മുൻനിരയും മധ്യനിരയും ചേർന്ന് 7ന് 72 റൺസ്, വാലറ്റക്കാർ വക 3ന് 136; എന്നിട്ടും സെഡൻ പാർക്കിൽ പാക്കിസ്ഥാന് ‘സഡൻ ഡെത്ത്’ – വിഡിയോ

9 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: April 02 , 2025 11:38 AM IST

2 minute Read

പാക്കിസ്ഥാൻ താരം ബാബർ അസം പുറത്തായി മടങ്ങുമ്പോൾ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ന്യൂസീലൻഡ് താരങ്ങൾ (Photo by Michael Bradley / AFP)
പാക്കിസ്ഥാൻ താരം ബാബർ അസം പുറത്തായി മടങ്ങുമ്പോൾ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ന്യൂസീലൻഡ് താരങ്ങൾ (Photo by Michael Bradley / AFP)

ഹാമിൽട്ടൻ∙ ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ന്യൂസീലൻഡ് പര്യടനത്തിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ കഷ്ടകാലം തുടരുന്നു. ട്വന്റി20 പരമ്പരയിൽ 4–1ന്റെ കനത്ത തോൽവി വഴങ്ങി നാണംകെട്ട പാക്കിസ്ഥാൻ ടീം, തുടർച്ചയായ രണ്ടാം തോൽവിയോടെ ഏകദിന പരമ്പരയും കൈവിട്ടു. ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ ന്യൂസീലൻഡ് ഉയർത്തിയ 293 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ, 208 റൺസിന് എല്ലാവരും പുറത്തായി. പാക്കിസ്ഥാന്റെ തോൽവി 84 റൺസിന്. അർധസെഞ്ചറി നേടിയ മധ്യനിര ബാറ്റർ ഫഹീം അഷ്റഫാണ് അവരുടെ ടോപ് സ്കോറർ. 80 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 73 റൺസാണ് ഫഹീമിന്റെ സമ്പാദ്യം.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബെൻ സിയേഴ്സ്, മൂന്നു വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡുഫി എന്നിവർ ചേർന്നാണ് പാക്കിസ്ഥാനെ തകർത്തത്. ബെൻ സിയേഴ്സ് 9.2 ഓവറിൽ 59 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. ഡുഫി എട്ട് ഓവറിൽ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. നേഥൻ സ്മിത്ത്, വില്യം ഒറൂർക് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ഒരു ഘട്ടത്തിൽ ഏഴിന് 72 റൺസ് എന്ന നിലയിൽ തകർന്ന പാക്കിസ്ഥാന്, വാലറ്റക്കാരുടെ അവിശ്വസനീയ പ്രകടനമാണ് തോൽവിഭാരം കുറച്ചത്. മുൻനിരയും മധ്യനിരയും ചേർന്ന് 21.1 ഓവറിൽ 72 റൺസ് കൂട്ടിച്ചേർത്തപ്പോൾ, വാലറ്റത്തെ മൂന്നു വിക്കറ്റിലായി 20.1 ഓവറിൽ കൂട്ടിച്ചേർത്തത് 136 റൺസാണ്! എട്ടാം വിക്കറ്റിൽ ഫഹീം അഷ്റഫ് – അകിഫ് ജാവേദ് സഖ്യം 43 പന്തിൽ കൂട്ടിച്ചേർത്തത് 42 റൺസ്. ഒൻപതാം വിക്കറ്റിൽ ഫഹീം – നസീം ഷാ സഖ്യം 56 പന്തിൽ കൂട്ടിച്ചേർത്തത് 60 റൺസ്. അവസാന വിക്കറ്റിൽ നസീം ഷാ – സൂഫിയാൻ മുഖീം സഖ്യം 22 പന്തിൽ 34 റൺസും കൂട്ടിച്ചേർത്തതോടെയാണ് പാക്കിസ്ഥാൻ സ്കോർ 208ൽ എത്തിയത്.

ഏകദിനത്തിലെ കന്നി അർധസെഞ്ചറി കുറിച്ച നസിം ഷാ, 51 റൺസെടുത്ത് പത്താമനായി പുറത്തായി. 44 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതമാണ് നസിം ഷാ 51 റൺസെടുത്തത്. സൂഫിയൻ മുഖീം 10 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 13 റൺസുമായി പുറത്താകാതെ നിന്നു. അകിഫ് ജാവേദ് ഏഴു പന്തിൽ എട്ടു റൺസുമായി പുറത്തായി. തയ്യബ് താഹിർ 29 പന്തിൽ ഒരേയൊരു ഫോർ സഹിതം 13 റൺസെടുത്തു. സൂപ്പർതാരം ബാബർ അസം (മൂന്നു പന്തിൽ ഒന്ന്), ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ (27 പന്തിൽ അഞ്ച്), സൽമാൻ ആഗ (15 പന്തിൽ ഒൻപത്), ഓപ്പണർമാരായ അബ്ദുല്ല ഷഫീഖ് (11 പന്തിൽ ഒന്ന്), ഇമാം ഉൾ ഹഖ് (12 പന്തിൽ മൂന്ന്), മുഹമ്മദ് വസിം ജൂനിയര് (രണ്ടു പന്തിൽ ഒന്ന്) എന്നിവർ നിരശപ്പെടുത്തി. ഹാരിസ് റൗഫ് ഒൻപതു പന്തിൽ മൂന്നു റൺസുമായി റിട്ടയേർഡ് ഹർട്ടായി മടങ്ങി.

നേരത്തെ, ഓവർ തീർന്നതുകൊണ്ടു മാത്രം രാജ്യാന്തര ക്രിക്കറ്റിലെ കന്നി സെഞ്ചറിയുടെ തൊട്ടരികെ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്ന വിക്കറ്റ് കീപ്പർ ബാറ്റർ മിച്ചൽ ഹേയുടെ പ്രകടനമാണ് ന്യൂസീലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 78 പന്തിൽ ഏഴു വീതം സിക്സും ഫോറും സഹിതം 99 റൺസുമായി ഹേ പുറത്താകാതെ നിന്നു. പാക്ക് വംശജനായ മുഹമ്മദ് അബ്ബാസ് 66 പന്തിൽ മൂന്നു ഫോറുകളോടെ 41 റൺസെടുത്തു. ആറാം വിക്കറ്റിൽ അബ്ബാസ് – ഹേ സഖ്യം കൂട്ടിച്ചേർത്ത 77 റൺസ് കിവീസ് ഇന്നിങ്സിൽ നിർണായകമായി.

ഓപ്പണർമാരായ നിക്ക് കെല്ലി (23 പന്തിൽ 31), റൈസ് മാരിയു (25 പന്തിൽ 18), ഹെൻറി നിക്കോൾസ് (32 പന്തിൽ 22), ഡാരിൽ മിച്ചൽ (18 പന്തിൽ 18), ക്യാപ്റ്റൻ മിച്ചൽ ബ്രേസ്‌വെൽ (28 പന്തിൽ 17), നേഥൻ സ്മിത്ത് (16 പന്തിൽ എട്ട്), ബെൻ സിയേഴ്സ് 14 പന്തിൽ ആറ്) എന്നിവരുടെ സംഭാവനകളും ചേർന്നതോടെയാണ് ന്യൂസീലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 292 റൺസെടുത്തത്. പാക്കിസ്ഥാനായി മുഹമ്മദ് വസിം ജൂനിയർ, സൂഫിയൻ മുഖീം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഫഹീം അഷ്റഫ്, അകിഫ് ജാവേദ്, ഹാരിസ് റൗഫ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary:

Another Heavy Defeat for Pakistan successful New Zealand

Read Entire Article