ബുലവായോ (സിംബാബ്‌വെ): ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോഡ് മറികടക്കാൻ അവസരമുണ്ടായിട്ടും അത് വേണ്ടെന്നുവെച്ച ദക്ഷിണാഫ്രിക്കന്‍ താരം വിയാന്‍ മുള്‍ഡറുടെ തീരുമാനമാണ് ക്രിക്കറ്റ് ലോകത്തെ ചൂടുള്ള ചർച്ച. വിഷയത്തിൽ രണ്ടുതട്ടിലാണ് ക്രിക്കറ്റ് ലോകം. മുൾഡറെ വിമർശിക്കുന്നവരും പിന്തുണയ്ക്കുന്നവരുമുണ്ട്. മുൾഡറെ വിമർശിക്കുന്ന കൂട്ടത്തിലാണ് വിൻഡീസ് ഇതിഹാസം ക്രിസ് ഗെയിൽ. മുൾഡർ പരിഭ്രാന്തനായതിന് പിന്നാലെ മണ്ടത്തരം കാണിച്ചെന്നും ഒരു ടെസ്റ്റ് മത്സരത്തിൽ 400 റൺസ് നേടുന്നത് ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഒരവസരമാണെന്നും ഗെയ്ൽ ടോക്ക്സ്പോർട്സിനോട് പറഞ്ഞു.
'അത് പതിവായി സംഭവിക്കുന്ന ഒന്നല്ല. ഇനിയെപ്പോഴാണ് നിങ്ങൾക്ക് വീണ്ടുമൊരു ട്രിപ്പിൾ സെഞ്ചുറിക്ക് അടുത്തെത്താൻ സാധിക്കുകയെന്ന് അറിയില്ലല്ലോ. ഇതുപോലൊരു അവസരം ലഭിക്കുമ്പോഴെല്ലാം അത് പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. പക്ഷേ, അദ്ദേഹം വളരെ വലിയ മനസ്സ് കാണിച്ചു. ആ റെക്കോഡ് ബ്രയാൻ ലാറയോടൊപ്പം നിലനിൽക്കണമെന്ന് പറഞ്ഞു. ഒരുപക്ഷേ അദ്ദേഹം പരിഭ്രമിച്ചിട്ടുണ്ടാകാം. ആ സാഹചര്യത്തിൽ എന്തു ചെയ്യണമെന്നറിയാതെ നിന്നുപോയിരിക്കാം.'- ഗെയ്ൽ പറഞ്ഞു.
'നിങ്ങൾ 367-ൽ നിൽക്കുകയാണ്. സ്വാഭാവികമായും നിങ്ങൾ ആ റെക്കോഡിന് ശ്രമിക്കണം. എങ്ങനെയാണ് നിങ്ങൾ ഒരു ഇതിഹാസമാകാൻ പോകുന്നത്? റെക്കോഡുകളാണ് ഒരു ഇതിഹാസത്തെ വാർത്തെടുക്കുന്നതെന്നും ഗെയ്ൽ പറഞ്ഞു. അത് നേടാൻ ശ്രമിക്കാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള തെറ്റാണ്. അത് നേടുമോ ഇല്ലയോ എന്ന് നമുക്കറിയില്ല. പക്ഷേ, അദ്ദേഹം 367-ൽ ഡിക്ലയർ ചെയ്തു. അദ്ദേഹത്തിന് പറയാനുള്ളത് അദ്ദേഹം പറഞ്ഞു. പക്ഷേ ഒരു ടെസ്റ്റ് മത്സരത്തിൽ 400 റൺസ് നേടുന്നത് ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഒരവസരമാണ്. അത് കളഞ്ഞുകുളിച്ചു.'
'ചിലപ്പോൾ സിംബാബ്‌വെ പോലുള്ള ഒരു ടീമിനെതിരെ ഒരു റൺ പോലും നേടാൻ നിങ്ങൾക്ക് കഴിയില്ല. ഏത് ടീമിനെതിരെയും 100 റൺസ് നേടിയാൽ അത് ഒരു ടെസ്റ്റ് സെഞ്ചുറിയാണ്. ഇരട്ട സെഞ്ചുറിയോ ട്രിപ്പിളോ 400 റൺസോ നേടുകയാണെങ്കിൽ അതെല്ലാം ടെസ്റ്റ് ക്രിക്കറ്റിലാണ്. ഞാൻ നേരത്തേ പറഞ്ഞതുപോലെ അയാൾ പരിഭ്രമിച്ച് മണ്ടത്തരം കാണിച്ചു. എനിക്ക് 400 റൺസ് നേടാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഞാൻ 400 റൺസ് നേടുമായിരുന്നു.'- ഗെയ്ൽ കൂട്ടിച്ചേർത്തു.
ബ്രയാൻ ലാറയുടെ 400 റൺസെന്ന ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ മറികടക്കാൻ അവസരമുണ്ടായിട്ടും താത്‌കാലിക ക്യാപ്റ്റൻകൂടിയായ മുൾഡർ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 334 പന്തിൽ പുറത്താകാതെ 367 റൺസാണ് ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോൾ മുൾഡർ നേടിയിരുന്നത്. സിംബാബ്‌വേക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലായിരുന്നു തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി പ്രകടനം. ദക്ഷിണാഫ്രിക്ക ആറിന് 626 റൺസെന്നനിലയിലാണ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്.
ടെസ്റ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഉയര്‍ന്ന സ്‌കോറാണ് മുള്‍ഡറുടെ 367 റണ്‍സ്. ലാറയെ കൂടാതെ ശ്രീലങ്കയുടെ മഹേള ജയവര്‍ധനെ, മാത്യു ഹെയ്ഡന്‍ എന്നിവരാണ് മുള്‍ഡര്‍ക്കു മുന്നിലുള്ളത്. പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ട് സ്‌കോറുകള്‍ (400*, 375) ലാറയുടേതാണ്. 2004 ഏപ്രില്‍ 12-നായിരുന്നു ലാറ 400 റണ്‍സെന്ന മാന്ത്രിക സംഖ്യ തൊട്ടത്.
Content Highlights: Wiaan Mulder panicked and blundered says chris gayle








English (US) ·