Published: December 21, 2025 12:07 PM IST
1 minute Read
അഡ്‍ലെയ്ഡ്∙ ആഷസ് കിരീടം നിലനിർത്തി ഓസ്ട്രേലിയ. അഡ്‍ലെയ്ഡിൽ നടന്ന മൂന്നാം ടെസ്റ്റിൽ 82 റൺസ് വിജയമാണ് ആതിഥേയരായ ഓസീസ് നേടിയത്. രണ്ടാം ഇന്നിങ്സിൽ 435റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 352 റൺസിന് ഓൾഔട്ടായി. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയ 3–0ന് മുന്നിലെത്തി. ആദ്യ ഇന്നിങ്സിൽ സെഞ്ചറിയും (106), രണ്ടാം ഇന്നിങ്സിൽ അര്‍ധ സെഞ്ചറിയും (72) നേടിയ അലക്സ് ക്യാരിയാണു പ്ലേയർ ഓഫ് ദ് മാച്ച്. മത്സരത്തിലാകെ ആറു ക്യാച്ചുകളും വിക്കറ്റ് കീപ്പർ അലക്സ് ക്യാരി സ്വന്തമാക്കി.
നാലാംദിനത്തിൽ 207 റൺസെടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായിരുന്നു. നാലിന് 271 എന്ന സ്കോറിൽ ഇന്നലെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയയെ 349 റൺസിൽ ഓൾഔട്ടാക്കിയ ഇംഗ്ലണ്ട് ബോളർമാർ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ട്രാവിസ് ഹെഡും (170) അലക്സ് ക്യാരിയും (72) ചേർന്നുള്ള 162 റൺസ് കൂട്ടുകെട്ട് പൊളിച്ചതാണ് ഇംഗ്ലണ്ടിന് നിർണായകമായത്. 4 വിക്കറ്റ് നഷ്ടത്തിൽ 311 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയ അടുത്ത 38 റൺസിനിടെ 6 വിക്കറ്റ് നഷ്ടമായി ഓൾഔട്ടായി.
ബോളർമാരുടെ പോരാട്ട വീര്യത്തിൽനിന്ന് ആവേശമുൾക്കൊള്ളാൻ പക്ഷേ ഇംഗ്ലണ്ടിന്റെ ബാറ്റർമാർക്കായില്ല. രണ്ടാം ഓവറിൽ ബെൻ ഡക്കറ്റിനെയും (4) പിന്നാലെ ഒലീ പോപ്പിനെയും (17) പുറത്താക്കിയ കമിൻസാണ് ഇംഗ്ലിഷ് തകർച്ചയ്ക്ക് തുടക്കമിട്ടത്. സാക് ക്രൗലി (85), ജോ റൂട്ട് (39), ഹാരി ബ്രൂക്ക് (30) എന്നിവരുടെ ചെറുത്തുനിൽപുകൾ പ്രതീക്ഷ നൽകിയെങ്കിലും നേഥൻ ലയണിന് മുൻപിൽ ക്രൗലിയുടെയും ബ്രൂക്കിന്റെയും പ്രതിരോധം പിഴച്ചു. റൂട്ടിനെ കമിൻസും പുറത്താക്കി.
അഞ്ചാം ദിവസം മഴ കാരണം കളി വൈകിയാണു തുടങ്ങിയത്. ജെയ്മി സ്മിത്ത് അർധ സെഞ്ചറി നേടിയെങ്കിലും ഓസ്ട്രേലിയ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് എത്താൻ ഇംഗ്ലണ്ടിനു സാധിച്ചില്ല. 83 പന്തുകൾ നേരിട്ട സ്മിത്ത് 60 റൺസടിച്ചു പുറത്തായി. വിൽ ജാക്സ് (47), ബ്രൈഡൻ കാഴ്സ് (39) എന്നിവരും മധ്യനിരയിൽ തിളങ്ങി. വാലറ്റത്ത് വലിയ കൂട്ടുകെട്ടുകൾ ഉണ്ടാകാതെ പോയതോടെ 102.5 ഓവറുകളിൽ 352 റൺസിന് ഇംഗ്ലണ്ട് ഓൾഔട്ടായി.
രണ്ടാം ഇന്നിങ്സിൽ ഓസീസിനായി പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്ക്, നേഥൻ ലയൺ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 85 റൺസിന്റെ ലീഡ് നേടിയിരുന്നു.
English Summary:








English (US) ·