Published: April 24 , 2025 07:34 AM IST Updated: April 24, 2025 07:41 AM IST
1 minute Read
-
കേസിനാസ്പദം കർണാടക പ്രിമിയർ ലീഗിലെ ഒത്തുകളി
ന്യൂഡൽഹി ∙ ക്രിക്കറ്റിലെ ഒത്തുകളി ക്രിമിനൽ കുറ്റമാകുമോ എന്നതു വാദം കേട്ടു പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഒത്തുകളി വഞ്ചനക്കുറ്റമായി തോന്നാമെങ്കിലും പൊതുജനത്തിന് അത് അങ്ങനെയാകണമെന്നില്ലെന്ന കർണാടക ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണിത്.
ക്രിക്കറ്റ് താരങ്ങളുടെ ഒത്തുകളിക്കെതിരായ ക്രിമിനൽ കുറ്റം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് കർണാടക സർക്കാർ നൽകിയ ഹർജിയാണ് ജഡ്ജിമാരായ സൂര്യകാന്ത്, എൻ.കെ. സിങ് എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്നത്.
ഒത്തുകളിയിൽ കളിക്കാരന്റെ സത്യസന്ധതയില്ലായ്മയും അച്ചടക്കമില്ലായ്മയുമാണ് പ്രതിഫലിക്കുന്നതെന്നും അതിൽ ബിസിസിഐയ്ക്ക് അച്ചടക്ക നടപടിയെടുക്കാമെങ്കിലും ക്രിമിനൽ കുറ്റം ചാർത്താനാകില്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഹർജി ജൂലൈ 27നു പരിഗണിക്കാനായി മാറ്റി.
കർണാടക പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ 2019 ഫൈനലിൽ ഡെക്കാൻ ചാർജേഴ്സിനെതിരെ ഹൂബ്ലി ടൈഗേഴ്സ് ബാറ്റർമാരായ സി.എം. ഗൗതമും അബ്രാർ കാസിയും 20 ലക്ഷം രൂപ വീതം കോഴ വാങ്ങി മനഃപൂർവം ‘തുഴഞ്ഞു’ കളിച്ചുവെന്നാണ് കേസ്. ഇരുവർക്കുമെതിരെ കർണാടക പൊലീസ് ഐപിസി പ്രകാരം വഞ്ചനക്കുറ്റത്തിനു കേസെടുത്തു. കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ആവശ്യമെങ്കിൽ ബിസിസിഐക്ക് അച്ചടക്ക നടപടി സ്വീകരിക്കാവുന്ന കുറ്റമേ ഇതിലുള്ളൂവെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
ഐപിഎലിൽ ഉൾപ്പെടെ കളിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും. കർണാടക രഞ്ജി ടീമിന്റെ മുൻ നായകൻ കൂടിയായ ഗൗതം മുംബൈ ഇന്ത്യൻസ്, ഡൽഹി ഡെയർഡെവിൾസ്, ആർസിബി തുടങ്ങിയ ടീമുകളുടെ ഭാഗമായിരുന്നു ഗൗതം. ഐപിഎലിൽ 13 മത്സരങ്ങളിൽ കളിച്ചു. അബ്രാർ കാസി ആർസിബിക്കായി ഒരു മത്സരം കളിച്ചിട്ടുണ്ട്.
English Summary:








English (US) ·