മൂന്നാം ദിനം തീർന്നുകിട്ടാൻ സമയം കളഞ്ഞ് ക്രൗളി; അശ്ലീലവർഷവുമായി ഗിൽ, ഫിസിയോയെ വിളിച്ചതോടെ കയ്യടിച്ച് പരിഹാസം– വിഡിയോ

6 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 13 , 2025 09:43 AM IST

2 minute Read

 Screen Grab from Sony Live)
സമയം പാഴാക്കാൻ ശ്രമിച്ച സാക് ക്രൗളിയോട് കുപിതനായി പ്രതികരിക്കുന്ന ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ (Photo: Screen Grab from Sony Live)

ലണ്ടൻ∙ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഏതാനും മിനിറ്റുകൾ മാത്രം ബാറ്റു ചെയ്യാനിറങ്ങേണ്ടി വന്നതോടെ, സമയം കളയുന്നതിനായി ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രൗളിയുടെ ‘നാടകം’. ബോളർ പന്തെറിയാനെത്തുമ്പോൾ സ്റ്റംപിനു മുന്നിൽനിന്ന് മാറിനിന്നും, ഓരോ പന്തും നേരിടാൻ പതിവിലും ‘ഒരുക്കം’ നടത്തിയും ക്രൗളി സമയം കളയാൻ ശ്രമിച്ചതോടെ, ഇന്ത്യൻ താരങ്ങൾ പ്രകോപിതരായി. അനിഷ്ടം പരസ്യമാക്കിയ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ, ക്രൗളിക്കെതിരെ അശ്ലീലവർഷം നടത്തിയാണ് കലിപ്പ് തീർത്തത്. ഇതിനിടെ ബുമ്രയുടെ പന്ത് കയ്യിൽ കൊണ്ടതിന്റെ പേരിൽ ക്രൗളി ഫിസിയോയെ വിളിക്കുക കൂടി ചെയ്തതോടെ, ഇന്ത്യൻ താരങ്ങൾ ചുറ്റുംനിന്ന് കയ്യടിച്ച് പരിഹസിക്കുകയും ചെയ്തു.

നേരത്തെ, ഇംഗ്ലണ്ടിലെ നാലാം ടെസ്റ്റ് സെഞ്ചറിയും ലോ‍ഡ്സിലെ രണ്ടാം സെഞ്ചറിയും കുറിച്ച രാഹുലിന്റെ (100) പോരാട്ട മികവിൽ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയത് 387 റൺസ്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടും 387 റൺസിന് പുറത്തായിരുന്നു. ഇന്ത്യൻ ഇന്നിങ്സ് പ്രതീക്ഷിച്ചതിലും വേഗം അവസാനിച്ചതോടെയാണ് മൂന്നാം ദിനം അവസാന സെഷനിൽ ഏതാനും മിനിറ്റുകൾ ബാറ്റു ചെയ്യാൻ ഇംഗ്ലണ്ട് നിർബന്ധിതരായത്. ഏതാനും ഓവറുകൾ മാത്രമേ കളി നടക്കൂ എന്നിരിക്കെ, ഏതു വിധേനയും വിക്കറ്റ് കളയാതെ പിടിച്ചുനിന്ന് ഇന്ത്യയ്ക്ക് മേൽക്കൈ ലഭിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇംഗ്ലിഷ് ഓപ്പണർമാരുടെ ശ്രമം. ഇതിന്റെ ഭാഗമായിരുന്നു സാക് ക്രൗളിയുടെ സമയംകൊല്ലി പരിപാടികൾ.

രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്കായി ബോളിങ് ഓപ്പൺ ചെയ്തത് ജസ്പ്രീത് ബുമ്രയാണ്. ബുമ്രയുടെ ഓവറിലെ ആദ്യ പന്തു മുതൽ സമയം കളയാനുള്ള ക്രൗളിയുടെ വ്യഗ്രത വ്യക്തമായിരുന്നു. ബാറ്റിങ്ങിനു തയാറായി നിൽക്കുമെങ്കിലും, ബുമ്ര റണ്ണപ്പ് എടുത്ത് പന്തെറിയാൻ തുടങ്ങുമ്പോൾ ക്രീസിൽ നിന്ന് മാറിനിൽക്കുന്നത് ഉൾപ്പെടെയുള്ള ‘നമ്പറു’കളാണ് ക്രൗളി പയറ്റിയത്.

സമയം കളയാനുള്ള ശ്രമം ക്രൗളി ആവർത്തിച്ചതോടെ സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഗിൽ താരത്തിനെതിരെ അശ്ലീലവർഷം നടത്തി. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. ഇതിലൊന്നും കുലുങ്ങാതെ ക്രൗളി സമയം കളയാൻ ശ്രമിച്ചതോടെ ഒരുവേള ഗിൽ കൈചൂണ്ടി താരത്തിന് സമീപമെത്തുകയും ചെയ്തു. തിരികെ കൈവിരൽ ചൂണ്ടി സംസാരിച്ചാണ് ക്രൗളി തിരിച്ചടിച്ചത്. ഇതിനിടെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ബെൻ ഡക്കറ്റും പ്രശ്നത്തിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ബുമ്രയുടെ അഞ്ചാം പന്ത് ക്രൗളിയുടെ കയ്യിലിടിച്ചതും താരം ഫിസിയോയുടെ സഹായം തേടിയതും. ഇതോടെ ഇന്ത്യൻ താരങ്ങൾ ഗില്ലിന്റെ നേതൃത്വത്തിൽ ചുറ്റിലും നിന്ന് കയ്യടിച്ച് പരിഹസിച്ച് കലിപ്പ് തീർത്തു.

ക്രൗളിയുടെ സമയംകൊല്ലി പരിപാടികൾ വിജയിച്ചതോടെ, മൂന്നാം ദിനം ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത് ഒരേയൊരു ഓവർ മാത്രമാണ്. ഒരു ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ രണ്ടു റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ഇന്ന് ബാറ്റിങ് പുനരാരംഭിക്കും. 

നേരത്തെ, രാഹുലിന്റെ സെഞ്ചറിക്കൊപ്പം കൈവിരലിലെ പരുക്കിനെ വകവയ്ക്കാതെ പൊരുതിയ ഋഷഭ് പന്തും (74)  വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതിയ രവീന്ദ്ര ജഡേജയുമാണ് (72) ഇന്ത്യയെ ഇംഗ്ലണ്ട് സ്കോറിനൊപ്പം എത്തിച്ചത്. വെറും 11 പന്തുകൾക്കിടെ 2 നിർണായക വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ 5ന് 254 എന്ന സ്കോറിലേക്ക് വീണെങ്കിലും രവീന്ദ്ര ജഡേജയുടെ പരിചയ സമ്പത്ത് ഇന്ത്യയെ കരകയറ്റി. നിതീഷ് റെഡ്ഡിക്കൊപ്പം (30) 72 റൺസിന്റെയും വാഷിങ്ടൻ സുന്ദറിനൊപ്പം 50 റൺസിന്റെയും കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ ജഡേജയ്ക്കു കഴിഞ്ഞു. ഒടുവിൽ 114–ാം ഓവറിൽ ജഡേജയെ ക്രിസ് വോക്സ് പുറത്താക്കിയതോടെ ഇന്ത്യയുടെ ചെറുപ്പുനിൽപും ഏറക്കുറെ അവസാനിച്ചു.

English Summary:

Zak Crawley's Time-Wasting Tactics Infuriate India successful Lord's Test

Read Entire Article