവും ലഭിച്ചു. 2009ൽ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ടിൽ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. അടുത്തകാലം വരെ കൊല്ലത്തു കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകിയിരുന്നു. ഭാര്യ: നസീം ബീഗം. മക്കൾ: സോഫിയ (ഗായിക, സൗദി), സുമയ്യ, സാദിയ. മരുമക്കൾ: സുനിൽ സെയ്ദ് (സൗദി), ഷിഹാബ് മുഹമ്മദലി, റഷീദ്.
English Summary:








English (US) ·