Published: July 05 , 2025 02:27 PM IST
1 minute Read
ബർമിങ്ങാം∙ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റ് വീഴ്ത്തി ആദ്യ ഇന്നിങ്സിൽ തിളങ്ങിയെങ്കിലും അടുത്ത മത്സരത്തിൽ അവസരമുണ്ടാകുമെന്ന് ഒരു ഉറപ്പുമില്ലെന്ന് ഇന്ത്യൻ പേസർ ആകാശ്ദീപ്. ബർമിങ്ങാമിൽ ഇംഗ്ലണ്ടിനെതിരെ മുഹമ്മദ് സിറാജിനൊപ്പം ചേർന്ന് തകർപ്പൻ ബോളിങ് പ്രകടനമാണ് ആകാശ് ദീപ് പുറത്തെടുത്തത്. 20 ഓവറിൽ 88 റൺസ് വഴങ്ങിയാണ് ആകാശ്ദീപ് നാലു വിക്കറ്റുകൾ വീഴ്ത്തിയത്.
ഓപ്പണർ ബെൻ ഡക്കറ്റ്, ഒലി പോപ്പ് എന്നിവരെ പൂജ്യത്തിനു പുറത്താക്കിയ ആകാശ് ദീപ് ഇംഗ്ലണ്ട് മുൻനിരയെ തകർത്തെറിഞ്ഞു. സെഞ്ചറി നേടിയ ഹാരി ബ്രൂക്കിന്റെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ തിരിച്ചുവരവിനു വഴിയൊരുക്കിയതും ആകാശ്ദീപായിരുന്നു. ആദ്യ ടെസ്റ്റിൽ ആകാശ് ദീപിന് പ്ലേയിങ് ഇലവനിൽ അവസരമുണ്ടായിരുന്നില്ല. സൂപ്പർ താരം ജസ്പ്രീത് ബുമ്ര രണ്ടാം ടെസ്റ്റിൽ വിശ്രമിക്കാൻ തീരുമാനിച്ചതോടെയാണ് ആകാശ് ദീപ് പ്ലേയിങ് ഇലവനിലെത്തിയത്. ലോർഡ്സ് ടെസ്റ്റിൽ ബുമ്ര തിരിച്ചുവരുമ്പോൾ ആകാശ് ദീപ് പ്ലേയിങ് ഇലവനിൽനിന്നു പുറത്താകാനാണു സാധ്യത.
‘‘ഈ ടെസ്റ്റിൽ നമുക്ക് ഇനി രണ്ടു ദിവസം മാത്രമാണു ബാക്കിയുള്ളത്. ഈ മത്സരം വിജയിക്കേണ്ടത് ഇന്ത്യയ്ക്ക് വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ ഞാന്‍ മൂന്നാം മത്സരത്തെപ്പറ്റി ചിന്തിക്കുന്നു പോലുമില്ല. ഈ രണ്ടു ദിവസം മികച്ച രീതിയിൽ കളിക്കുകയെന്നതാണു ലക്ഷ്യം. അതുകഴിഞ്ഞ് ഞാൻ മൂന്നാം ടെസ്റ്റിന്റെ കാര്യം പരിഗണിക്കാം. ഞാൻ കളിക്കണോ വേണ്ടയോ എന്നു ടീമാണു തീരുമാനിക്കുന്നത്. മൂന്നാം മത്സരം കളിക്കുമോയെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. മത്സരത്തിന് ഒരു ദിവസം മുൻപാണ് താരങ്ങളെ അക്കാര്യം അറിയിക്കുക.’’– ആകാശ്ദീപ് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
English Summary:








English (US) ·