Published: October 04, 2025 10:35 AM IST
2 minute Read
അഹമ്മദാബാദ്∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടം. 23 പന്തിൽ എട്ട് റൺസടിച്ച് ടാഗ്‍നരെയ്ന്‍ ചന്ദർപോളാണ് പുറത്തായത്. മുഹമ്മദ് സിറാജിന്റെ പന്തിൽ നിതീഷ് കുമാർ റെഡ്ഡി ക്യാച്ചെടുത്താണ് വിൻഡീസ് ഓപ്പണറെ മടക്കിയത്. പത്തോവറുകൾ പിന്നിടുമ്പോൾ 22 റൺസെന്ന നിലയിലാണ് വിൻഡീസ്. ഓപ്പണർ ജോൺ കാംബെലും (30 പന്തിൽ 13), അലിക് അതാനിസ് (അഞ്ച് പന്തിൽ രണ്ട്) എന്നിവരാണു ക്രീസിൽ.
കെ.എൽ. രാഹുൽ (100), ധ്രുവ് ജുറേൽ (125), രവീന്ദ്ര ജഡേജ (104 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറിക്കരുത്തിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ 5ന് 448 എന്ന നിലയിലായിരുന്നു ടീം ഇന്ത്യ. മൂന്നാം ദിവസം തുടക്കത്തിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ, വിൻഡീസിനെ രണ്ടാം ഇന്നിങ്സിനു വിട്ടു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 286 റൺസ് ലീഡും സ്വന്തമാക്കി. രണ്ടാം ദിനത്തിന്റെ ആദ്യ ഓവർ എറിഞ്ഞ ജെയ്ഡൻ സീൽസ് രണ്ടു തവണയാണ് രാഹുലിന്റെ ബാറ്റിന്റെ എഡ്ജ് എടുത്തത്. എന്നാൽ രണ്ടു തവണയും ഭാഗ്യം ഇന്ത്യൻ ഓപ്പണർക്കൊപ്പം നിന്നു. പിന്നാലെ ക്രീസിൽ നിലയുറപ്പിച്ച രാഹുൽ, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും (50) കൂട്ടുപിടിച്ച് ഇന്ത്യൻ ഇന്നിങ്സിന്റെ വേരിറക്കി. പതിവു ക്ലാസിക് ശൈലിയിൽ രാഹുൽ അനായാസം റൺ കണ്ടെത്തിയപ്പോൾ അൽപം കൂടി ആക്രമിച്ചു കളിച്ചാണ് ഗിൽ സ്കോർ ബോർഡ് ചലിപ്പിച്ചത്. ഇതിനിടെ റോസ്ടൻ ചേസിനെ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച ഗിൽ സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്തായയെങ്കിലും രാഹുൽ സ്കോറിങ് വേഗം കുറയാതെ നോക്കി.
ആദ്യ സെഷൻ അവസാനിക്കുന്നതിനു മുൻപ് സെഞ്ചറി തികച്ച രാഹുൽ ലഞ്ചിനു പിരിയുമ്പോൾ ഇന്ത്യൻ സ്കോർ 3ന് 218 എന്ന നിലയിൽ എത്തിച്ചു. 2016നു ശേഷം ഇതാദ്യമായാണ് രാഹുൽ ഇന്ത്യയിൽ ടെസ്റ്റ് സെഞ്ചറി നേടുന്നത്. ലഞ്ചിനു തൊട്ടുപിന്നാലെ രാഹുലിനെ വീഴ്ത്തിയ ജോമൽ വാരികാൻ വിൻഡീസിന് നേരിയ ആശ്വാസം നൽകിയെങ്കിലും ഇന്നിങ്സിന്റെ നിയന്ത്രണം ഏറ്റെടുത്ത ധ്രുവ് ജുറേൽ മത്സരത്തിൽ ഇന്ത്യയുടെ ആധിപത്യം കൈവിടാതെ നോക്കി. സ്പിന്നർമാരെയും പേസർമാരെയും ഒരേ മികവോടെ നേരിട്ട ഇരുപത്തിനാലുകാരൻ വിക്കറ്റ് കീപ്പർ ബാറ്റർ തന്റെ കന്നി ടെസ്റ്റ് സെഞ്ചറിയുമായി കളംനിറഞ്ഞതോടെ വിൻഡീസ് ചിത്രത്തിലേ ഇല്ലാതായി. സെഞ്ചറി തികച്ചതിനു പിന്നാലെ റൺ നിരക്ക് ഉയർത്താൻ ശ്രമിച്ച ജുറേലിനെ റോസ്ടൻ ചേസാണ് പുറത്താക്കിയത്.
കളിക്കുന്നത് ഇന്ത്യയിലായാലും വിദേശത്തായാലും മധ്യനിരയിൽ ടീമിന്റെ നിയന്ത്രണം തന്റെ കയ്യിൽ ഭദ്രമാണെന്ന് രവീന്ദ്ര ജഡേജ ഒരിക്കൽ കൂടി തെളിയിച്ചു. സ്പിന്നർമാരെ ക്രീസ് വിട്ടിറങ്ങി ആക്രമിച്ചു കളിച്ചും പേസർമാർക്കെതിരെ ഗ്രൗണ്ട് ഷോട്ടുകളിലൂടെ റൺ കണ്ടെത്തിയതും ജഡേജ ഇന്ത്യൻ ഇന്നിങ്സ് അനായാസം മുന്നോട്ടുനീക്കി. 5 സിക്സിന്റെയും 6 ഫോറിന്റെയും ബലത്തിൽ സെഞ്ചറി തികച്ച ജഡേജയുടെ മികവിൽ മൂന്നാം സെഷനിൽ 32 ഓവറിൽ 122 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ടെസ്റ്റിൽ ജഡേജയുടെ ആറാം സെഞ്ചറിയാണിത്.
ഈ വർഷം ഇതു മൂന്നാം തവണയാണ് ഒരു ടെസ്റ്റ് ഇന്നിങ്സിൽ 3 ഇന്ത്യൻ ബാറ്റർമാർ സെഞ്ചറി നേടുന്നത്. ഇംഗ്ലിഷ് പര്യടനത്തിൽ ലീഡ്സ് ടെസ്റ്റിൽ യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ എന്നിവർ സെഞ്ചറി നേടിയപ്പോൾ മാഞ്ചസ്റ്റർ ടെസ്റ്റിൽ ഗിൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവർ മൂന്നക്കം കടന്നിരുന്നു. ഇന്നലെ അഹമ്മദാബാദ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ രാഹുൽ, ജുറേൽ, ജഡേജ എന്നിവരിലൂടെ നേട്ടം ആവർത്തിച്ചു. ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 162 റൺസെടുത്തു പുറത്തായിരുന്നു.
English Summary:








English (US) ·