മൂന്നാം നമ്പറില്‍ തലവേദന ഒഴിയാതെ ഇന്ത്യ; അരങ്ങേറ്റം കാത്ത് അഭിമന്യു

5 months ago 6

എതിരാളികളുടെ ചക്രവ്യൂഹം ഒറ്റയ്ക്ക് ഭേദിച്ചത് മഹാഭാരതത്തിലെ അഭിമന്യുവാണ്. എന്നാല്‍, ആയോധനവിദ്യയുടെ ബലവും ആവനാഴിയില്‍ അസ്ത്രങ്ങളും ഉണ്ടായിട്ടും പടയ്ക്കുപുറത്ത് നില്‍ക്കാനാണ് ആധുനിക അഭിമന്യുവിന്റെ യോഗം. പറഞ്ഞുവരുന്നത് അഭിമന്യു ഈശ്വരനെക്കുറിച്ചാണ്. ബംഗാളില്‍നിന്നുള്ള ഇന്ത്യന്‍ താരം.

കഴിഞ്ഞ നാലുവര്‍ഷമായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ട് അഭിമന്യു. പക്ഷേ, ഇതുവരെ അരങ്ങേറ്റംകുറിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിലും അഭിമന്യു അവസരത്തിനായി കാത്തിരിപ്പുണ്ട്.

പതിനാറ് അരങ്ങേറ്റം

കഴിഞ്ഞ അഞ്ചുവര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ മികവുതെളിയിക്കുന്ന താരമാണ് അഭിമന്യു. ബംഗാളിനായും ഇന്ത്യന്‍ എ ടീമിനുമായുമെല്ലാം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചു. ഇക്കാലയളവില്‍ ശരാശരി അന്‍പതിനുമുകളില്‍. അതിന്റെയെല്ലാം പ്രതിഫലമാണ് ഇടയ്ക്കിടെ കിട്ടുന്ന ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനം. 2021-ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ടീമിലേക്കായിരുന്നു ആദ്യത്തെ ക്ഷണം. അന്ന് സ്റ്റാന്‍ഡ് ബൈ താരങ്ങളില്‍ ഒരാളായിട്ട്. അടുത്തവര്‍ഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലെത്തി. പിന്നീട് ബോര്‍ഡര്‍ ഗാവസകര്‍ പരമ്പരയിലടക്കം ടീമിലുണ്ടായി. പക്ഷേ, അരങ്ങേറ്റംമാത്രം നടന്നില്ല.

അഭിമന്യു ആദ്യമായി ടീമിന്റെ ഭാഗമായതിനുശേഷം 16 താരങ്ങള്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. അതില്‍ പത്തുപേര്‍ ബാറ്റര്‍മാരാണ്. അഞ്ചുപേര്‍ ബൗളര്‍മാരും. ഓള്‍റൗണ്ടറായി നിധീഷ്‌കുമാര്‍ റെഡ്ഡിയും. ഈ പത്തുപേരില്‍ യശസ്വി ജയ്‌സ്വാള്‍ എന്ന ഓപ്പണറുമുണ്ട്.

മൂന്നാംനമ്പറില്‍ വരട്ടെ

അഭിമന്യു ടീമിലുള്ളപ്പോള്‍ മൂന്നാംനമ്പറെത്തേടി ഇന്ത്യന്‍ ടീം അലയേണ്ട ആവശ്യമില്ല. ഓപ്പണിങ്ങാണ് അഭിമന്യുവിന്റെ റോള്‍. പക്ഷേ, അടിച്ചുപൊളി കളിക്കാരനല്ല അദ്ദേഹം. വേണമെങ്കില്‍ ഓള്‍ഡ് സ്‌കൂള്‍ ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിക്കാം. ക്രീസില്‍ കൂടുതല്‍സമയം ചെലവഴിച്ച് സ്‌കോര്‍ ചെയ്യുന്നതാണ് അഭിമന്യുവിന് ഇഷ്ടം. പുതിയ പന്ത് ധൈര്യത്തോടെ നേരിടുന്ന അദ്ദേഹത്തിന് മൂന്നാംനമ്പറിലും തിളങ്ങാനാവുമെന്നുറപ്പാണ്. മാത്രമല്ല, ചേതേശ്വര്‍ പുജാരയെപ്പോലെ ഇന്നിങ്‌സ് ആങ്കര്‍ചെയ്ത് കളിക്കാനും സാധിക്കും.

സ്വന്തമായി സ്റ്റേഡിയം

ജന്മനാട്ടില്‍ സ്വന്തം പേരില്‍ സ്റ്റേഡിയമുള്ളയാളാണ് അഭിമന്യു. ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണാണ് നാടെങ്കിലും ബംഗാളിനുവേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത്. ക്രിക്കറ്റ് പ്രേമിയായ അച്ഛന്‍ ആര്‍.പി. ഈശ്വറിന്റെ നിര്‍ബന്ധത്തില്‍ ഒന്‍പതാം വയസ്സില്‍ കൊല്‍ക്കത്തയിലേക്ക് മാറി.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഈശ്വര്‍ 2005-ല്‍ ദെഹ്‌റാദൂണില്‍ സ്വന്തമായി ഭൂമിവാങ്ങി. അവിടെ അടുത്തവര്‍ഷം സ്റ്റേഡിയത്തിന്റെ പണിയും തുടങ്ങി. പൂര്‍ത്തിയായതോടെ സ്റ്റേഡിയത്തിന് നല്‍കിയ പേര് ഇങ്ങനെയായിരുന്നു -'അഭിമന്യു ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയം'. നാട്ടിലെത്തുമ്പോള്‍ അഭിമന്യുവും അവിടെ പ്രാക്ടീസ് ചെയ്തു. ദേശീയതലത്തിലുള്ള ഒട്ടേറെ ജൂനിയര്‍ മത്സരങ്ങള്‍ക്ക് വേദിയായെങ്കിലും 2023 ജനുവരി മൂന്നിനായിരുന്നു ആ ഗ്രൗണ്ടില്‍ ആദ്യത്തെ രഞ്ജി മത്സരം. ഉത്തരാഖണ്ഡും ബംഗാളും തമ്മില്‍. ആ മത്സരത്തില്‍ ബംഗാളിനായി ഓപ്പണ്‍ചെയ്തത് അഭിമന്യുവായിരുന്നു.

Content Highlights: Abhimanyu Eshwaran awaits his India debut contempt beardown home performances

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article