മുൻ സിഎസ്കെ താരം, ആർസിബി മുൻ പരിശീലകൻ; മിഥുൻ മൻഹാസ് ഇനി ബിസിസിഐയുടെ തലപ്പത്ത്, നിയമനം അപ്രതീക്ഷിതം

3 months ago 4

mithun-manhas

മിഥുൻ മൻഹാസ് | X.com/@mufaddal_vohra

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും സമ്പന്നമായ കായികസംഘടനയായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പ്രസിഡന്റ്സ്ഥാനത്തേക്ക് മുൻ താരം മിഥുൻ മൻഹാസ്. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുൻ ഡൽഹി ടീം ക്യാപ്റ്റൻ എത്തുന്നത്. മൻഹാസും നിലവിലെ സെക്രട്ടറി ദേവജിത് സൈക്കിയയും നേതൃത്വം നൽകിയ പാനൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തരക്രിക്കറ്റിൽ മികച്ച താരമായിരുന്നെങ്കിലും ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം കിട്ടാതിരുന്ന താരമാണ് മൻഹാസ്.

ഈ മാസം 28-ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഔദ്യോഗികമായി ഫലപ്രഖ്യാപനം നടക്കും. ജയ്ഷായുടെ പിൻഗാമിയായെത്തിയ ദേവജിത് സൈക്കിയ സെക്രട്ടറിസ്ഥാനത്തും രാജീവ് ശുക്ല വൈസ് പ്രസിഡന്റ്സ്ഥാനത്തും തുടരും നിലവിലെ ട്രഷറർ പ്രഭ്‌തേജ് ഭാട്യ ജോയിന്റ് സെക്രട്ടറിയാകും. നിലവിൽ രോഹൻ ദേശായിയാണ് ജോയിന്റ് സെക്രട്ടറി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രഘുറാം ഭട്ട് പുതിയ ട്രഷററാകും.

ഐപിഎൽ ചെയർമാൻസ്ഥാനത്ത് അരുൺ ധൂമൽ തുടരും. സൗരാഷ്ട്ര ടീം മുൻ ക്യാപ്റ്റൻ ജയ്‌ദേവ് ഷ അപെക്‌സ് കൗൺസിൽ തലവനാകും.

പ്രായപരിധി പിന്നിട്ടതോടെ റോജർ ബിന്നി ബിസിസിഐ പ്രസിഡന്റ്സ്ഥാനമൊഴിഞ്ഞിരുന്നു. ഇതോടെയാണ് പുതിയ പ്രസിഡന്റിനെ കണ്ടത്തേണ്ടിവന്നത്. കഴിഞ്ഞദിവസം ഡൽഹിയിൽനടന്ന ബിസിസിഐ ഭാരവാഹികളുടെ യോഗത്തിനുശേഷമാണ് പ്രസിഡന്റ് അടക്കമുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരുടെ പാനൽ തയ്യാറാക്കിയത്. ഐസിസി ചെയർമാൻ ജയ് ഷാ, നിലവിലെ ഭാരവാഹികൾ, മുൻ സെക്രട്ടറി നിരഞ്ജൻ ഷാ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പത്രികസമർപ്പിക്കാനുള്ള അവസാനദിവസം ഞായറാഴ്ചയായിരുന്നു. പാനലിലുള്ളവർമാത്രമാണ് പത്രിക സമർപ്പിച്ചത്.

ഇനി ബിസിസിഐയുടെ ക്യാപ്റ്റൻ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി എന്നിവരടക്കം ഒട്ടേറെ പേരുകൾ പ്രസിഡന്റ്സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നെങ്കിലും മിഥുൻ മൻഹാസ് ഒരിക്കലും ചിത്രത്തിലുണ്ടായിരുന്നില്ല. എന്നാൽ, ഡൽഹിയിൽനടന്ന യോഗം മൻഹാസിന്റെ തലവരമാറ്റി.

ആഭ്യന്തരക്രിക്കറ്റിൽ കളിക്കാരനായി തിളങ്ങിയ മൻഹാസ് പരിശീലകറോളിലും ക്രിക്കറ്റ് ഭരണരംഗത്തും തിളങ്ങിയിട്ടുണ്ട്. ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ഭരണത്തിനായി നിയോഗിച്ച സബ് കമ്മിറ്റിയിൽ അംഗമായിരുന്നു 45-കാരൻ.

2007-08 സീസണിൽ ഡൽഹിയെ രഞ്ജി ക്രിക്കറ്റ് ജയത്തിലേക്ക് നയിച്ച ക്യാപ്റ്റനായ മൻഹാസ് 159 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 9714 റൺസ് നേടിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ 4126 റൺസ് നേടി. 91 ടി-20 മത്സരങ്ങളിൽനിന്ന് 1170 റൺസും സ്വന്തമാക്കി. എന്നാൽ, ഇന്ത്യൻ ടീമിലേക്ക് ഒരിക്കലും പ്രവേശനം ലഭിച്ചില്ല. സച്ചിൻ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവർ കളിച്ചിരുന്ന ബാറ്റിങ്നിരയിലേക്ക് മധ്യനിരബാറ്ററായ മൻഹാസിന് അവസരമുണ്ടായിരുന്നില്ല.

ജമ്മു-കശ്മീരിൽ ജനിച്ച മൻഹാസ് ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ഡെയർ ഡെവിൾസ്, പുണെ വാരിയേഴ്‌സ്, ചെന്നൈ സൂപ്പർ കിങ്‌സ് ടീമുകൾക്കായി കളിച്ചു.

കളിക്കളത്തിൽനിന്ന് വിരമിച്ചശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളുടെ പരിശീലകസംഘത്തിലുണ്ടായിരുന്നു. ബംഗ്ലാദേശ് അണ്ടർ-19 ടീമിന്റെ ബാറ്റിങ് കൺസൾട്ടന്റായും പ്രവർത്തിച്ചു.

Content Highlights: Mithun Manhas Set to Become Next BCCI President

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article